Pages

Saturday, June 2, 2012

അമൃതവര്‍ഷിണി


                     അമൃതവര്‍ഷിണി

അമൃതവര്‍ഷിണി ഒരു രാഗമാണ്. കാര്‍മേഘങ്ങളെ കരയിക്കാന്‍ കഴിവുള്ള രാഗം. അമൃതവര്‍ഷിണിയെന്ന സംഘടന കേരളത്തിലെ നാല്പതോളം കുട്ടികളുടെ ജീവിതത്തിലിന്ന് കാരുണ്യത്തിന്റെയും സന്തോഷത്തിന്റെയും ഇളംമഴയായാണ് പെയ്യുന്നത്. നിസ്സഹായതയില്‍ നിന്ന് സര്‍ഗാത്മകമായ ഉയിര്‍ത്തെഴുന്നേല്പിലേക്ക് അവരെ കൈപിടിച്ചു നടത്തുകയാണിവിടെ മനസ്സില്‍വറ്റാത്ത നന്മയുള്ള ഒരു കൂട്ടം മനുഷ്യര്‍ .ഹോമിയോ ഡോക്ടറായ ഹരി വയനാട്ടുകാരനായ ബിനുവെന്ന കുട്ടിയെ കാണുമ്പോള്‍ അവന്‍ മുട്ടിലിഴഞ്ഞു നടക്കുകയായിരുന്നു. ബ്രിട്ടില്‍ ബോണ്‍ ഡിസീസെന്ന(Brittlebone Disease) വിളിപ്പേരുള്ള അപൂര്‍വരോഗം. ഒന്നുറക്കെ ചിരിച്ചാലോ തുമ്മിയാലോ എല്ലു പൊടിയുന്ന അസുഖമായിരുന്നു അവന്. അസുഖത്തിന്റെ കാഠിന്യം തന്റെ മനസ്സിനെ ബാധിക്കാന്‍ അനുവദിക്കാതെ കവിതയെഴുത്തുമായി രോഗത്തോട് പൊരുതുകയായിരുന്നു ബിനു. ഡോക്ടര്‍ ഹരിയില്‍ നിന്നാണ് തിരുവനന്തപുരത്തുകാരിയായ ലതാ നായര്‍ ബിനുവിനെപ്പറ്റി കേള്‍ക്കുന്നത്. മത്സ്യഫെഡ് ഉദ്യോഗസ്ഥയാണവര്‍. പറക്കാന്‍ ചിറകുകള്‍ കൊതിച്ച ആ കുട്ടിയെ ഒരുപാട് തവണ ഫോണില്‍ വിളിച്ചു ലത. വയനാട്ടില്‍ പോയി അവനെ കണ്ടു. ബിനുവിന്റെ ചേച്ചിയമ്മയായി. പ്രത്യേകതരം അസുഖമുള്ള ആ കുട്ടിയെ പ്പറ്റി സുഹൃത്തുക്കളോട് പറഞ്ഞു. വേര്‍ഡ് പ്രസ്സില്‍ ബിനുവിനെപ്പറ്റി ഒരു ബ്ലോഗ് തുടങ്ങി. അവന്റെ കവിതകള്‍ പോസ്റ്റ് ചെയ്തു.

ബിനുവിനെക്കുറിച്ചുള്ള ബ്ലോഗ് വായിച്ച് ബാംഗ്ലൂരില്‍ നിന്ന് ഒരു മലയാളി പെണ്‍കുട്ടി വിളിച്ചുധന്യ. അവള്‍ ബിനുവിനെ ഏറെ സഹായിച്ചു. ആ മിടുക്കിക്കും ഇതേ അസുഖമായിരുന്നു. ഏറെ ആത്മവിശ്വാസത്തോടെ അവള്‍ ജീവിക്കുന്നു. മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് കണ്ടപ്പോള്‍ ലതയ്ക്കും വെറുതെ ഇരിക്കാനായില്ല. ഈ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമെടുത്തു. ഇത്തരം അസുഖമുള്ളവരെ സഹായിക്കാന്‍ ഒരു സംഘടന തുടങ്ങാന്‍ ആലോചിച്ചു. സുഹൃത്തിന്റെ മകനായ അഭിലാഷിനെയും സുഹൃത്ത് അനീഷിനെയും വിളിച്ചു. ഈ കുട്ടികളുടെ അവസ്ഥയെപ്പറ്റി പറഞ്ഞു.ഡോക്ടര്‍ ഹരിയില്‍ നിന്ന് ബിനുവിനെക്കുറിച്ച് അവരും കേട്ടിരുന്നു. അവര്‍ റെഡിയായിരുന്നു. ധന്യയോട് പറഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷം. അങ്ങനെ പത്ത് വര്‍ഷം മുമ്പ് അമൃതവര്‍ഷിണി ജനിച്ചു. ഗ്രാഫിക്‌സ് ഡിസൈനറും സംഘടനയുടെ നട്ടെല്ലുമായ അഭിലാഷാണ് 'അമൃത വര്‍ഷിണി' എന്ന പേരിട്ടത്. പിന്നീട് ഒരു വെബ്‌സൈറ്റ് തുടങ്ങി. http://www.amrithavarshini.org/ എന്ന വെബ് സൈറ്റ് ബ്രിട്ടില്‍ ബോണ്‍ ഡിസീസ് (Brittle bone disease) ബാധിച്ചവര്‍ക്കു വേണ്ടിയാണ്. ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്ട (Osteogenesis Imperfecta) എന്ന ഈ അസുഖം ജനിതക വൈകല്യങ്ങള്‍മൂലം ഉണ്ടാകുന്നതാണ്. 20,000ത്തില്‍ ഒരാള്‍ക്കുമാത്രമാവും ഇങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ കാഠിന്യം പലരിലും ഏറിയും കുറഞ്ഞുമിരിക്കും. ചിലര്‍ക്ക് ഒന്നുറക്കെ തുമ്മിയാലോ ചിരിച്ചാലോ കരഞ്ഞാലോ, എന്തിന് ഒന്ന് ഞെട്ടിയാലോ എല്ലു പൊടിയും. ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥ. കൊച്ചുകുഞ്ഞുങ്ങളെ ശ്രദ്ധിച്ചെടുത്തില്ലെങ്കില്‍പ്പോലും എല്ലൊടിഞ്ഞുപോകും. ഈ അസുഖം ബാധിച്ച ആറുമാസം മുതല്‍ നാല്പത്തിയഞ്ച് വയസ്സു പ്രായമുള്ളവര്‍ വരെ ഇപ്പോള്‍ സംഘടനയുടെ കീഴിലുണ്ട്. ഇവരെയെല്ലാം ഒരേ തണലില്‍ കൊണ്ടുവന്ന് സ്വയംപര്യാപ്തമാക്കുകയാണ് അമൃത വര്‍ഷിണി.''ചെറിയ തൊഴിലുകള്‍ പഠിപ്പിച്ചു കൊടുക്കും. കുടയുണ്ടാക്കല്‍, ആഭരണ നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം തുടങ്ങിയവ. അധികപേരും ചിത്രം വരയ്ക്കുന്നവരാണ്. കവിതയും കഥയുമെഴുതുന്നുവരുമുണ്ട്. ഇവരുണ്ടാക്കിയതെല്ലാം വെച്ച് പ്രദര്‍ശനം സംഘടിപ്പിക്കും. അതില്‍ നിന്ന് കിട്ടുന്ന ലാഭം അവര്‍ക്കുതന്നെ നല്‍കും'' ലതാ നായര്‍ പറഞ്ഞു.
അമൃതവര്‍ഷിണിയില്‍ ഇപ്പോള്‍ 40 ഓളം അംഗങ്ങളുണ്ട്. ഇതിനുപുറമേ ഇവരെ സഹായിക്കാനെത്തുന്ന വളണ്ടിയര്‍മാരുമുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇവരുടെ ഒത്തുചേരലുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇവരെ സഹായിക്കാനായി ലതയ്ക്കും അഭിലാഷിനും അനീഷിനും പുറമേ ധന്യയുണ്ട്, ശ്രീദേവിയുണ്ട്, മീനാക്ഷിയുണ്ട്, മാധവിയുണ്ട്. അമൃതവര്‍ഷിണിയെപ്പറ്റി കേട്ടറിഞ്ഞെത്തിയ ഒരുപാട് കോളേജ് വിദ്യാര്‍ഥികളുണ്ട്.

അമൃതവര്‍ഷിണി അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു വിഷമമുണ്ടായാല്‍ വളണ്ടിയര്‍മാര്‍ ഓടിയെത്തും. സന്തോഷങ്ങളില്‍ പങ്കുചേരാനും അവരെത്തും. അമൃതവര്‍ഷിണി അംഗങ്ങളുടെ പെയിന്റിങ്ങുകളും കഥകളും കവിതകളും സൈറ്റില്‍ വായിക്കാം. ഒപ്പം അവരുണ്ടാക്കിയ ആഭരണങ്ങളും മറ്റും കാണാം. ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൃതവര്‍ഷിണി ഒപ്പിയെടുത്തിട്ടുണ്ട്. അസുഖബാധിതരായ കുട്ടികളുടെ വിശദാംശങ്ങളും ഇതിലുണ്ട്. ഇവര്‍ക്ക് ലഭ്യമായ ചികിത്സ, ആവശ്യമായ പോഷണം, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എല്ലാം ഈ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സഹതാപമല്ല ആഗ്രഹിക്കുന്നത്. അല്പം സ്‌നേഹം, സന്തോഷം. അവനോ അവള്‍ക്കോ ഒരെല്ല് കൂടുതലാണെന്ന് പരാതിപ്പെടുന്ന കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്. ഒരു പാട് എല്ലുകള്‍ കൂടിപ്പോയതു കൊണ്ടുമാത്രം വേദനയില്‍ പുളഞ്ഞ് ജീവിതം തള്ളിനീക്കുന്ന ഒരുപാട് ജന്മങ്ങളുണ്ടിവിടെ. നിങ്ങള്‍ക്കും വേണമെങ്കില്‍ ഇവരുടെ ജീവിതത്തില്‍ ഇത്തിരി വെട്ടം നല്‍കാം.
അമൃതവര്‍ഷിണിയെപ്പറ്റി കൂടുതലറിയാന്‍ വെബ്‌സൈറ്റ് വിലാസം: www.amritavarshini.org ഫോണ്‍ നമ്പര്‍: 9446633311, 9656633311.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: