Pages

Thursday, May 31, 2012

വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല''


വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല''

                               സി.ആര്‍. പരമേശ്വരന്‍
                      ഒരു ഘോരസംഭവം നടക്കുമ്പോള്‍ എഴുത്തുകാരന്‍ നടത്തുന്ന പ്രതികരണങ്ങളുടെ ധര്‍മങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഉള്ള വ്യക്തമായ ധാരണ വേണം. എഴുത്തുകാരന്റെ പ്രതികരണങ്ങള്‍ അവയെ ക്ഷണിച്ചുവരുത്തിയ ഭൗതികസംഭവങ്ങളെയോ കൊലയാളിയുടെ മനോഗതിയെയോ സ്വാധീനിച്ച ചരിത്രം ഇന്നുവരെ ഉണ്ടായിട്ടില്ല. അതിന്റെ ധര്‍മം വളച്ചുകെട്ടില്ലാതെ ലളിതമായി ''ഞാന്‍ നിന്റെ കൂടെയല്ല'' എന്ന് പീഡകനോട് പറയുക എന്നത് മാത്രമാണ്. അതോടൊപ്പം ഇരയോട്, അതിനോട് നിശ്ശബ്ദമായും നിസ്സഹായമായും അനുതപിക്കുന്നവരില്‍ ഒരാളായി ''ഞാന്‍ നിന്റെ കൂടെയുണ്ട്'' എന്ന് പറയുകയും. കൊലകള്‍ ഇനിയും ഭാവിയില്‍ നടക്കും. ഒരിക്കലും സര്‍വസമ്മതമായി കൊലകള്‍ നടത്താന്‍ ആവാത്തവിധത്തില്‍ ഭിന്നാഭിപ്രായത്തിന്റെ ഒരു മൂല്യമായി എഴുത്തുകാരന്റെ പ്രതികരണവും ഭാവിയിലേക്ക് പ്രവേശിക്കും. അത്രമാത്രം. എന്നാലും, വ്യക്തതയ്ക്ക് വേണ്ടി ഉഴറുന്ന സമൂഹം ഇത്തരം പ്രതികരണങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കുന്നുണ്ട്.

''
വായില്‍ എല്ല് സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല'' എന്ന് അധികാരികളോട് ചേര്‍ന്ന് നിന്ന ബുദ്ധിജീവികളെ സംബോധന ചെയ്ത് അടിയന്തരാവസ്ഥയ്ക്കുശേഷം പറഞ്ഞത് അരുണ്‍ ഷൂരിയായിരുന്നു. ആ വാക്കുകള്‍ പിന്നീട് അദ്ദേഹത്തെ തന്നെ നോക്കി പരിഹസിക്കുന്ന സന്ദര്‍ഭമാണ് ഉണ്ടായതെങ്കിലും. ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഉള്ള കേരളത്തിലെ ബുദ്ധിജീവി അന്തരീക്ഷം ഷൂരിയുടെ വാക്കുകളുടെ സാര്‍വകാലികപ്രസക്തി ദ്യോതിപ്പിക്കുന്നു. കൊല്ലപ്പെട്ടവനും കൊലയാളിയും ആരെന്ന് കൃത്യമായി അറിയുന്ന ഒരു സംഭവത്തില്‍ അസന്ദിഗ്ധമായി തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുന്നതിനുപകരം എല്ല്കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയിലൂടെയുള്ള അവ്യക്തമായ ശബ്ദങ്ങളാണ് മുതിര്‍ന്ന എഴുത്തുകാര്‍ പ്രകടിപ്പിക്കുന്നത്. പ്രതികരണ മാതൃകകള്‍ വ്യത്യസ്തവും രസകരവുമാണ്.''കൊലയാളി ആരാണെങ്കിലും ശിക്ഷിക്കപ്പെടണം'' എന്ന നിരുപദ്രവ വാക്യമാണ് മിക്കവാറും മുതിര്‍ന്ന എഴുത്തുകാര്‍ പ്രതികരിക്കാന്‍ ഉപയോഗിച്ചത്. ടി.പി.യുടെ ഭാര്യ ചൂണ്ടിക്കാണിച്ച കൊലയാളി മുഖ്യന്‍ ആരാണെന്ന് മുഴുവന്‍ കേരളത്തിനും നിശ്ചയമാണ്. കൊലയെയും കൊലപാതകിയെയും അസന്ദിഗ്ധമായി അപലപിക്കേണ്ട ഇത്തരം സന്ദര്‍ഭത്തില്‍ ഈ മുതിര്‍ന്ന എഴുത്തുകാര്‍ ഉദാരമായ നിഷ്പക്ഷതാനാട്യം അവലംബിക്കുകയാണ് ചെയ്യുന്നത്. '' കൊല്ലപ്പെട്ടു, 'ബി'യാണ് കൊന്നത്, ''ബി അപലപിക്കപ്പെടണം'' എന്ന് വ്യക്തമായി പച്ചമലയാളത്തില്‍ പറയേണ്ട സന്ദര്‍ഭത്തിലാണ് ഇവര്‍ക്കൊക്കെ സംസ്‌കൃതം വരിക. ഒ.എന്‍.വി. മൗനത്തിനു കാരണമായി സുദീര്‍ഘമായി കവിധര്‍മം പഠിപ്പിച്ചതിലെ കള്ളത്തരം മലയാളികള്‍ മനസ്സിലാക്കിയില്ലെന്നാണോ കരുതിയിരിക്കുന്നത്?

ദുരധികാരത്തെ വെല്ലുവിളിച്ചു തീയിലൂടെ നടന്ന ആണുങ്ങള്‍ വേറെ ഭാഷകളില്‍, എഴുതിയതിനെ അനുകരിച്ചാണ് സച്ചിദാനന്ദന്റെ മിമിക്രി കലാകാരന്മാരെ പോലെ ''കവിത നിരര്‍ഥകമാണ്'', ''നമ്മള്‍ തോറ്റു''എന്നൊക്കെ സംസ്‌കൃതം തട്ടിവിടുന്നത്. ''ചെയ്തത് മാര്‍ക്‌സിസ്റ്റുകാരാണെങ്കില്‍...'', ''മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്യുമെന്ന് എനിക്കും തോന്നുന്നില്ല...'', ''അവരാണെങ്കില്‍ തന്നെ നേതൃത്വം അറിയാതെയായിരിക്കും ചെയ്തിരിക്കുക'', എന്നിങ്ങനെ ഒരേസമയം ആശ്വസിക്കുകയും പരിഭ്രാന്തികൊള്ളുകയും ചെയ്യുന്ന സച്ചിദാനന്ദനെ കാണുന്നില്ലേ? അതാണ് യഥാര്‍ഥ സച്ചിദാനന്ദന്‍. ഈ പൊടിപടലങ്ങള്‍ ഒന്നടങ്ങിയാല്‍, ഗ്രാംഷി അനുസ്മരണത്തിനും പു.ക.സ. സമ്മേളനത്തിനും അന്‍പതോളം വരുന്ന അവാര്‍ഡ്ദാനസ്വീകാര റാക്കറ്റിലേക്കും പഴയ പോലെ തിരിച്ചുകയറാന്‍ ഉതകുന്ന സുരക്ഷാസജ്ജീകരണമുള്ള ഭാഷ കണ്ടെത്തുക ഇത് പോലുള്ള അവസരങ്ങളില്‍ സച്ചിദാനന്ദന് പോലും എളുപ്പമല്ല.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് മാത്രമേ ഇവര്‍ക്ക് വാക്കുകള്‍ കിട്ടാത്ത പ്രശ്‌നമുള്ളൂ. പാര്‍ട്ടി നേതൃവൃന്ദത്തിനുണ്ടാകുന്ന ചെറിയ ഗ്ലാനിപോലും ഇവരെ സത്വരം പ്രതികരിപ്പിക്കും എന്ന് മുന്‍കാല ചരിത്രം ഓര്‍മിപ്പിക്കുന്നു. പിണറായി വിജയനെ സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ അകാരണമായി ആക്രമിക്കുന്നു എന്ന് കണ്ണീരൊഴുക്കിയവരില്‍ ഒ.എന്‍.വി.യും ചുള്ളിക്കാടുമൊക്കെ ഉണ്ടായിരുന്നു. ഐസക്കിന്റെയും ബേബിയുടെയും സുഹൃത്തായ റൂബിന്‍ ഡിക്രൂസ് അവിഹിതമായി ഒരു ഉദ്യോഗം കരസ്ഥമാക്കിയതും അതില്‍ സ്ഥിരപ്പെടാന്‍ ശ്രമിച്ചതും നമ്മുടെ മുന്നണി സംവിധാനത്തിലെ സ്വജനപക്ഷപാതചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം. എന്നാല്‍, അദ്ദേഹം പുതിയ സര്‍ക്കാറിനാല്‍ യഥാസമയം പുറത്താക്കപ്പെട്ടപ്പോള്‍ പ്രതിഷേധ പ്രസ്താവന പുറപ്പെടുവിക്കാന്‍ ഒ.എന്‍.വി.യും സച്ചിദാനന്ദനും ചുള്ളിക്കാടും തെല്ലിടപോലും സമയം എടുത്തില്ല എന്നതാണ് ഇവിടെ പ്രസക്തം.

2006
മുതല്‍ ആരംഭിച്ച ഇടതുഭരണം ബുദ്ധിജീവി പ്രീണനത്തിന്റെ കാര്യത്തില്‍ ഒരു വഴിത്തിരിവ് ആയിരുന്നു. അന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധരും വിമര്‍ശകരുമായിരുന്ന മുതിര്‍ന്ന സാഹിത്യകാരന്മാരും സാഹിത്യകാരികളുമൊക്കെ ഇക്കുറി കരടിപ്പിടിയിലൊതുങ്ങി വഴങ്ങി. പാവം അക്കിത്തം പോലും ''ഞാനുമൊരു കമ്യൂണിസ്റ്റ് ആണേ'' എന്ന് പ്രീതനായി. ഭരണകൂടവും പാര്‍ട്ടിയും വിചാരിച്ചാല്‍ നല്‍കാനാവുന്ന വലിയ പുരസ്‌കാരങ്ങള്‍ എല്ലാവര്‍ക്കും നല്‍കി. സ്ഥാപനങ്ങള്‍ നടത്തുന്ന എഴുത്തുകാര്‍ക്ക് സുരക്ഷിതത്വവും സാമ്പത്തികസുരക്ഷിതത്വവും നല്‍കി.

സാഹിത്യത്തിനു പുറമേ സാമൂഹിക പ്രതികരണകുതുകം കൊണ്ട് കൂടി അതി പ്രശസ്തി കൈവരിച്ചവരാണ് ഈ എഴുത്തുകാരെല്ലാം. അത്ഭുതപ്പെടുത്തുംവിധം, ഇവരെല്ലാം ഇപ്പോള്‍ പ്രതികരണ വിമുഖത പ്രകടിപ്പിച്ച് ആവശ്യമുള്ള സമയത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടു നന്ദി കാട്ടുന്നു. അമ്പത്തൊന്ന് വെട്ടേറ്റു ഒരാള്‍ കൊല്ലപ്പെട്ടതിനെ സാര്‍വകാലികതയിലും സാമാന്യവത്കരണത്തിലും മുതിര്‍ന്ന എഴുത്തുകാര്‍ മുക്കിക്കൊല്ലുന്നത് അങ്ങനെയാണ്

                             പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: