Pages

Friday, May 4, 2012

പുരുഷവന്ധ്യംകരണം കൂടുന്നു; ഒരു വര്‍ഷത്തിനിടെ നടന്നത് 6085 ശസ്ത്രക്രിയ


പുരുഷവന്ധ്യംകരണം കൂടുന്നു; ഒരു വര്‍ഷത്തിനിടെ നടന്നത് 6085 ശസ്ത്രക്രിയ
ജനസംഖ്യാവര്‍ധന തടയാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ പുരുഷന്മാരും രംഗത്ത്. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 6085 പുരുഷന്‍മാരാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന 99 ശതമാനവും സ്ത്രീകളായിരുന്നു.

സ്ത്രീകള്‍ക്കുള്ള ശസ്ത്രക്രിയകള്‍ അല്പം സങ്കീര്‍ണമാണ്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ഏറെനാള്‍ വിശ്രമവും വേണ്ടിവരും. ഇതിന് പരിഹാരമായാണ് വന്ധ്യംകരണത്തിന് സ്ത്രീകളുടെ എണ്ണം കുറച്ചുകൊണ്ട് പുരുഷന്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചത്. ഇതിനായി നോസ്‌കാപ്പല്‍ വാസക്ടമി (തുന്നലില്ലാത്ത ശസ്ത്രക്രിയ) ആശുപത്രികളില്‍ തുടങ്ങി.

വന്ധ്യംകരണത്തിന് 1500 രൂപ ഇന്‍സെന്റീവ് കൂടി നല്‍കിയതോടെ കൂടുതല്‍ പുരുഷന്‍മാരെത്തി. തുന്നലില്ലാത്ത വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയാല്‍ ഒരു മണിക്കൂറിനകം ആശുപത്രി വിടാനാകും. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമമവും ആവശ്യമില്ല. ഇക്കാരണങ്ങളാണ് പുരുഷന്മാരെ കൂടുതല്‍ വന്ധ്യംകരണത്തിലേക്ക് ആകര്‍ഷിച്ചത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പുരുഷവന്ധ്യംകരണം നടന്നത്. 1200 പുരുഷന്‍മാര്‍ക്ക് ഇവിടെ തുന്നലില്ലാത്ത ശസ്ത്രക്രിയ നടത്തി. ജനസംഖ്യാവര്‍ധനവിന് പേരുകേട്ട മലപ്പുറത്തു പോലും വന്ധ്യംകരണത്തിന് പുരുഷന്മാരെത്തി. ഇവിടെ 500 പേര്‍ക്കായിരുന്നു വന്ധ്യംകരണശസ്ത്രക്രിയ. ആലപ്പുഴയും പത്തനംതിട്ടയുമാണ് പുരുഷവന്ധ്യംകരണ ശസ്ത്രക്രിയയില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തുള്ളത്. ഇവിടങ്ങളില്‍ 600 പേര്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. കാസര്‍കോടാണ് പുരുഷവന്ധ്യംകരണത്തില്‍ പിന്നില്‍. ഒരു വര്‍ഷത്തിനിടെ 200 പേര്‍ക്കായിരുന്നു ഇവിടെ ശസ്ത്രക്രിയ. തിരുവനന്തപുരം-274, കൊല്ലം-240, കോട്ടയം-400, ഇടുക്കി-400, തൃശ്ശൂര്‍-400, പാലക്കാട്-400, കോഴിക്കോട്-250, വയനാട്-321, കണ്ണൂര്‍-300 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വന്ധ്യംകരണ ശസത്രക്രിയയുടെ എണ്ണം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് ആലപ്പുഴ ചെട്ടികാട് ഗ്രാമീണ ആരോഗ്യ പരിശീലന കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സജിത്താണ്. 164 വന്ധ്യംകരണ ശസ്ത്രക്രിയയാണ് സജിത്ത് നടത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 38,850 സ്ത്രീ വന്ധ്യംകരണ ശസ്ത്രക്രിയകളും നടന്നിട്ടുണ്ട്. സ്ത്രീ വന്ധ്യംകരണ നിരക്കില്‍ തിരുവനന്തപുരമാണ് മുന്നില്‍. ഇവിടെ 9,000 സ്ത്രീകള്‍ക്കായിരുന്നു ശസ്ത്രക്രിയ. വയനാടാണ് പിന്നില്‍. 750 സ്ത്രീകള്‍ക്ക് ഇവിടെ വന്ധ്യംകരണം നടത്തി. വന്ധ്യംകരണം നടത്തുന്ന സ്ത്രീകള്‍ക്ക് 1000 രൂപ ഇന്‍സെന്റീവുണ്ട്.

          പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: