Pages

Friday, April 13, 2012

VISHU-2012- TRADITIONAL STORY







പൊന്‍കണി

ദൈവാംശത്തോടെയുളള കണി സാധനങ്ങളെ ദര്‍ശിച്ച്, ഭഗവാന്റെ പൂപ്പുഞ്ചിരിയില്‍ മനമലിയിച്ച്, കൈവെളളയിലേയ്ക്ക് കാണിക്കയായി വീഴുന്ന നാണയത്തുട്ടുകളെ സ്വന്തമാക്കി പടക്കത്തിന്റേയും മത്താപ്പൂക്കളുടേയും അകമ്പടിയോടെ ആദിത്യസ്‌തോത്രം ചൊല്ലി സൂര്യദേവനെ നമസ്‌ക്കരിക്കുമ്പോള്‍ മനസ്സിന്റെ മഞ്ഞിന്‍ പാളികളിലേയ്ക്ക തുളഞ്ഞിറങ്ങുന്ന ശാന്തികിരണങ്ങള്‍ ... അവയുടെ ആവച്യാനുഭൂതി ! ഹൃദയത്തിലെങ്കിലും മന്ത്രിക്കാം. ഇന്നത്തെ കണി എന്നത്തേയും കണിയാകട്ടെ എന്ന്.

വിഷുപ്പൂക്കളായി നമ്മള്‍ സങ്കല്പിക്കുന്നത് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കണിക്കൊന്ന പൂക്കളെയാണ്. കണ്ണികാരപ്പൂക്കള്‍ എന്ന പേരിലും അവ അറിയപ്പെടുന്നു. അശുദ്ധമായഅന്തരീക്ഷങ്ങളില്‍ അവ വളരാറില്ലെന്നാണ് വാമൊഴി. ഭഗവാന്റെ അരക്കിങ്ങിണിയാണ് കണിക്കൊന്ന പൂക്കളായി രൂപാന്തരപ്പെട്ടതെന്നൊരു പൂരാണകഥയുണ്ട്. അത് ഭഗവാന്‍ ശ്രീകൃഷ്മനുമായി ബന്ധപ്പെട്ട ഭക്തിസാന്ദ്രമായൊരു വിവരണമാണ്.

പണ്ട് പണ്ട് ഗുരുവായൂരമ്പലത്തിനടുത്തായി പരമദരിദ്രയായ ഒരമ്മയും മകളും താമസിച്ചിരുന്നു. തീര്‍ത്തും കഷ്ടപ്പാടായിരുന്നെങ്കിലും ഭഗവല്‍ ഭജനത്തില്‍ അവര്‍ഒട്ടും മുടക്കം വരുത്തിയിരുന്നില്ല. കൃഷ്ണനെ സ്വന്തം കുഞ്ഞായി സങ്കല്പിച്ചികൊണ്ടായിരുന്നു ആ അമ്മയുടെ പ്രാര്‍ത്ഥനകള്‍ .

ബാല്യം പിന്നിട്ട് ആ പെണ്‍കുട്ടി യൗവ്വനത്തിലേയ്ക്ക് കടന്നു. സമപ്രായക്കാര്‍ പൊന്നും പട്ടുമണിഞ്ഞ് ഓരോരോ ആഘോഷങ്ങള്‍ക്ക് ഒത്തുകൂടുമ്പോള്‍ തന്റെദാരിദ്ര്യാവസ്ഥയോര്‍ത്ത് ആ പെണ്‍കുട്ടിയുടെ മനം വിതുമ്പും. 'പൊന്നിന്റെ ഒറ്റയൊരാഭരണമെങ്കിലും തനിക്കുണ്ടായിരുന്നെങ്കില്‍ ,വെറൊന്നും വേണ്ട. ഒരു കുഞ്ഞുമൂക്കുത്തി - ഗതിയില്ലാത്തവള്‍ അതിനായി ആഗ്രഹിക്കുന്നത് ദുരാഗ്രഹമാണെന്നറിയാം.എന്നാലും കൊതിച്ചു പോവുകയാണ്. ആഗ്രഹിച്ചു പോവുകയാണ്. 'അത്തരമൊന്നു വാങ്ങിത്തരാനുളള കഴിവ് അമ്മയ്ക്കില്ലെന്നറിയാം എങ്കിലും ആ പെണ്‍കുട്ടി തന്റെ ആഗ്രഹം അമ്മയുടെ മുന്‍പില്‍ സമര്‍പ്പിച്ചു.

''
നിന്റെ ആശ കണ്ണനോട് പറയ് മകളെ '' ആ അമ്മ മകളുടെ ശിരസ്സില്‍ അരുമയോടെ തലോടി. അമ്പാടിക്കുഞ്ഞ് നിന്റെ മോഹം നിറവേറ്റിത്തരും. ഉറപ്പായും - ആ പെണ്‍കുട്ടി അന്നു മുതല്‍ തന്റെ അര്‍ത്ഥന കണ്ണന്റെ മുന്‍പില്‍ സമര്‍പ്പിച്ചു. ഒരു ദിവസം കണ്ണന്റെ നേരെ കൈനീട്ടി യാചിച്ചുകൊണ്ടു നിന്ന അവളുടെ കൈവെളളയിലേയ്ക്ക് ഒരു പട്ടു പൊതി വന്നു വീണു. അവള്‍ വിഭ്രാന്തിയോടെ അതെടുത്ത് തുറന്നു നോക്കി. ഒതു പൊന്‍ കിങ്ങിണി. തന്റെ പൊന്നാശയറിഞ്ഞ് കണ്ണന്‍ ദാനമാക്കിയതാണ് അതെന്നു അവള്‍ ഉറപ്പായും വിശ്വസിച്ചു. അവള്‍ കൊതിയോടെ ആ കിങ്ങിണി മുഖത്തേയ്ക്കമര്‍ത്തി. ഹാവൂ എന്തൊരു ഭംഗി. താനിതുടച്ച് വേണ്ടത്ര ആഭരണങ്ങള്‍ പണിയും.

എന്നാല്‍ വീട്ടിലെത്തിയതോടെ സംഗതി മാറി. കണ്ണന്‍ പൊന്‍ കിങ്ങിണി കൊടുക്കുകയോ - എത്ര പറഞ്ഞിട്ടും അമ്മ അത് വിശ്വസിച്ചില്ല. മാത്രമല്ല സംഭവമറിഞ്ഞ ഭക്തജനങ്ങളും അത് സത്യമാണെന്നു മനസ്സിലാക്കിയില്ല. അവര്‍ രോഷത്തോടെ കളളിയെന്നു മുദ്രകുത്തി ആ പെണ്‍കുട്ടിയെ നിന്ദിക്കാനും അപഹസിക്കാനും തുടങ്ങി. അവള്‍ ഓടി കണ്ണന്റെ തിരുമുമ്പിലേയ്ക്ക് ചെന്നു. "കണ്ണാ എന്റെ നിരപരാധിത്വം ഇവരെ ബോദ്ധ്യപ്പെടുത്തണെ". അവള്‍ സോപാനപ്പടിമേല്‍ നെറ്റി മുട്ടിച്ചു. "അല്ലെങ്കില്‍ ഞാനീ കരിങ്കല്‍പ്പടിയില്‍ തലയടിച്ചു ചാകും. തന്ന കിങ്ങിണി ഞാനിതാ തിരിച്ചു വയ്ക്കുന്നു". പെട്ടെന്ന് ഒരശരീരീ ശ്രീകോവിലിനുളളില്‍ നിന്നും മുഴങ്ങി. ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും. "ഞാനിതെന്റെ ഭക്തിയ്ക്ക് ദാനം ചെയ്തതാണ്. ദാനവസ്തു ഞാന്‍ തിരിച്ചെടുക്കില്ല. പൊന്‍ കിങ്ങിണി വലതു വശത്തേയ്‌ക്കെറിഞ്ഞോളു. എന്റെ സ്പര്‍ശനമേല്ക്കുന്ന നറുമലരുകളായിത്തീരും അവ". പെണ്‍കുട്ടി തന്നെ അവ വലതു വശത്തേയ്ക്ക് വലിച്ചെറിഞ്ഞു. അല്പം കഴിഞ്ഞു എല്ലാവരുമായി അങ്ങോട്ടേയ്ക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച - നിറയെ പൂക്കളുമായി ഒരു കണിക്കൊന്ന മരം. പെണ്‍കുട്ടി കുറെ പൂക്കളിറുത്ത് കണ്ണന്റെ മുന്‍പില്‍ സമര്‍പ്പിച്ചു. അന്നു മുതല്‍ കൊന്നപ്പൂക്കള്‍ കണ്ണന്റെ പൂജാപുഷ്പങ്ങളായിത്തീര്‍ന്നു. ക്രമേണ ആ പെണ്‍കുട്ടിയുടെ ദാരിദ്ര്യം മാറുകയും അവള്‍ സമ്പന്നയായിത്തീരുകയും ചെയ്തു.

വിഷുപ്പുലരിയുടെ പ്രാധാന്യത കണികാണലും കൈനീട്ടം കൊടുക്കലുമാണ്. ഓട്ടുരുളിയില്‍ പരത്തിയ ഉണക്കലരിയുടെ മുകളില്‍ പഴവര്‍ഗ്ഗങ്ങള്‍, വെളളരിക്ക, നാണയത്തുട്ടുകള്‍, സ്വര്‍ണ്ണം, തേങ്ങാമുറി, അലക്കു വസ്ത്രങ്ങള്‍, വാല്‍ക്കണ്ണാടി എന്നിവ വയ്ക്കുന്നു. അവയ്ക്ക് മുന്‍പിലായി പാല്‍പുഞ്ചിരി പൊഴിക്കുന്ന ബാലഗോപാല വിഗ്രഹം സ്ഥാപിതമാക്കണം. കത്തിച്ച നിലവിളക്കിന്റെ പ്രഭാപൂരത്തിലൂടെയാകണം കണികാണേണ്ടത്. കുടുംബാംഗങ്ങളെ മാത്രമല്ല വീട്ടിലുളള പക്ഷി മൃഗാദികളുടെ നേര്‍ക്കും കണിപ്പാത്രം നീട്ടണം. ഒരു മുഴുവന്‍ വര്‍ഷത്തേയും സമ്പല്‍ സമൃദ്ധികളായിരിക്കണം വിഷുക്കണിയിലൂടെ ആവാഹിച്ച് നമ്മള്‍ ആത്മാവിലണയ്‌ക്കേണ്ടത്.

കൈനീട്ടമായി നല്‍കേണ്ട നാണയങ്ങള്‍ അതി ശുദ്ധവും മാലിന്യ വിഹീനവുമായിരിക്കണം. കണി കണ്ടു കഴിഞ്ഞാല്‍ അഞ്ചു തിരി കത്തുന്ന നിലവിളക്കിനുമുന്‍പില്‍ കുടുംബ നാഥനോ കുടുംബനാഥയോ നില്ക്കും. ഓരോരുത്തരായി വിളിച്ച് കണികാണിച്ചു കഴിഞ്ഞാല്‍ നാണയവും കൊന്നപ്പൂവിന്റെ അല്പവും എടുത്ത് കൈനീട്ടവുമായി കൊടുക്കും. കൊടുക്കുന്നയാളിന്റെ നില്പ് കിഴക്കോട്ടോ പടിഞ്ഞാറൊട്ടോ ആയിരിക്കണം. അതിനു ശേഷം ഭഗവാനെ നമസ്‌ക്കരിച്ച് പിന്മാറും.



സങ്കല്പിക്കുന്നത്. കൃഷ്ണനോടൊപ്പം കൊന്നപ്പൂക്കളേയും കണികണ്ടാല്‍ ആധിവ്യാധികളില്‍ നിന്നും മുക്തി നേടുമെന്നും വിശ്വാസമുണ്ട്. ഭഗവാന്റെ തിരുമേനിയും ആടയാഭരണങ്ങളും കണികാണുക വഴി, വരാനിരിക്കുന്ന ഒരു വര്‍ഷക്കാലം സമ്പല്‍ സമൃദ്ധമായിത്തീരുമെന്നു പഴമക്കാര്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ക്ക് മാത്രമല്ല അന്ന് വീട്ടിലെത്തുന്ന വിരുന്നുകാര്‍ക്കും അതിഥികള്‍ക്കുമെല്ലാം കുടുംബനാഥന്‍ കൈ നീട്ടം കൊടുക്കാറുണ്ട്. അതൊരു ഭിക്ഷയോ ദാനമോ ആയി ആരും കണക്കാക്കാറില്ല. മറിച്ച് സ്‌നേഹം പങ്കിടലാണ് - മമതയുടെ ഉള്‍ത്തുടിപ്പാണ് - സൗഹൃദത്തിന്റെ പൊന്‍ പ്രഭയാണ്. കൈയിലേയ്ക്ക് വീഴുന്ന ആ സ്‌നേഹമുദ്രകള്‍ നെഞ്ചോടു ചേര്‍ത്തു കൊണ്ട് കാത്തിരിക്കാം അടുത്ത വിഷുപ്പുലരിയ്ക്കായി.

കണികാണും നേരം കമല നേത്രന്റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനെ....
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: