Pages

Saturday, May 12, 2012

കഞ്ഞിപ്പുരയില്‍ അന്തിയുറങ്ങിയ അഞ്ചംഗ കുടുംബത്തിന് ഗാന്ധിഭവനും തുണയായി


കഞ്ഞിപ്പുരയില്‍ അന്തിയുറങ്ങിയ അഞ്ചംഗ കുടുംബത്തിന് ഗാന്ധിഭവനും തുണയായി
നിര്‍ധനകുടുംബങ്ങള്‍ക്ക് തണലേകുന്ന പദ്ധതികള്‍ ഒരുപാടുണ്ടെങ്കിലും കൊച്ചുമകന്‍ പഠിക്കുന്ന സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ അഭയം തേടേണ്ടിവന്ന മത്സ്യത്തൊഴിലാളിക്കും കുടുംബത്തിനും കളക്ടര്‍ തുണയായി.മരുത്തടി വിവേകാനന്ദ സ്‌കൂളിലെ മറയില്ലാത്ത കഞ്ഞിപ്പുരയില്‍ അന്തിയുറങ്ങുന്ന നിര്‍ധനകുടുംബത്തെ നേരില്‍ കണ്ട കളക്ടര്‍ പി.ജി.തോമസ് ഇവരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് അയച്ചു. ദുരിതക്കയത്തില്‍ വീണുപോയ കുടുംബത്തിന് സ്വന്തമായൊരു വീട് നല്‍കാമെന്ന് വാക്കും നല്‍കി. തങ്കശ്ശേരി സ്വദേശിയും മത്സ്യബന്ധനത്തൊഴിലാളിയുമായ പിച്ചയ്യ(65)യാണ് വാര്‍ധക്യത്തില്‍ ഭാര്യയും മകളും കൊച്ചുമക്കളുമൊത്ത് കഞ്ഞിപ്പുരയില്‍ അഭയം തേടിയത്. ഭാര്യ പുഷ്പവല്ലി (65), മകള്‍ സൈജ (40), സൈജയുടെ മക്കളായ വെങ്കിദാസ് (11), രാജ്‌ബോസ് (10) എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ജീവിതം ഒരുമാസമായി വിവേകാനന്ദ സ്‌കൂളിന്റെ കഞ്ഞിപ്പുരയിലായിരുന്നു.

മകളുടെ വിവാഹം നടത്താന്‍വേണ്ടി ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. തങ്ങള്‍ വാടകവീടുകളില്‍ കഴിഞ്ഞാലും മകളുടെ ജീവിതമെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയായിരുന്നു പിച്ചയ്യയ്ക്കും ഭാര്യയ്ക്കും ഉണ്ടായിരുന്നത്. വിവാഹശേഷമാണ് സൈജയ്ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കണ്ടെത്തിയത്. പിച്ചയ്യയുടെ പക്കലുണ്ടായിരുന്ന അവശേഷിച്ച സമ്പാദ്യവും മകളുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. ശക്തികുളങ്ങരയില്‍ ബാറിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ സൈജയുടെ ഭര്‍ത്താവ് ചാക്കോ കുത്തേറ്റ് മരിക്കുകയും ചെയ്തതോടെ മകളെയും കൊച്ചുമക്കളെയും സംരക്ഷിക്കേണ്ട ബാധ്യത പിച്ചയ്യയുടെ ചുമലിലായി. മത്സ്യബന്ധനത്തിനു പോയി അന്നത്തിനുള്ള വക തേടുമ്പോഴാണ് കടലിലുണ്ടായ അപകടത്തില്‍പ്പെട്ട് പിച്ചയ്യയുടെ കാഴ്ച ഭാഗികമായി നഷ്ടമായത്. കണ്ണില്‍ പടര്‍ന്ന ഇരുട്ട് ജീവിതമാകെ പടര്‍ന്നു. സൈജയുടെ ചികിത്സ മുടങ്ങി. പിച്ചയ്യയും പുഷ്പവല്ലിയും രോഗങ്ങള്‍ക്കു കൂട്ടുകാരായി. വാടക മാസങ്ങളോളം കുടിശ്ശികയായപ്പോള്‍ വാടകവീട് ഒഴിയേണ്ടിവന്നു. മറ്റെങ്ങും പോകാനിടമില്ലാതായതോടെയാണ് കൊച്ചുമകന്റെ സ്‌കൂളിലെ കഞ്ഞിപ്പുരയില്‍ തലചായ്ക്കാനിടം തേടിയത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത കഞ്ഞിപ്പുരയില്‍ അടുപ്പുകള്‍ക്കിടയില്‍ അഞ്ചുപേര്‍ രണ്ടാഴ്ചയിലധികമായി ജീവിതം തള്ളിനീക്കി.

സ്‌കൂളിനു സമീപമുള്ള വിവാഹവീടുകളില്‍നിന്ന് ലഭിക്കുന്ന ആഹാരവും സമീപവാസികളുടെ സഹായവുമാണ് ഇവരില്‍ ജീവന്‍ നിലനിര്‍ത്തിയത്. അടുത്ത ആഴ്ചയില്‍ സ്‌കൂള്‍ തുറന്നാല്‍ കഞ്ഞിപ്പുരയില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്നായതോടെയാണ് നാട്ടുകാരില്‍ ചിലര്‍ വിവരം കളക്ടറെ അറിയിച്ചത്. ദുരിതം നേരില്‍ക്കണ്ട് മനസ്സിലാക്കിയ കളക്ടര്‍ ഇവരെ ഏറ്റെടുക്കാന്‍ പത്തനാപുരം ഗാന്ധിഭവനോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുത്തു. പിച്ചയ്യ, പുഷ്പവല്ലി, സൈജ എന്നിവരുടെ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും ഗാന്ധിഭവന്‍ നല്‍കും. ഇവര്‍ക്ക് സ്വന്തമായി വീട് നല്‍കുമെന്ന് കളക്ടറും പറഞ്ഞു.

                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: