Pages

Saturday, May 12, 2012

കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നാല് മലയാളികള്‍


കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍
നാല് മലയാളികള്‍
കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ അഞ്ച് മലയാളികളുടെ മോചനം നീളുന്നു. മോചനത്തിനുള്ള പണം നല്‍കാന്‍ കപ്പലുടമ തയ്യാറല്ലെന്ന് മധ്യസ്ഥന്‍ അറിയിച്ചതോടെ ബന്ധുക്കള്‍ ആശങ്കയിലായി.ദുബായില്‍ നിന്ന് എണ്ണ കയറ്റി ഒമാന്‍ വഴി നൈജീരിയയിലേക്ക് പോകുകയായിരുന്ന 'റോയല്‍ ഗ്രേസ്'ടാങ്കര്‍ കപ്പലിനെയാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. യെമന് സമീപം മാര്‍ച്ച് രണ്ടിനായിരുന്നു സംഭവം. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഓയ്‌സ്റ്റര്‍'കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
കപ്പലില്‍ പതിനാറ് ജീവനക്കാരുണ്ട്. ഇതില്‍ അഞ്ചുപേര്‍ മലയാളികളാണ്. തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ വി.ആര്‍, കൊല്ലം സ്വദേശി മനേഷ് മോഹന്‍, തൃശ്ശൂര്‍ സ്വദേശികളായ ദിവിന്‍ ഡേവിസ്, സ്റ്റാലിന്‍ എന്നിവരാണ് കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ മലയാളികള്‍. ഇവരില്‍ മൂന്നുപേര്‍ 2012 ഫിബ്രവരിയില്‍ മാത്രം കപ്പലില്‍ എത്തിയവരാണ്. എറണാകുളത്തെ ഒരു സ്വകാര്യ കോളേജില്‍ വന്‍ തുക മുടക്കി ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് പഠിച്ച ശേഷമാണ് ഇവര്‍ കപ്പലില്‍ കേഡറ്റുകളായി ചേര്‍ന്നത്. ഒന്നരവര്‍ഷത്തെ കപ്പലിലുള്ള പരിശീലനത്തിനുശേഷമേ ഇവര്‍ക്ക് ഫൈനല്‍ പരീക്ഷയെഴുതാനാകൂ. കോളേജുകാര്‍ ഈ സൗകര്യം ഒരുക്കിക്കൊടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അതിനുള്ള പ്രത്യേകം ഫീസ് വാങ്ങുകയും ചെയ്തു. എന്നാല്‍ കോഴ്‌സ് കഴിഞ്ഞതോടെ കോളേജ് കൈമലര്‍ത്തി.

സ്വന്തം നിലയ്ക്ക് മുംബൈയിലെ ഏജന്‍റ് വഴി ഇവര്‍ ദുബായിലെ കപ്പലില്‍ താല്‍ക്കാലിക ജോലിക്ക് ചേര്‍ന്നു. മാര്‍ച്ച് രണ്ടിന് കൊള്ളക്കാര്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയി.ഇപ്പോള്‍ ഇവരുള്‍പ്പെടെ നാലുപേരും കടല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തില്‍ യെമനിലെ അജ്ഞാത കേന്ദ്രത്തില്‍ നങ്കൂരമിട്ടിട്ടുള്ള കപ്പലില്‍ തടവുകാരെപ്പോലെ കഴിയുകയാണ്. വല്ലപ്പോഴും മധ്യസ്ഥന്‍ ചര്‍ച്ചയ്‌ക്കെത്തും. കപ്പലുമായി തങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഉത്തരവാദിത്വവുമില്ലെന്നും നൈജീരിയന്‍ സ്വദേശിയായ ടാനിയ അക്ബറിനാണ് ഇപ്പോള്‍ ഉടമസ്ഥതയെന്നുമാണ് ഓയിസ്റ്റര്‍ കമ്പനി പറയുന്നത്.ഇരുപത് ലക്ഷം ഡോളറാണ് മോചനദ്രവ്യമായി കടല്‍ക്കൊള്ളക്കാര്‍ ചോദിക്കുന്നതെന്ന് മധ്യസ്ഥന്‍ അറിയിച്ചതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. മധ്യസ്ഥന്‍ കപ്പലില്‍ എത്തുമ്പോഴൊക്കെ വീട്ടിലേക്ക് മിസ്ഡ് കോള്‍ അയയ്ക്കാന്‍ കൊള്ളക്കാര്‍ സമ്മതിക്കും. ആ നമ്പരില്‍ വീട്ടുകാര്‍ തിരിച്ചുവിളിക്കും. മധ്യസ്ഥനുമായി ചര്‍ച്ച നടത്താന്‍ ടാനിയ അക്ബറിന് താല്പര്യമില്ലെന്നാണ് അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി അര്‍ജുന്റെ അമ്മ, മാര്‍ച്ച് 20 ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കാശുകൊടുത്ത് ജീവനക്കാരെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. പ്രവാസികാര്യ മന്ത്രാലയം ബദല്‍ വഴികള്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എങ്കിലും ഇതുവരെ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.രണ്ടുദിവസം മുമ്പ് അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. കല്‍ക്കരി ഇന്ധനമാക്കി അരിയും ഗോതമ്പുമൊക്കെ വേവിച്ചാണ് ഇപ്പോള്‍ കഴിക്കുന്നത്. ഏതാനും നാള്‍കൂടിയേ ഇത് തികയൂ. ഒപ്പമുണ്ടായിരുന്ന കെനിയന്‍ സ്വദേശി കപ്പലില്‍ വെച്ച് മരിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കാതെ കൊള്ളക്കാര്‍ കടലില്‍ വലിച്ചെറിഞ്ഞതായും വിവരമുണ്ടെന്ന് അര്‍ജുനന്റെ ബന്ധുക്കള്‍ അറിയിച്ചു.
                   പ്രൊഫ് . ജോണ്‍ കുരാക്കാര്‍


No comments: