Pages

Tuesday, May 1, 2012

I.T WOMEN'S GROUP IN BANGALORE


ബാംഗ്ലൂരില്‍ വനിതകളുടെ കൂട്ടായ്മ

പുറത്ത് നിന്നു നോക്കുമ്പോള്‍ ഐ.ടി. മേഖല ഒരു മായാപ്രപഞ്ചമാണ്. കൈനിറയെ കാശും ആഘോഷങ്ങളുടെ ജീവിതവും. എന്നാല്‍ സമ്മര്‍ദങ്ങളുടെ വേലിയേറ്റത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പറയാന്‍ ദുരിതങ്ങളേറെയുണ്ട്; പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂട്ടായ്മയായ 'ഇതി' ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. ഇതി എന്നാല്‍ തുടക്കം എന്നാണ് അര്‍ഥം. ഐ.ടി മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള എളിയ തുടക്കമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും പുറംലോകം അറിയാറില്ല. വിദ്യാഭ്യാസത്തിന് ശേഷം ജോലിയില്‍ പ്രവശിക്കുന്ന യുവതികള്‍ക്ക് ലഭിക്കുന്നത് കൈനിറയെ ശമ്പളമാണ്. മാതാപിതാക്കളില്‍ നിന്നകന്ന് കഴിയുന്നവരില്‍ പലരും സമ്മര്‍ദത്തില്‍ അടിമപ്പെട്ട് ജീവിതം തന്നെ അവസാനിപ്പിക്കുന്നു. ജോലിസ്ഥലങ്ങളിലെ മാനസിക പീഡനങ്ങള്‍ പങ്കുവെക്കാന്‍ വേദിയും ലഭിക്കാറില്ല.

ഇതിന് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2011 മാര്‍ച്ചില്‍ ഐ.ടി. മേഖലയിലെ സ്ത്രീകള്‍ ഒത്തുകൂടി സംഘടന രൂപവത്കരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 ഓളം വനിതകള്‍സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നേതൃത്വത്തില്‍ മലയാളി ഐ.ടി. ഉദ്യോഗസ്ഥയുമുണ്ട്. പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഐ.ടി. സ്ഥാപനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അനുവദിക്കാറില്ലന്നതാണ് ഇതിന് കാരണം. ബാംഗ്ലൂരില്‍ ഐ.ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 30 ശതമാനവും വനിതകളാണ്. ഇതില്‍ നല്ലൊരു ശതമാനവും മലയാളികളാണ്.

ഐ.ടി സ്ഥാപനങ്ങളില്‍ രാത്രി എട്ടുമണിക്ക് ശേഷം ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനം സുരക്ഷ ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. ഇത് പത്ത് മണിയാക്കണമെന്നാവശ്യപ്പെട്ട് ഐ.ടി. സ്ഥാപന സംഘടനകള്‍ നടപടി ആരംഭിച്ചപ്പോള്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് നീക്കം തടയാന്‍ കഴിഞ്ഞതാണ് 'ഇതി' എന്ന സംഘടനയുടെ ആദ്യ നേട്ടം. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന എണ്ണൂറിലധികം സ്ത്രീകളുടെ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിച്ചത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേദിയും ഒരുക്കുന്നു.

ഐ.ടി മേഖലയുടെ സ്ത്രീകളുടെ പ്രശ്‌ന പരിഹാരത്തിനായി മറ്റ് സംഘടനകളും ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങളാണ് സംഘടനാ ഭാരവാഹികള്‍ക്ക് പറയാനുള്ളത്. പ്രസവം കഴിഞ്ഞെത്തുന്ന സ്ത്രീകളെ പലപ്പോഴും തഴയാറാണ് പതിവ്. പലപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ താത്പര്യത്തിന് വഴങ്ങിയില്ലെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ഒരു ഐ.ടി. ഉദ്യോഗസ്ഥ പറഞ്ഞു. ഭര്‍ത്താവും ഐ.ടി. ഉദ്യോഗസ്ഥനാണെങ്കില്‍ കുടുംബത്തോടപ്പം ചെലവിടുന്ന ദിനം സ്വപ്നം മാത്രമാകുംപലര്‍ക്കും പറയാനുള്ളത് ഇത്തരത്തിലുള്ള ദുരിതങ്ങളാണ്. ഐ.ടി. ഉദ്യോഗസ്ഥരായ സ്ത്രീകള്‍ വിവാഹിതരാകുകയാണെങ്കില്‍ ഗര്‍ഭിണിയാകുന്നത് പരമാവധി നീട്ടണമെന്ന ഉപദേശമാണ് ലഭിക്കാറുള്ളതെന്നും പറയുന്നു. ഇത് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കാണ് നയിക്കാറുള്ളത്.

വിവാഹമോചനങ്ങള്‍ ഐ.ടി. മേഖലയില്‍ വര്‍ധിക്കുന്നതായും കണ്ടെത്തിയിരുന്നു. മാനസിക സമ്മര്‍ദങ്ങളും കുടുംബ ബന്ധങ്ങളിലെ താളപ്പിഴകളും സ്ത്രീകളെ എത്തിക്കുന്നത് തെറ്റായ വഴിയിലേക്കാണെന്ന് സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാനസിക സമ്മര്‍ദങ്ങള്‍ ഒട്ടേറെ അനുഭവിക്കുന്നുണ്ടെങ്കിലും കൗണ്‍സലിങ്ങിന് വരാന്‍ പലരും തയ്യാറാകുന്നില്ലെന്ന് മാനസികരോഗ വിദഗ്ധരും പറയുന്നു. വഴിവിട്ട ലൈഗിക ബന്ധങ്ങളിലേക്ക് എത്തപ്പെടുന്നവരും ഉണ്ടെന്ന് ഒരു മാഗസിന്‍ നടത്തിയ സര്‍വെയില്‍ വ്യക്തമാക്കിയിരുന്നു. എന്‍ജിനീയറിങ് ബിരുദധാരികളെയാണ് ഐ.ടി. സ്ഥാപനങ്ങള്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഒരാഴ്ചയില്‍ 45 മണിക്കൂര്‍ ജോലിയാണ് നിയമ പ്രകാരമെങ്കിലും പലരും 50 ലധികം മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. കമ്പനി മേധാവികളുടെ അപ്രീതിക്ക് പത്രമായാല്‍ സമര്‍ദതന്ത്രങ്ങളിലൂടെ ജോലിയില്‍ നിന്നു ഒഴിവാക്കാറാണ് പതിവെന്നും സ്ത്രീകളായ ജീവനക്കാര്‍ പറഞ്ഞു.

                  പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: