Pages

Saturday, October 17, 2026

ജോളി വർഗീസ് വിടപറയുന്നത് അഞ്ചുപേർക്ക് പുതുജീവിതം പകർന്ന്; മാതൃകയായി കുടുംബം

കൊട്ടാരക്കര ഓടനാവട്ടം സ്വദേശിനി ജോളി വർഗീസ് വിടപറയുന്നത് അഞ്ചുപേർക്ക് പുതുജീവിതം പകർന്ന്; മാതൃകയായി കുടുംബം

കൊട്ടാരക്കര : സ്വന്തം വേർപാടിന്റെ തീരാനോവിനിടയിലും അഞ്ചുപേർക്ക് പുതുജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി ഓടനാവട്ടം സ്വദേശിനി ജോളി വർഗീസ് (ഫാർമസിസ്റ്റ്). അപ്രതീക്ഷിതമായുണ്ടായ രോഗബാധയെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ജോളി വർഗീസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. ഓടനാവട്ടം താറാംവിളയിൽ ജിജിൻ ഭവനിൽ കുടുംബത്തിന്റെ ഈ ഉദാത്തമായ തീരുമാനം നാടിനാകെ വലിയൊരു സന്ദേശമായി.

ദാനം ചെയ്ത അവയവങ്ങളിൽ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ പി.വി. റെജിക്ക് (58) വിജയകരമായി മാറ്റിവെച്ചു. യൂറോളജി വിഭാഗം മേധാവിയും അസോഷ്യേറ്റ് പ്രൊഫസറുമായ ഡോ. ഫ്രെഡറിക് പോളിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

പ്രിയപ്പെട്ടവളുടെ വിയോഗവേദന ഉള്ളിലൊതുക്കി, ജീവനുവേണ്ടി കേഴുന്ന മറ്റ് മനുഷ്യരിലേക്ക് സ്നേഹവും കരുണയും പകർന്നുനൽകാൻ തയ്യാറായ കുടുംബത്തിന്റെ സന്മനസ്സിന് നാടെങ്ങും നിറഞ്ഞ പ്രശംസയാണ് ലഭിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് വലിയൊരു പ്രതീക്ഷയും പ്രചോദനവുമാണ് ജോളിയുടെ കുടുംബം കൈക്കൊണ്ട ഈ മാതൃകാപരമായ തീരുമാനം.



 

No comments: