Pages

Tuesday, May 1, 2012

WORLD ASTMA DAY-2012 (MAY-1)


WORLD ASTMA DAY-2012 (MAY-1)

ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരവസ്ഥയാണ് ആസ്തമ. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നു, ചുമയുണ്ടാക്കുന്നു. ശ്വാസനാളികള്‍ സാമാന്യത്തിലേറെ ചുരുങ്ങുന്നതുകൊണ്ടാണിത്. ആസ്തമ ഇന്ന് സര്‍വസാധാരണമാണ്. ഇത് ഏതു പ്രായത്തിലും വരാം. സ്ത്രീയോ പുരുഷനോ വൃദ്ധരോ ചെറുപ്പക്കാരോ എന്നു വേണ്ട, വര്‍ഗരാഷ്ട്രഭേദമന്യേ ഏവര്‍ക്കും ഇതുണ്ടാകാം. ആസ്തമ പാരമ്പര്യരോഗമാണെങ്കിലും പലപ്പോഴും തലമുറകള്‍ക്ക് ഭീഷണിയാകുന്നില്ല. അതുപോലെ, കുടുംബത്തില്‍ എല്ലാവരേയും ബാധിക്കുന്നുമില്ല. ആസ്തമാബാധിതരായ കുട്ടികളില്‍ 50-70 ശതമാനം ഭാവിയില്‍ അതില്‍നിന്ന് മുക്തരാകുകയും ചെയ്യന്നു.
ആസ്ത്മ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 ആസ്ത്മ രോഗികള്‍ രോഗത്തെക്കുറിച്ച് സ്വയം നടത്തുന്ന വിലയിരുത്തലുകള്‍ പലപ്പോഴും ഡോക്ടര്‍മാരുടെ നിഗമനങ്ങളുമായി ഒത്തുപോവാത്തതായിരിക്കും. ഭൂരിപക്ഷം രോഗികളും രോഗം നിയന്ത്രണ വിധേയമാകാതെ തന്നെ അവരുടെ ദൈനംദിന ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ്. ഇത് വളരെ അപകടകരമായ സ്ഥിതിയാണ്. എന്തെന്നാല്‍, രക്ത സമ്മര്‍ദമുള്ള ചില രോഗികള്‍ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുന്നതുപോലെ, പല ആസ്ത്മ രോഗികളും ശ്വാസംമുട്ട് കൂടുതല്‍ അനുഭവപ്പെടുന്നില്ലെങ്കില്‍ സ്ഥിരമായി ഉപയോഗിക്കേണ്ട ഇന്‍ഹേലറുകള്‍ നിര്‍ത്തിവെക്കുന്നു. മാത്രമല്ല, ശ്വാസംമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇത്തരം രോഗികള്‍ ഇങ്ങനെ കായികാധ്വാനം കുറച്ച് ആസ്ത്മ നിയന്ത്രണ മരുന്നുകള്‍ നിര്‍ത്തി ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗാവസ്ഥയുടെ ശരിയായ ഒരു ചിത്രമല്ല ഡോക്ടറുടെ മുമ്പില്‍ വരുന്നത്.ആസ്ത്മ നിയന്ത്രണാധീനമായോ എന്നറിയാന്‍ ഭിഷഗ്വരന് അനവധി ഉപാധികളുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാര്‍ഗരേഖകള്‍ അനുസരിച്ച് സ്‌പൈറോമെട്രിയും ഉച്ഛ്വസിക്കുന്ന നൈട്രിക് ഓകൈ്‌സഡിന്റെ അളവും ഇതിന് വളരെ ഉപകാരപ്രദമാണ്. ചികിത്സയിലിരിക്കുന്ന ആസ്ത്മരോഗിയെ പരിശോധിക്കുമ്പോള്‍ 'നിങ്ങളുടെ ആസ്ത്മ എങ്ങനെയുണ്ട്?' എന്ന ചോദ്യത്തിന് അര്‍ഥമില്ല. ഇതിന് രോഗിയുടെ മറുപടി 'സുഖമുണ്ട്' എന്നാണ്. 'നിങ്ങളുടെ ആസ്ത്മ നിങ്ങളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നുണ്ടോ? സാല്‍ബ്യുട്ടമോള്‍ എന്ന രോഗശമനൗഷധം ആഴ്ചയില്‍ എത്രതവണ ഉപയോഗിക്കേണ്ടി വരുന്നുണ്ട്? നിങ്ങള്‍ക്ക് സാല്‍ബ്യുട്ടമോള്‍ വലിക്കാതെ തന്നെ സാധാരണ ശാരീരികാധ്വാനം സാധ്യമാകുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ കൊണ്ട് ആസ്ത്മ നിയന്ത്രണത്തെപ്പറ്റി ശരിയായ അറിവ് ലഭിക്കും.

ആസ്ത്മ നിയന്ത്രണാധീനമായി എന്ന് ആധികാരികമായി പറയണമെങ്കില്‍ സാല്‍ബ്യുട്ടമോളിന്റെ ഉപയോഗം ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടരുത്. ഈ കണക്കനുസരിച്ച് 200 പഫുകള്‍ ഉള്ള ഒരു ഇന്‍ഹേലര്‍ ഒരു വര്‍ഷത്തേക്ക് തികയും. പതിവായി ഉപയോഗിക്കേണ്ട സ്റ്റിറോയ്ഡ് ഇന്‍ഹേലറിന് പകരം സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ആണ് പതിവായി ഉപയോഗിക്കുന്നതെങ്കില്‍ രോഗിക്ക് വഴിതെറ്റിയിട്ടുണ്ട്. എ.സി.ടി. അഥവാ ആസ്ത്മ കണ്‍ട്രോള്‍ ടെസ്റ്റിലെ ചോദ്യാവലികൊണ്ട് ആസ്ത്മ നിയന്ത്രണം എത്രമാത്രം സാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം.
മറ്റു രോഗങ്ങള്‍ ആസ്ത്മ നിയന്ത്രണത്തെ എങ്ങനെ ബാധിക്കുന്നു?
മറ്റ് അവയവങ്ങളിലെ രോഗങ്ങള്‍ ശ്വാസനാളികളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. ശരിയായി ചികിത്സിക്കാത്ത ജലദോഷവും സൈനസ്സ് രോഗങ്ങളും ആസ്ത്മ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജലദോഷത്തിലുണ്ടാകുന്ന കഫം മൂക്കിന്റെ പിറകില്‍ക്കൂടി ഒഴുകി ശ്വാസനാളികളില്‍ കടന്ന് അവയുടെ സങ്കോചത്തിന് കാരണമാകുന്നു. നെഞ്ചെരിച്ചില്‍ ഉള്ള രോഗികളില്‍ ആമാശയത്തിലെ അമ്ലം അന്നനാളത്തിലേക്ക് തികട്ടിവന്ന് ശ്വാസനാളികള്‍ ചുരുങ്ങാന്‍ കാരണമാകുന്നു. ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുന്നത് രോഗി മലര്‍ന്ന് കിടക്കുമ്പോഴാണ്. തക്കതായ ഇന്‍ഹേലര്‍ ചികിത്സകൊണ്ട് ആസ്ത്മ ശമിക്കാതെവന്നാല്‍ സൈനസൈറ്റിസും നെഞ്ചെരിച്ചിലും സംശയിക്കണം.
ആസ്ത്മരോഗി അപകടനിലയിലാണ് എന്നുള്ളതിന് സൂചനകള്‍ എന്തെല്ലാം? ജീവനുതന്നെ അപകടമുണ്ടാക്കുന്ന രീതിയിലുള്ള ആസ്ത്മയെ എങ്ങനെ മുന്‍കൂട്ടി അറിയാം?
രോഗപ്രതിരോധത്തിനായുള്ള ഇന്‍ഹേലര്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ട നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കാതെ വരുമ്പോള്‍.
രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. മരുന്നു വാങ്ങാന്‍ പണമില്ല. ചികിത്സാ രീതിയെക്കുറിച്ച് ഡോക്ടറും രോഗിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. മറ്റു രോഗങ്ങള്‍ (ഉദാ- വിഷാദ രോഗം). പൂപ്പലിനോടുള്ള അലര്‍ജി ഗുരുതരമായ ആസ്ത്മയ്ക്ക് കാരണമാണെന്ന് 20 വര്‍ഷം മുമ്പ് നടത്തിയ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.കുട്ടികളില്‍ ഇന്‍ഹേലര്‍ ചികിത്സ നിര്‍ദേശിച്ചാല്‍ അത് നിരസിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവരെ അപകടകരമായ ആസ്ത്മയിലേക്ക് തള്ളിവിടുകയാണ്. കായിക മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ചേ മതിയാകൂ. ആസ്ത്മ മൂലം ക്ലാസ്സുകള്‍ മുടങ്ങാതിരിക്കണമെങ്കില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കണം.ആസ്ത്മ ലക്ഷണങ്ങളെ അവഗണിക്കുന്ന രോഗികളും കുറവല്ല. സ്‌പൈറോമെട്രി ഉപയോഗിച്ച് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചാല്‍ എഫ്.ഇ.വി.ഐ. (Forced Expiratory Volume in 1 Second) 60 ശതമാനം മാത്രമേ കാണൂ. ഈ താഴ്ന്നനിലയിലുള്ള ശ്വാസകോശ പ്രവര്‍ത്തന ക്ഷമതയുമായി ഇണങ്ങിച്ചേര്‍ന്ന് രോഗി ശ്വാസംമുട്ട് അറിയാതെ പോകുന്നു. ഇത് അപകട സൂചനയാണ്.ശ്വസിക്കാനും സംസാരിക്കാനും ശേഷി നഷ്ടപ്പെട്ട രോഗി ഗുരുതരാവസ്ഥയിലാണ്. ഇത്തരം രോഗികള്‍ സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ ഉടന്‍ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടും. പക്ഷേ, ഈ സ്ഥിതി വീണ്ടും ആവര്‍ത്തിച്ച് മരണത്തിലേക്ക് നയിക്കാം. ആസ്ത്മ ലക്ഷണങ്ങളെ അവഗണിക്കുന്ന രോഗി മരുന്നുകള്‍ ശരിയായി ഉപയോഗിക്കാറില്ല.പല ആസ്ത്മരോഗികള്‍ക്കും സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ ഉപയോഗിക്കാന്‍ വൈമനസ്യം കാണും. ഈ ഇന്‍ഹേലറിന്റെ പതിവായ ഉപയോഗം അത്യാഹിത വിഭാഗത്തില്‍ പോകേണ്ട ആവശ്യകതയും ആസ്പത്രിയില്‍ കിടത്തിച്ചികിത്സയും ഇല്ലാതാക്കുന്നു. പലപ്പോഴും മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ അപകടകാരിയും സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ തീരെ അപായരഹിതവും ആണെന്ന് പല രോഗികളും തെറ്റായ വിശ്വാസം വെച്ചുപുലര്‍ത്തുന്നു. പതിവായി സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവരില്‍ ആസ്പത്രിയില്‍ കിടത്തിച്ചികിത്സയും മരണനിരക്കും കൂടുതലാണ്. സ്റ്റിറോയ്ഡ് ഇന്‍ഹേലറിന്റെ ഉപയോഗം കുട്ടികളില്‍ വളര്‍ച്ചക്കുറവ്, എല്ലിന്റെ ശക്തിക്ഷയം, തിമിരം, മാനസിക വ്യതിയാനങ്ങള്‍ എന്നിവയ്ക്ക് കാരണമല്ലെന്ന് ഒരു ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.ആസ്ത്മ നിയന്ത്രണത്തില്‍ മുഖ്യമരുന്ന് സ്റ്റിറോയ്ഡ് ഇന്‍ഹേലറാണ്. സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാം. അമേരിക്കന്‍ ഒളിമ്പിക്‌സ് ടീമിലെ 10 ശതമാനം കായിക താരങ്ങളും ആസ്ത്മ രോഗികളാണ്. അവര്‍ വിദഗ്ധ മേല്‍നോട്ടത്തില്‍ സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ പതിവായി ഉപയോഗിച്ച് മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ വാരിക്കൂട്ടുന്നു.
                                                   പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: