നഗരവാസികളെ നീന്തല്‍ പഠിപ്പിക്കാന്‍ മുരളീധരന്‍ വീണ്ടും ഡല്‍ഹിയില്‍
മൂന്ന് കടലിടുക്കുകള്‍ മുരളിയുടെ കൈകാലുകള്‍ കീഴടക്കിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, ബോംബെ, പാക് കടലിടുക്കുകളാണ് അവ. നാലെണ്ണം ബാക്കിയുണ്ട്. അമേരിക്കയിലെ കാറ്റലീന കടലിടുക്കും ഇംഗ്ലീഷ് ചാനലും ദക്ഷിണാഫ്രിക്കയിലെ കടലിടുക്കും സ്‌പെയിനിലെ ജിബ്രാള്‍ട്ടന്‍ കടലിടുക്കും. അവ കൂടി കീഴടക്കിയാല്‍ ലോകത്തെ ഏഴ് കടലിടുക്കുകളും നീന്തിക്കടക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമായി മുരളി മാറും. അഞ്ച് വര്‍ഷമായി ഡല്‍ഹിയിലെ നീന്തല്‍പരിശീലന രംഗത്ത് മുരളിയുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നീന്തല്‍ പരിശീലനം നല്‍കുന്ന മുരളി മൂന്ന് വര്‍ഷമായി താജ്‌ഹോട്ടലിലാണ് ജോലിചെയ്തിരുന്നത്. നീന്തലിന്റെ ബാലപാഠങ്ങള്‍ നഗരവാസികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന മുരളി ജലാശയങ്ങള്‍ കീഴടക്കി മുന്നേറാന്‍ അവരെ പ്രാപ്തരാക്കുന്നു. താജിലെ ജോലി വിട്ടശേഷം നഗരത്തില്‍ പേഴ്‌സണല്‍ സ്വിമ്മിങ് ട്രെയിനറായി ജോലിനോക്കുകയാണ്. കശ്മീരിഗേറ്റ് ഐ.എസ്.ബി.ടി.യിലെ ഒബ്‌റോയ് അപ്പാര്‍ട്ട്‌മെന്റില്‍ 35ഓളം പേര്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കുന്നു. കൂടാതെ ഗുഡ്ഗാവിലെ വെസ്റ്റേണ്‍ ഗ്രീന്‍ഹൗസിലും 36 കാരനായ മുരളി നീന്തല്‍ പാഠം പകരുന്നു.
കലഹിക്കുന്ന കടലിന്റെ കോലാഹലങ്ങളെ മനസ്സാന്നിധ്യത്തോടെ മറികടന്നാണ് മുരളി പാക് കടലിടുക്കില്‍ വിജയക്കൊടി പാറിച്ചത്. ആര്‍ത്തിരമ്പുന്ന തിരമാലകളെയും അതിശക്തമായ അടിയൊഴുക്കുകളെയും നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിക്കാന്‍ തനിക്ക് കഴിഞ്ഞെന്ന് മുരളി പറഞ്ഞു. മൂന്ന് കടലുകള്‍ സംഗമിക്കുന്നതിനാല്‍ അടിയൊഴുക്ക് അതിശക്തമായിരുന്നു. ഗള്‍ഫ് ഓഫ് മന്നാര്‍, അറേബ്യന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഇവിടെ ഒന്നുചേരുകയാണ്. മൂന്ന് കടലുകളില്‍ നിന്നും മാറിമാറിവരുന്ന അടിയൊഴുക്കുകളാണ് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത്. 14.28 മണിക്കൂര്‍ നീന്തിയാണ് പാക്ക് കടലിടുക്ക് നീന്തിക്കടന്നത്.
ആഗസ്തില്‍ സ്‌പെയിനിലെ ജിബ്രാള്‍ട്ടന്‍ കടലിടുക്ക് നീന്തിക്കടക്കുകയാണ് മുരളിയുടെ അടുത്ത ലക്ഷ്യം. 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിബ്രാള്‍ട്ടന്‍ നീന്തിക്കയറുകയെന്നത് വന്‍ വെല്ലുവിളിയാണ്. ശക്തമായ തണുപ്പും അടിയൊഴുക്കും തിരമാലകളും തുഴഞ്ഞുമാറ്റി വേണം ജിബ്രാള്‍ട്ടന്‍ കീഴടക്കാനെന്ന് മുരളി ചൂണ്ടിക്കാട്ടി. ജിബ്രാള്‍ട്ടന്‍ കടന്നാല്‍ അമേരിക്കയിലെ കാറ്റലീന കടലിടുക്കാണ് മുരളി ലക്ഷ്യമിടുന്നത്. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റലീനയിലും അലയടിക്കുന്നത് പ്രതികൂല കാലാവസ്ഥയാണ്. നിരന്തരമായ പരിശീലനത്തിലൂടെ വിജയം സ്വന്തമാക്കാനാകുമെന്നാണ് മുരളിയുടെ പ്രതീക്ഷ. ഓരോ സാഹസനീന്തല്‍ പരീക്ഷണത്തിനും മുന്നോടിയായി മൂന്നുമാസം തീവ്രമായ പരിശീലനത്തില്‍ ഏര്‍പ്പെടും. ദിനവും എട്ട് മണിക്കൂര്‍ പരിശീലനമാണ് നടത്തുക. വികാസ്പുരിയില്‍ താമസിക്കുന്ന ചേര്‍ത്തല തിരുന്നെല്ലൂര്‍ സ്വദേശിയായ മുരളീധരന്‍ ഈ മഹാനഗരത്തില്‍ നീന്തല്‍ പഠിപ്പിച്ചും പരിശീലിച്ചും പുതിയ തീരങ്ങള്‍ പിടിച്ചെടുക്കാനാണ് പരിശ്രമിക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment