Pages

Tuesday, April 10, 2012

LEARN MALAYALAM


അവധിക്കാലമായി:
ഇനിയല്‌പം മലയാളം പഠിക്കാം

 മറ്റൊരുവധിക്കാലം കൂടി വിരുന്നെത്തിയതോടെ നഗരത്തില്‍ മലയാളം പഠന ക്ലാസുകളും സജീവമായി. ബാംഗ്ലൂരൊട്ടുക്കുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് നഗരത്തിലെ മലയാളമറിയാത്ത പുതിയ തലമുറയെ മാതൃഭാഷ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ആരംഭിച്ച ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഓരോ ഭാഗങ്ങളിലും നിരവധി കുട്ടികളാണ് എത്തിച്ചേരുന്നത്.
മലയാളം മറന്നു തുടങ്ങിയ പഴയ തലമുറയില്‍പെട്ടവരും ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടുമാസക്കാലം നീണ്ടു നില്‍ക്കുന്ന ക്ലാസുകളാണ് പലരും സംഘടിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ചില സാഹിത്യകാരന്മാരും മലയാളം ക്ലാസുകളില്‍ പങ്കെടുക്കാനെത്തും.

ഷെട്ടിഹള്ളിയിലെ കഥാരംഗം സാഹിത്യവേദിയുടേതാണ് നഗരത്തില്‍ ആരംഭിച്ച മലയാളം ക്ലാസുകളില്‍ ഒന്ന് സാഹിത്യകാരി കെ. കവിത ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസക്കാലം ക്ലാസ് നീണ്ടു നില്‍ക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് നാലിന് ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിലാണ് ക്ലാസുകള്‍ നടക്കുന്നത്. കെ. കവിത, ഗീതാരാജന്‍, ലതികാ സുരേന്ദ്രന്‍, ടി.കെ. രവീന്ദ്രന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. സാഹിത്യകാരന്‍ യു.കെ. കുമാരന്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കരയോഗങ്ങളില്‍ മലയാളം ക്ലാസുകള്‍ നടത്തും. വെറ്റ്ഫീല്‍ഡ് കരയോഗത്തില്‍ ആരംഭിച്ച ക്ലാസില്‍ പതിനഞ്ചിലേറെ കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. സെന്റ് തോമസ് ഫെറോന പള്ളിയില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ആദ്യബാച്ച് മലയാളം ക്ലാസ് ചൊവ്വാഴ്ച ആരംഭിക്കും. രണ്ടാമത്തെ ബാച്ചിന് മെയ് ആദ്യവാരമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. വ്യക്തിത്വ വികസനം, ആത്മീയവും മാനസികവുമായുള്ള വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകള്‍, മെയ് 14, 15, 16 തിയതികളില്‍ നൃത്ത, നാടക പരിശീല കളരികള്‍, ഏപ്രില്‍ 27 മുതല്‍ 29 വരെ ക്രിസ്റ്റീന്‍ ധ്യാനം എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍

No comments: