Pages

Saturday, April 28, 2012

MUTTATHU VARKEY AWARD-2012


മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എന്‍.പ്രഭാകരന്
ഇത്തവണത്തെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എന്‍.പ്രഭാകരന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് അവാര്‍ഡ് നിര്‍ണയസമിതി അറിയിച്ചു. 33,333 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വടക്കന്‍ മലബാറിന്റെ കാലവും കാഴ്ച്ചയും അടയാളപ്പെടുത്തിയ ചരിത്രം ഇഴചേര്‍ന്ന സാഹിത്യശൈലിയാണ് എന്‍.പ്രഭാകരന്റേത്.
ആധുനികതയ്ക്ക് ശേഷം മലയാള ചെറുകഥയിലും നോവലിലും പുതിയ ആഖ്യാനങ്ങള്‍ തീര്‍ത്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം. തലശ്ശേരിക്കടുത്ത് ധര്‍മ്മടമാണ് സ്വദേശം. തലശേരി ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാമത്സരത്തില്‍ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാന്‍ എന്ന കഥയിലൂടെയാണ് സാഹിത്യപ്രവേശം. കഥ, നോവല്‍, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയില്‍ ഇരുപതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിയൂര്‍ രേഖകള്‍ , പുലിജന്മം, ബഹുവചനം, ജന്തുജനം, രാത്രിമൊഴി, ജനകഥ, എന്‍.പ്രഭാകരന്റെ കഥകള്‍ , ഏഴിനും മീതെ തുടങ്ങിയവയാണ് പ്രധാനപ്പെട്ട രചനകള്‍.

ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, യു. പി. ജയരാജ് അവാര്‍ഡ്, പാട്യം ഗോപാലന്‍ സ്മാരക അവാര്‍ഡ്, ബഷീര്‍ സാഹിത്യ അവാര്‍ഡ്, ഇ എം എസ് പുരസ്‌കാരം, മേലൂര്‍ ദാമോദരന്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മെയ് 28 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഒ.വി.വിജയന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി, കോവിലന്‍, കാക്കനാടന്‍, വി.കെ.എന്‍, എം.മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ്, എന്‍.പി.മുഹമ്മദ്, പൊന്‍കുന്നം വര്‍ക്കി, സേതു, സി.രാധാകൃഷ്ണന്‍, സക്കറിയ, കമല സുരയ്യ, ടി.പത്മനാഭന്‍, എം.സുകുമാരന്‍, എന്‍.എസ്.മാധവന്‍, പി.വത്സല, സാറാ ജോസഫ് എന്നിവരാണ് ഇതിന് മുമ്പ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍ .

              പ്രൊഫ്.ജോണ്‍ കുരാക്കാര്‍



No comments: