Pages

Saturday, May 5, 2012

MALAYALAM UNIVERSITY &MALAYALAM LANGUAGE &LITERATURE


മലയാളപഠനവും മലയാള സര്‍വകലാശാലയും
                                                            ഡോ. ജോര്‍ജ് ഇരുമ്പയം
ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായി പഠിപ്പിക്കാന്‍ ജീവനാവകാശത്തിനു വേണ്ടിയെന്നപോലെ പടവെട്ടാന്‍ മലയാളികള്‍ മുന്‍പന്തിയിലുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ അവര്‍ക്ക് അലംഭാവമാണ്. ഇതു മറ്റെങ്ങുമില്ലാത്ത ഒരു രോഗമാണ്
കേരളത്തിലെ വിദ്യാലയങ്ങളിലെല്ലാം മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അതു വേണ്ടത്ര പ്രയോഗത്തില്‍ വന്നിട്ടില്ല. മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വേണ്ട പീരിയഡും അധ്യാപകതസ്തികയും സൃഷ്ടിക്കാതെ കാര്യം നടക്കുമോ? അര്‍ധമനസ്സോടെയുള്ള ഒരു ജി.ഒ. ആയിരുന്നോ അത്? ചില സി.ബി.എസ്.ഇ. സ്‌കൂളുകളിലും മറ്റും അടുത്ത വര്‍ഷവും മലയാളപഠനം നിര്‍ബന്ധിതമാക്കാന്‍ ഭാവമില്ലെന്നറിഞ്ഞു. മലയാളം പഠിപ്പിക്കുന്നതിനു വേണ്ടി മലയാളികളോടുതന്നെ മല്ലടിക്കേണ്ട അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്!ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായി പഠിപ്പിക്കാന്‍ ജീവനാവകാശത്തിനുവേണ്ടിയെന്നപോലെ പടവെട്ടാന്‍ മലയാളികള്‍ മുന്‍പന്തിയിലുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ അവര്‍ക്ക് അലംഭാവമാണ്. ഇതു മറ്റെങ്ങുമില്ലാത്ത ഒരു രോഗമാണ്. മറ്റു സംസ്ഥാനങ്ങളിലൊക്കെ അതതു ഭാഷകള്‍ നിര്‍ബന്ധമായി പഠിപ്പിക്കുന്നു. കര്‍ണാടകയില്‍ കന്നട മാത്രമേ നിബന്ധമായും പഠിക്കേണ്ടതുള്ളൂ എന്നും കേട്ടു. വേറെ രണ്ടോ മൂന്നോ ഭാഷകള്‍ കൂടി വേണമെങ്കില്‍ പഠിക്കാമത്രെ. അവയില്‍ ഇംഗ്ലീഷും സംസ്‌കൃതവും ഹിന്ദിയും തമിഴും മറ്റുമുണ്ട്.

തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത ഒന്നാംഭാഷയായി തമിഴും രണ്ടാം ഭാഷയായി ഇംഗ്ലീഷും ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളില്‍വരെ പഠിപ്പിക്കുന്നു. മെഡിക്കല്‍-എന്‍ജിനീയറിങ് കോളേജുകളില്‍ പോലും തമിഴിന്റെ ഒരു പേപ്പര്‍ നിര്‍ബന്ധമാണ്. കന്യാകുമാരി ജില്ലയ്ക്കു പുറമേ മലയാളികള്‍ ബഹുഭൂരിപക്ഷമുണ്ടായിരുന്ന ഗൂഡല്ലൂര്‍ താലൂക്കുകൂടി കപടതന്ത്രങ്ങളിലൂടെ സ്വന്തമാക്കിയ തമിഴ്‌നാട് ആ പ്രദേശങ്ങളിലെ മലയാളികള്‍ക്കുപോലും മാതൃഭാഷ ഒന്നാംഭാഷയായി പഠിക്കാന്‍ അവസരം നല്കുന്നില്ല. അവര്‍ക്കു വേണമെങ്കില്‍ മൂന്നാംഭാഷയായി മലയാളം പഠിക്കാം! അതേസമയം, കേരളത്തിലെ തമിഴ്-കന്നട-ഓറിയന്റല്‍ സ്‌കൂളുകളില്‍ യഥാക്രമം തമിഴും കന്നടയും അറബിയും മറ്റുമാണ് ഒന്നാം ഭാഷ.ഹിന്ദി പ്രദേശങ്ങളോടു തൊട്ടുകിടക്കുന്ന ഒഡിഷ പോലുള്ള സംസ്ഥാനങ്ങളില്‍പ്പോലും ഹിന്ദി നിര്‍ബന്ധമല്ല. അവരുടെ ഭാഷയാണ് നിര്‍ബന്ധമായി പഠിക്കേണ്ടത്. കേരളത്തിലാകട്ടെ ഹിന്ദിയും ഇംഗ്ലീഷുമാണ് നിര്‍ബന്ധം; മലയാളം ഏറെക്കുറെ ഐച്ഛികവും! ഇതിന് മാറ്റം വന്നേ തീരൂ. മറ്റു പലയിടത്തുമെന്നപോലകേരളത്തിലും സംസ്ഥാനഭാഷമാത്രം നിര്‍ബന്ധവും മറ്റു ഭാഷകള്‍ ഐച്ഛികവുമാക്കാന്‍ നിയമം കൊണ്ടുവരണം. അതിനായി മലയാളപ്രേമികള്‍ സമരം ചെയ്യേണ്ടിയിരിക്കുന്നു. ആ നിയമം വന്നാലേ മലയാളത്തോടുള്ള അവഗണന അവസാനിക്കൂ. കുറഞ്ഞത് തമിഴ്‌നാട്ടിലെ രീതിയെങ്കിലും ഇവിടെ വരണം.
നിര്‍ദിഷ്ട മലയാള സര്‍വകലാശാലയെക്കുറിച്ച് രണ്ടുവാക്ക്. എഴുത്തച്ഛന്റെ സ്ഥലം എന്ന ന്യായത്തില്‍ തിരൂരാണത്രേ മലയാള സര്‍വകലാശാല തുടങ്ങാന്‍ പോകുന്നത്! എഴുത്തച്ഛന്‍ തിരൂരിന്റെ മാത്രം സ്വത്തല്ല, മലയാളികളുടെയെല്ലാം സ്വത്താണ്. കേരളത്തിന്റെ മധ്യഭാഗത്ത്, തൃശ്ശൂര്‍ ജില്ലയിലോ മറ്റോ എല്ലാ മലയാളികള്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു പ്രദേശമാണ് മലയാള സര്‍വകലാശാലയ്ക്കായി കണ്ടെത്തേണ്ടത്. 1000 ഏക്കര്‍ സ്ഥലമെങ്കിലും അതിനായി ഏറ്റെടുക്കണം. തിരൂര്, 18 ഏക്കറാണ് മലയാളികളുടെ ഈ സ്വപ്നപദ്ധതിക്ക് കണ്ടു വെച്ചിരിക്കുന്നതെന്നറിഞ്ഞു. ഒരു ഉത്തരേന്ത്യന്‍ സര്‍വകലാശാലയുടെ പെരിന്തല്‍മണ്ണ സെന്ററിന് (ഓഫ്കാമ്പസ് സെന്റര്‍) വഴിയടക്കം 344 ഏക്കര്‍! മലയാള സര്‍വകലാശാലയ്ക്ക് 18 ഏക്കറും! എങ്ങനെയുണ്ട് മലയാളികളുടെ മാതൃഭാഷാ സ്‌നേഹം?കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ളതും ലോക വിജ്ഞാനം മുഴുവന്‍ മലയാളത്തിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്നതും ശാസ്ത്ര-സാങ്കേതിക വിഷയങ്ങളും മെഡിക്കല്‍-എന്‍ജിനീയറിങ് ബിരുദങ്ങളുമൊക്കെ മലയാളത്തിലൂടെ പഠിച്ചെടുക്കാവുന്നതുമായ ഒന്നായിരിക്കണം മലയാള സര്‍വകലാശാലയെന്നും അത്തരത്തില്‍ വികസിപ്പിക്കാവുന്ന സ്ഥലവ്യാപ്തി അതിന്റെ ആസ്ഥാനത്ത് ഉണ്ടാക്കണമെന്നും കാണിച്ച് ഒരു രൂപരേഖ തയ്യാറാക്കി, മലയാള ഐക്യവേദി, മലയാള സമിതി, മലയാള സംരക്ഷണവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ 2011 ആഗസ്ത് 14-ന്, കേരളസര്‍ക്കാറിനു നല്കിയിരുന്നു. ലോക ഭാഷകളും വിവിധ വിഷയങ്ങളും പഠിപ്പിക്കുന്ന വകുപ്പുകള്‍ അവിടെ ഉണ്ടാകണമെന്നും അവ പല സെന്ററുകളിലായാല്‍ കുട്ടികള്‍ തമ്മിലുള്ള ഇടപെടലുകളും ആദാന പ്രദാനങ്ങളും നടക്കില്ലെന്നും എല്ലാം ഒരിടത്താകണമെന്നും അതില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഐന്‍സ്റ്റീനെപ്പോലുള്ള മഹാപ്രതിഭകള്‍ ചേര്‍ന്നു സ്ഥാപിച്ച ഹീബ്രു സര്‍വകലാശാലയെ മാതൃകയാക്കാമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രതിഭാശാലികളായ അനേകം മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം സഹകരണം തേടണം. ലോകമെങ്ങുമുള്ള മലയാളികളുടെ അഭിമാനവും സ്വപ്നസാക്ഷാത്കാരവുമായി മലയാള സര്‍വകലാശാല മാറണം. ഹീബ്രുസംസാരിക്കുന്നവര്‍ എട്ടുദശലക്ഷമാണ്. മലയാളികള്‍ അതിന്റെ നാലിരട്ടിയുണ്ട്. ഹീബ്രു സര്‍വകലാശാലയിലെ പല പൂര്‍വ വിദ്യാര്‍ഥികള്‍ക്കും നൊബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 57-ാമത് സര്‍വകലാശാലയാണത്. ലോകവിജ്ഞാനവും സാങ്കേതികവിദ്യയുമൊക്കെ ഇന്നും ഹീബ്രുവിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നു! മലയാളികളുടെ വിചാരം ഇംഗ്ലീഷിലൂടെയേ ഇതൊക്കെ സാധ്യമാകൂവെന്നാണ്. ഇന്ത്യയിലല്ലാതെ ലോകത്തിലെങ്ങും ഇങ്ങനെയൊരു ധാരണയില്ല. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍, ബെല്‍ജിയം,ഹോളണ്ട് എന്നിവിടങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. ആ രാജ്യങ്ങളില്‍ സ്വഭാഷകളിലാണ് ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവുമൊക്കെ നടക്കുന്നത്. സ്‌പെയിനിലെ കാറ്റലോണിയ പ്രദേശത്തെയും അന്‍ഡോറയിലെയും ഭാഷയായ കാറ്റലന്‍പോലും അത്തരത്തില്‍ വളര്‍ന്നിരിക്കുന്നു. ഇംഗ്ലീഷിന് അവിടെയൊന്നും സ്ഥാനമില്ല. അത് ഐച്ഛികമായി പഠിക്കാവുന്ന ഭാഷകളില്‍ ഒന്നു മാത്രം. ദശലക്ഷക്കണക്കിന്ന് തീര്‍ഥാടകര്‍ തടിച്ചുകൂടുന്ന ഫാത്തിമ, ലൂര്‍ദ്, റോം എന്നിവിടങ്ങളില്‍ യഥാക്രമം പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലാണ് ബോര്‍ഡുകളെല്ലാം. തീര്‍ഥാടകര്‍ക്കും മറ്റും നല്കുന്ന ലഘുലേഖകളില്‍, മറ്റു പല ഭാഷകളുടെ കൂട്ടത്തില്‍ ഇംഗ്ലീഷും കാണാമെന്നുമാത്രം. കോടിക്കണക്കിനു പുസ്തകങ്ങള്‍ വിറ്റുപോകുന്ന പൗലോ കൊയ്‌ലോയുടെ നോവലുകള്‍ രചിക്കപ്പെടുന്നത് പോര്‍ച്ചുഗീസ് ഭാഷയിലാണ്! തര്‍ജമകളായി അവ ലോകമെങ്ങും എത്തുന്നു.

മലയാളത്തിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവും. നമ്മുടെ ആയുര്‍വേദവും സസ്യ വിജ്ഞാനവം കളരിയഭ്യാസവും സാഹിത്യകൃതികളും ലോകമെങ്ങും വ്യാപിക്കും. ഏത് വിജ്ഞാനശാഖയിലും ഉന്നതങ്ങളിലെത്താവുന്ന പ്രതിഭകള്‍ നമുക്കുണ്ട്. ഇംഗ്ലീഷ് പഠിച്ചുണ്ടാക്കാന്‍ അവരുടെ നല്ലകാലം നഷ്ടപ്പെടുത്തുകയാണ്. അതിനുമാറ്റംവന്നാല്‍ നമ്മുടെ അപകര്‍ഷകതാബോധം നീങ്ങി ആത്മാഭിമാനം ഉണര്‍ന്നാല്‍ വലിയകാര്യങ്ങള്‍ നമുക്ക് സാധിക്കും. അതിനു വഴിതെളിക്കാന്‍ മലയാള സര്‍വകലാശാലയ്ക്ക് കഴിയണം.

                                   പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: