Pages

Sunday, June 3, 2012

പുകവലി വിരുദ്ധ കൂട്ടായ്മകള്‍ അനിവാര്യം


പുകവലി വിരുദ്ധ കൂട്ടായ്മകള്‍ അനിവാര്യം
 
 പുകയില ഉപഭോഗം വലിയ സാമൂഹിക തിന്മയാണെന്നും ഇതിന്റെ ദൂഷ്യഫലങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ കൂട്ടായ്മ അനിവാര്യമാണെന്നും ലോകപുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വര്‍ഷം തോറും 60 ലക്ഷം പേരാണ് പുകവലികാരണം മരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ പുകയില ഉപയോഗം കാരണം രോഗികളാകുന്നു. അത്യന്തം ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നം പരിഹരിക്കാന്‍ സമൂഹത്തിന്റെ എല്ലാതട്ടുകളിലുമുള്ള ആളുകളുടേയും കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും ഈ രംഗത്ത് വീഴ്ച വരുത്തുന്നത് ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ. അഷറഫ് പി. ഹമീദ് പറഞ്ഞു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുകവലി വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇതിനെതിരെ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

പുകവലിയുടെ ദുരന്തങ്ങളെ വരച്ചുകാണിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കാന്‍ സമൂഹ മനസ്സാക്ഷിയെ സജ്ജമാക്കുകയുമാണ് ഓരോ പുകവലി വിരുദ്ധ ദിനങ്ങളും ആഹ്വാനം ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു. പുകവലിപോലെതന്നെ അപകടകാരികളായ ഷീഷ, പാന്‍പരാഗ് എന്നിവയുടെ ഉപയോഗവും തടയണം. യുവാക്കളെ ലക്ഷ്യമിട്ട് സിഗററ്റ് കമ്പനികള്‍ നടത്തുന്ന പ്രചാരവേലകളെ സമൂഹം തിരിച്ചറിയുകയും അതിനെതിരെ ബോധവത്കരിക്കുകയും വേണം. സമൂഹം നിസ്സാരമായി കാണുന്ന പുകവലിയുടെ ദുരന്തങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ ആന്റി സ്‌മോക്കിങ് സൊസൈറ്റി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും കൂടുതല്‍ ജനപങ്കാളിത്തത്തോടെ സംരംഭങ്ങളെ ജനകീയമാക്കണമെന്നും സാമൂഹിക പ്രവര്‍ത്തകനായ കെ. മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. ലോകപുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ ഒതുങ്ങാതെ തുടര്‍പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഗവണ്‍മെന്റ് നല്‍കുന്ന പിന്തുണയും പ്രോത്സാഹനങ്ങളും പ്രശംസനീയമാണെന്നും ഈ രംഗത്ത് നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും സൊസൈറ്റി സ്ഥാപകനും സി.ഇ.ഒ. യുമായ അമാനുല്ല വടക്കാങ്ങര പറഞ്ഞു.ലോകപുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക വേദികളുമായി സഹകരിച്ച് പുകവലിയുടെ ദോഷത്തെക്കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളും മുതിര്‍ന്നവരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉള്‍പ്പെടുത്തിയാണ് കാമ്പയിന്‍ ആസൂത്രണം ചെയ്യുന്നത്. പുകവലി പോലെ തന്നെ പാസീവ് സ്‌മോക്കിങ്ങും ഏറെ ഗൗരവമായാണ് കാമ്പയിന്‍ വിലയിരുത്തുന്നത്.

പുകവലിക്കുന്നില്ല എന്നതുകൊണ്ടു മാത്രം പുകവലിയുടെ ദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയില്ല. പല കേസുകളിലും സെക്കന്‍ഡ്ഹാന്‍ഡ് സ്‌മോക്കിങ്ങാണ് ഗൗരവമുള്ളത്. പുകവലിമുക്തമായ ചുറ്റുപാട് ഓരോരുത്തരുടേയും മൗലികാവകാശമാണ്. ഇത് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റേതര ഏജന്‍സികളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വമ്പിച്ച മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം, മദ്യപാനം എന്നിവ പോലെ പുകവലിയും ഗുരുതരമായ സ്വഭാവദൂഷ്യമായി സമൂഹം വിലയിരുത്തണമെന്ന് കെ.പി. നൂറുദ്ദീന്‍ പറഞ്ഞു. പലപ്പോഴും നിസ്സാരമായി കണക്കാക്കുന്ന പുകവലിയുടെ ദോഷം അതുപയോഗിക്കുന്നവരില്‍ മാത്രമല്ല, എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി എന്ന നിലയിലും വ്യക്തിപരമായ ഉത്തരവാദിത്വം എന്ന നിലയിലും ഓരോരുത്തരും പുകവലി വിരുദ്ധസമരത്തില്‍ പങ്കാളികളാകണമെന്ന് അബ്ദുല്‍ ഹകീം തറയില്‍ പറഞ്ഞു. വ്യക്തിക്കും സമൂഹത്തിനും ദോഷകരമായ എല്ലാം തിന്മയാണെന്നും തിന്മയ്‌ക്കെതിരെ അണി നിരക്കേണ്ടത് ഓരോ മനുഷ്യസ്‌നേഹിയുടേയും ബാധ്യതയാണെന്നും യുവപണ്ഡിതനായ സൈനുല്‍ ആബിദ് അല്‍ ദാരിമി പറഞ്ഞു.

കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി അഭിക് റോയ്, വേള്‍ഡ് ഹെല്‍ത്ത് സ്പ്രിം പ്രതിനിധി നീല്‍ നൊറോണ എന്നിവരും സംസാരിച്ചു. സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് പുകവലി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. കോഡിനേറ്റര്‍ സഞ്ജയ് ചപോല്‍ക്കര്‍ സ്വാഗതവും അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
 
                                                      പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: