ചൂടിൽ ഉരുകുന്ന കേരളം
കേരളത്തിൽ ഈ സെപ്റ്റംബർ മാസത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ ലഭിക്കേണ്ട മഴയിൽ വൻ കുറവുണ്ടായതും മൺസൂൺ ദുർബലമായതുമാണ് അന്തരീക്ഷ താപനില ഉയരാൻ പ്രധാന കാരണം. പല ജില്ലകളിലും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഉയർന്ന അന്തരീക്ഷ ഈർപ്പം (Humidity) കാരണം തെർമോമീറ്ററിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ ചൂട് ശരീരത്തിൽ അനുഭവപ്പെടുന്നുണ്ട്. )കടുത്ത ചൂടും ഉയർന്ന വൈദ്യുതി ഉപയോഗവും മൂലം സംസ്ഥാനത്ത് പലയിടത്തും പവർകട്ട് ഉൾപ്പെടെയുള്ള ഊർജ്ജ പ്രതിസന്ധിയും നേരിടുന്നുണ്ട്.സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ചില പ്രധാന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്
കേരളത്തിൽ മഴ ഏതാണ്ട് മാറിയ ലക്ഷണമാണ്. ഇതോടെ പകൽ സഹിക്കാനാവാത്ത നിലയിൽ താപനില ഉയരുന്നത് കടുത്ത വേനലിന്റെ അവസ്ഥയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. മൺസൂൺ കാലത്തുപോലും കേരളത്തിൽ ചൂട് അസാധാരണമാകുന്നത് പ്രകൃതിയുടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണം കൂടിയാണ്. പാലക്കാട്, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിൽ താപനില റെക്കാഡുകൾ ഭേദിച്ച് മുന്നേറുന്നു. പ്രവചനാതീതമായ ഈ കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാടിന് നേരെ ഉയർത്തിയിരിക്കുന്ന ഭീഷണികൾ ചെറുതല്ല. അന്തരീക്ഷ താപനിലയിൽ ഏതാനും ദിവസങ്ങളായി ശരാശരിയിൽ നിന്ന് രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.rainബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; കേരളത്തിലെ അന്തരീക്ഷം മാറും, ഈ ജില്ലക്കാർ ശ്രദ്ധിക്കണം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ്...
തെക്കു പടിഞ്ഞാറൻ കാലവർഷമായ ഇടവപ്പാതി സെപ്തംബർ 30 വരെയാണ്. എന്നാൽ ചില ദിവസങ്ങളിൽ മഴയുണ്ടാകുമെന്നല്ലാതെ കാര്യമായ രീതിയിൽ മഴയുണ്ടാകുമെന്ന് കരുതാനാവില്ല. എൽനിനോ പ്രതിഭാസം ശക്തമായതാണ് കാരണം. കാലവർഷത്തിൽ പെയ്യേണ്ടിയിരുന്നത് 1806.4 മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്തതാകട്ടെ 1371.6 മില്ലീമീറ്റർ മാത്രം.നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കടുത്ത വൈദ്യുതി ക്ഷാമത്തിനും ഇടയാക്കുന്നതാണ് മഴ ഒഴിയും മുമ്പേ ചൂട് കനത്തിരിക്കുന്ന ഈ അവസ്ഥ. വൈദ്യുതി ഉപയോഗത്തിൽ 500- 600 മെഗാവാട്ട് വരെ വർദ്ധനയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. രാജ്യത്താകെ വൈദ്യുതിക്ഷാമം നിലനിൽക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യമായത് ലഭിക്കുന്നില്ല. അതിനാൽ വൈദ്യുതി നിയന്ത്രണവും തുടരേണ്ടിവരും.കൽക്കരി ക്ഷാമം കണക്കിലെടുത്ത് രാജ്യത്തെ താപനിലയങ്ങൾ വൈദ്യുതി ഉത്പാദനം കുറച്ചതോടെ കേരളം കൂടുതൽ പ്രതിസന്ധിയിലാണ്. 36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡിൽ നിന്നും പ്രതിദിനം ലഭിക്കുന്നത്. ഇതിൽ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളിൽ 50 എണ്ണവും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. മൂന്നുനാല് ദിവസമായി വൈകിട്ട് 6നും 12നുമിടയിൽ ഇപ്പോൾതന്നെ ലോഡ്ഷെഡിംഗ് നടപ്പാക്കിയിട്ടുണ്ട്. വേനൽ ഈ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിംഗിന്റെ ദൈർഘ്യം കൂട്ടേണ്ടിവരുന്ന അവസ്ഥയും അകലെയല്ല. വേനൽ കൂടുതൽ മൂർച്ഛിച്ചാൽ സൂര്യാഘാത- സൂര്യാതപ ഭീഷണികളും നേരിടേണ്ടി വരും. പകൽ 11 മുതൽ 3 മണിവരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ് ഇപ്പോൾ തന്നെ നിലവിലുണ്ട്.നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഇത് ബാധകമായതിനാൽ ആ രംഗത്തെ പുരോഗതിയെ ഇത് കാര്യമായി ബാധിക്കാം. മനുഷ്യരെ മാത്രമല്ല, നാട്ടിലെ മൃഗങ്ങളെയും കാട്ടിലെ വന്യമൃഗങ്ങളെയും വേനൽ പല രീതിയിലും ബാധിക്കും. ജലാശയങ്ങൾ വരളുന്നതിനാൽ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാദ്ധ്യത പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതാണ്. നിർജ്ജലീകരണവും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും പരുത്തി വസ്‌ത്രങ്ങൾ ധരിക്കാനുമുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളും തയ്യാറാകേണ്ടതാണ്. അന്തരീക്ഷ മർദ്ദ വ്യതിയാനങ്ങളും ആഗോള താപനവുമാണ് ഈ കഠിനമായ ചൂടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഹരിത മേഖലകളെ സംരക്ഷിക്കാനും നിലനിറുത്താനുമുള്ള വികസന നയങ്ങൾക്കാവണം ഭരണകൂടവും തയ്യാറാകേണ്ടത്. കേരളം നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് വിദഗ്ദ്ധ സംഘത്തിന്റെ പഠനവും ആവശ്യമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ.

No comments:
Post a Comment