Pages

Friday, April 20, 2012

SWAMI VIVEKANANDA


വിവേകാനന്ദന്‍
ഞാന്‍ എന്റെ ജനതയ്ക്കായി ഏറ്റെടുത്ത ദൗത്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ആവശ്യമെങ്കില്‍ ഇരുന്നൂറുതവണ ജനിക്കാന്‍ തയ്യാറാണ്.ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ എന്റെ ആദര്‍ശം, ദൈവികതയെക്കുറിച്ചും അതെങ്ങനെ ജീവിതത്തിന്റെ ഓരോ നീക്കത്തിലും ആവിഷ്‌കരിക്കാമെന്നതിനെക്കുറിച്ചും മാനവരാശിയെ പ്രബോധിപ്പിക്കുക എന്നതാണ്.മനുഷ്യനില്‍ അന്തര്‍ലീനമായ ദൈവികതയുടെ ആവിഷ്‌കരണമാണ് മതം.തത്ത്വങ്ങളിലല്ല പ്രയോഗത്തിലാണ് മതത്തിന്റെ രഹസ്യം അടങ്ങിയിട്ടുള്ളത്. നല്ലവനാവുക, നന്മചെയ്യുക - ഇതാണ് മതസര്‍വസ്വം. മനുഷ്യന്‍ എല്ലാ മൃഗങ്ങളെക്കാളും എല്ലാ ദൈവദൂതന്മാരെക്കാളും ഉന്നതനാണ്. മനുഷ്യനെക്കാള്‍ ഉയര്‍ന്നവരായി ആരുമില്ല. മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയര്‍ച്ചയാണ് മതത്തിന്റെ ആദര്‍ശം.രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഒരാള്‍ നേടിയിരിക്കാമെങ്കിലും അയാള്‍ തന്റെ ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അടിമയാണെങ്കില്‍ പരിശുദ്ധമായ സന്തോഷവും യഥാര്‍ഥ സ്വാതന്ത്ര്യവും അയാള്‍ അനുഭവിക്കുന്നില്ല. ചുമരിനെ നോക്കൂ. ചുമര്‍ എന്നെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ? അതെന്നും ചുമര്‍ മാത്രം. മനുഷ്യന്‍ കളവുപറയുകയും ദൈവമായിത്തീരുകയും ചെയ്യുന്നു. ഏറെ പണിപ്പെട്ട് ഞാന്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിരിക്കുന്നു!
ദൈവം എല്ലാ ജീവനിലും സാന്നിധ്യം ചെയ്യുന്നു,
അതിനപ്പുറം ഒരു ദൈവവുമില്ല. ജീവസേവ നടത്തുന്നവര്‍ ദൈവസേവയാണ് നടത്തുന്നത്. നിങ്ങളുടെ മനസ്സില്‍ നിന്ന് സഹായം എന്ന വാക്ക് വെട്ടിക്കളയുക. നിങ്ങള്‍ക്ക് സഹായിക്കുവാനാവില്ല. അത് ദൈവനിന്ദയാണ്! നിങ്ങള്‍ക്ക് ആരാധിക്കാം. നിങ്ങള്‍ ഒരു നായയ്ക്ക് അല്പം ഭക്ഷണം നല്കുമ്പോള്‍ നിങ്ങള്‍ ആ നായയെ ദൈവമായിക്കണ്ട് ആരാധിക്കണം. അവന്‍ എല്ലാമാണ്. അവന്‍ എല്ലാറ്റിലുമുണ്ട്..എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം. എന്നാല്‍ സത്യം ഒന്നിനും വേണ്ടി ത്യജിച്ചുകൂടാ. .നിസ്വാര്‍ഥതയാണ് ദൈവം. ഒരാള്‍ കൊട്ടാരത്തിലെ സിംഹാസനത്തിലിരിക്കുന്നവനായാലും നിസ്വാര്‍ഥിയാണെങ്കില്‍ അദ്ദേഹം ദൈവമാണ്. മറ്റൊരാള്‍ കുടിലില്‍ പരുക്കന്‍വസ്ത്രം ധരിച്ച് നിസ്വനായി കഴിയുകയാണെങ്കിലും സ്വാര്‍ഥിയാണെങ്കില്‍ അയാള്‍ തികഞ്ഞ ലൗകികനാണ്.'ഞാന്‍' എന്നതിനു പകരം 'അങ്ങ്' മാത്രമുള്ള ശാശ്വതവും പൂര്‍ണവുമായ ആത്മനിവേദനമാണ് ഏറ്റവും ഉന്നതമായ ആദര്‍ശം.

സ്ത്രീകള്‍ക്ക് യഥായോഗ്യം ആദരവ് നല്കിക്കൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും
മഹത്ത്വം നേടിയത്. സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായിത്തീരുകയില്ല.ഇന്ത്യയെ സ്ഥിതിസമത്വപരമോ രാഷ്ട്രീയമോ ആയ ആശയങ്ങളാല്‍ നിറയ്ക്കുന്നതിനു മുന്‍പ് ഈ പ്രദേശത്തെ ആത്മീയ ആശയങ്ങളാല്‍ സംഭൃതമാക്കൂ. ആരാണ് ലോകത്തിന് വെളിച്ചമെത്തിക്കുക? മുന്‍പ് ത്യാഗം കുറവായിരുന്നു. അത്ഭുതമെന്നു പറയട്ടെ, വരാനിരിക്കുന്ന കാലത്തും അതുതന്നെയാണ് സ്ഥിതി. എല്ലാവരുടെയും ക്ഷേമത്തിനും ധാരാളം പേരുടെ നന്മയ്ക്കുമായി ഭൂമിയിലെ മികവും ധൈര്യവുമുള്ളവര്‍ സ്വയം ത്യാഗം വരിക്കേണ്ടതുണ്ട്.എല്ലാ വികാസവും ജീവിതവും എല്ലാ സങ്കോചവും മരണവുമത്രെ. സത്യം, പരിശുദ്ധി, നിസ്വാര്‍ഥത - ഈ മൂന്നുമുള്ളയാളെ തകര്‍ക്കാന്‍ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവന്‍ലോകത്തിന്റെയും എതിര്‍പ്പിനെ നേരിടാനാവും.ഇന്ത്യയുടെ ദേശീയ ആദര്‍ശം പരിത്യാഗവും സേവനവുമാണ്. ആ വഴിക്ക് അവളെ തീവ്രമാക്കൂ, ബാക്കിയെല്ലാം അതതിന്റെ വഴിക്ക് നടന്നുകൊള്ളും. സദുദ്ദേശ്യവും ആത്മാര്‍ഥതയും അപരിമേയമായ സ്‌േനഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിര്‍ദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും.ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സര്‍വകോശങ്ങളിലും നിറയ്ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാര്‍ഗം.എല്ലാ പ്രേമവും വികാസവും എല്ലാ സ്വാര്‍ഥവും സങ്കോചവുമാണ്. അതിനാല്‍ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവന്‍ ജീവിക്കുന്നു, സ്വാര്‍ഥി മരിക്കുന്നു. അതിനാല്‍ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാന്‍ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.
വിവേകാനന്ദനെക്കുറിച്ച് ഇവര്‍
''
പരാക്രമശൂരനായ ഒരു വ്യക്തി എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതായിരുന്നു വിവേകാനന്ദന്‍, മനുഷ്യര്‍ക്കിടയിലെ സിംഹം, അദ്ദേഹം വിട്ടിട്ടുപോയ പ്രത്യേക പ്രവര്‍ത്തനം അദ്ദേഹത്തിന്റെ അളവറ്റ സൃഷ്ടിപരതയും ഊര്‍ജവുംകൊണ്ട് മുദ്രാങ്കിതമാണ്. എവിടെ, എങ്ങനെ, ഏതുവിധത്തിലെല്ലാമെന്ന് അറിഞ്ഞുകൂടെങ്കിലും അദ്ദേഹത്തിന്റെ അതിബൃഹത്തായ സ്വാധീനം സിംഹതുല്യമായും മഹത്തായും അവബോധജന്യമായും ഇന്ത്യയുടെ ആത്മാവില്‍ സംക്ഷോഭമുണ്ടാക്കിക്കൊണ്ട് പ്രവേശിക്കുന്നു. വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ മാതാവിന്റെ ആത്മാവിലും അവളുടെ മക്കളുടെ ആത്മാക്കളിലും ജീവിക്കുന്നതു നോക്കൂ! അതാ നോക്കൂ! എന്നാണ് നമുക്ക് പറയുവാനുള്ളത്.''-അരവിന്ദഘോഷ്

''
ആനന്ദാതിരേകത്തോടുകൂടിയല്ലാതെ എനിക്ക് വിവേകാനന്ദനെക്കുറിച്ച് എഴുതുവാന്‍ സാധ്യമല്ല. അദ്ദേഹത്തോട് അടുത്തിടപഴകാന്‍ അവസരം ലഭിച്ചവരില്‍ ചുരുക്കം പേര്‍ക്കു മാത്രമേ അദ്ദേഹത്തെ മനസ്സിലാക്കുവാനും അദ്ദേഹത്തിന്റെ ഉള്ളറിയുവാനും കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ വ്യക്തിത്വം സമ്പുഷ്ടവും ഗംഭീരവും സങ്കീര്‍ണവുമായിരുന്നു. ഈ വ്യക്തിത്വം-അദ്ദേഹത്തിന്റെ ഉല്‍ബോധനങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും വ്യതിരിക്തമായി അദ്ദേഹത്തിന്റെ രാജ്യക്കാരില്‍, പ്രത്യേകിച്ച് ബംഗാളികളില്‍ അത്ഭുതകരമായ സ്വാധീനം ചെലുത്തി. ഇത്തരം വ്യക്തിത്വങ്ങളാണ് ബംഗാളികളെ ആകര്‍ഷിക്കാറുള്ളത്. കൂസലില്ലാത്ത ത്യാഗവും അവിശ്രമമായ പ്രവര്‍ത്തനവും അളവറ്റ സ്‌നേഹവും അസാമാന്യ ഉള്‍ക്കാഴ്ചയും വിവിധ വിഷയങ്ങളിലുള്ള അറിവും വൈകാരിക സമൃദ്ധിയും നിര്‍ദയമായ ആക്രമണവും അദ്ദേഹത്തിന്റെ സവിശേഷതകളാണെങ്കിലും ഒരു ശിശുവിന്റേതെന്നതുപോലെ ലളിതമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ഈ ലോകത്തില്‍ ദുര്‍ലഭമാണ്.''-സുഭാഷ് ചന്ദ്രബോസ്

''
സ്വാമി വിവേകാനന്ദന്‍ ഹിന്ദുത്വത്തെയും ഇന്ത്യയെയും രക്ഷിച്ചു. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് നമ്മുടെ മതം നഷ്ടമാവുമായിരുന്നു, സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുമില്ല. അതിനാല്‍ നാം എല്ലാറ്റിനും സ്വാമി വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നു.''- സി. രാജഗോപാലാചാരി

''
സൂര്യന്‍ ഇരുട്ടകറ്റുന്നതുപോലെയും വിഷ്ണുഭഗവാന്‍ ദുഷ്ടനിഗ്രഹം ചെയ്യുന്നതുപോലെയും അദ്ദേഹത്തിന്റെ ഐന്ദ്രജാലിക വ്യക്തിത്വം മനുഷ്യന്റെ ദുരിതത്രയങ്ങളും നശിപ്പിക്കുന്നു.''-സ്വാമി രാമകൃഷ്ണാനന്ദ (സ്വാമി വിവേകാനന്ദന്റെ സഹോദര സന്ന്യാസി)

''
വൈദ്യുത ആഘാതം പോലെയുള്ള സ്​പന്ദനം എന്റെ ദേഹത്തിലുണ്ടാവാതെ ഈ പുസ്തകത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ വചനങ്ങളെ എനിക്ക് സ്​പര്‍ശിക്കുവാനാവുകയില്ല. ആ വീരന്റെ ചുണ്ടുകളില്‍ നിന്ന് ഇവ പുറപ്പെടുമ്പോള്‍ ജനിപ്പിക്കപ്പെട്ട വൈകാരികക്ഷോഭം എത്രമാത്രമായിരിക്കും!''-റൊമേയ്ന്‍ റൊളാങ്‌

                       പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: