Pages

Monday, November 16, 2026

സമാധാനത്തിനും സൗഹൃദത്തിനും കിട്ടുന്ന അവസരങ്ങൾ ആരും പാഴാക്കരുത്

 

സമാധാനത്തിനും സൗഹൃദത്തിനും കിട്ടുന്ന

അവസരങ്ങൾ ആരും  പാഴാക്കരുത്

സമാധാനത്തിനും സൗഹൃദത്തിനും കിട്ടുന്ന അവസരങ്ങൾ നമ്മൾ പാഴാക്കി കളയരുത് എന്നാണ് എന്റെ അഭിപ്രായം. അത് തക്കത്തിൽ ഉപയോഗിക്കണം. ദേവലോകത്തേക്ക് പ.പാത്രിയാർക്കീസ് ബാവായെ ക്ഷണിച്ചതിന്റെ പിന്നിലുള്ള സാഹചര്യവും അതിന്റെ പിന്നിലെ ചേതോവികാരവും നമുക്കറിയാം. പരുമലയിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് അതിനെ സ്വാഗതം ചെയ്യണം. മുമ്പും സഭയിൽ കക്ഷിവഴക്കുണ്ടായിരുന്നു അതെ സമയം നമ്മുടെ മുൻ തലമുറ കുറെ കൂടി സമാധാനകാംക്ഷികൾ ആയിരുന്നു. പ.മാത്യൂസ് ദ്വിതീയൻ ബാവാ തിരുമേനിയും ആലുവയിലെ തെയോ ഫിലോസ് തിരുമേനിയും മക്കാറിയോസ് തിരുമേനിയും, പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയും, ഒസ്‌താത്തിയോസ്  തിരുമേനിയുമൊക്കെ മറുഭാഗത്തെ തിരുമേനിമാരുമായി നല്ല സൗഹൃദബന്ധം സൂക്ഷിച്ചിരുന്നവരും പലയിടത്തും വെച്ച് തമ്മിൽ കാണുന്നവരും ആയിരുന്നു. അവരിൽ ചിലരുടെ കൂടെ ഞാനും പോയിട്ടുണ്ട്. പ.ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവ കാലം ചെയ്തപ്പോൾ മഞ്ഞിനിക്കര ദയറായിലെത്തി ആദ്യത്തെ തെശ്മശത്ത നടത്തിയത് പുത്തൻകാവിൽ കൊച്ചു തിരുമേനി ആയിരുന്നു. അന്നും കക്ഷി വഴക്കും മുടക്കും ഭിന്നതയും ഒക്കെ ഉണ്ടായിരുന്നു. ആ സൗഹൃദം ഇന്ന് നഷ്ടമായി. അത് വീണ്ടെടുക്കണം അതിനു ലഭ്യമായ സന്ദർഭങ്ങൾ തക്കത്തിൽ ഉപയോഗിക്കണം. ശ്രേഷ്ഠ ബാവാ പരുമലയിൽ വന്ന് പ്രാർത്ഥിക്കണം. നമ്മുടെ പ.കാതോലിക്കാ ബാവാ കോതമംഗലം കബറിങ്കലും പോയി പ്രാർത്ഥിക്കണം. പ.പരുമല തിരുമേനിയും പ. യൽദോ ബാവായും നമ്മുടെ പരിശുദ്ധന്മാരല്ലേ?

No comments: