Pages

Sunday, September 6, 2026

കോട്ടയം കുറവിലങ്ങാട് മഠത്തിലെ ആ കന്യാസ്ത്രീകളുടെ ജീവിതം തയ്യൽ മെഷീനുകളിലൂടെ തുന്നിയെടുത്തു

            കോട്ടയം കുറവിലങ്ങാട് മഠത്തിലെ

കന്യാസ്ത്രീകളുടെ ജീവിതം തയ്യൽ മെഷീനുകളിലൂടെ  തുന്നിയെടുത്തു 

കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ ജീവിതം തയ്യൽ മെഷീനുകളിലൂടെ  തുന്നിയെടുത്തു സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചപ്പോൾ അവർക്ക് നൽകേണ്ടി വന്ന വില ചെറുതായിരുന്നില്ല. കാലങ്ങളായി അഭയം നൽകിയ സഭയുടെ മേൽക്കൂര പോലും അവർക്ക് അന്യമായി. ഒടുവിൽ ദൈനംദിന ജീവിതത്തിനുള്ള ഭക്ഷണവും മരുന്നും പ്രതിമാസ അലവൻസുകളും പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്.

കയ്യിൽ ഒരു പൈസ പോലും ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് ഞങ്ങൾ അന്തംവിട്ടുപോയ ദിവസങ്ങളുണ്ടായിരുന്നു.അവരുടെ ജീവിതത്തിലെ കഠിനമായ ദിവസങ്ങൾ അവർ അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്.ഒരു ചെറിയ പ്ലോട്ടിൽ പച്ചക്കറി നട്ടും ചെറിയ തയ്യൽ ജോലികൾ ചെയ്തുമാണ് അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വക കണ്ടെത്തിയത്.MSW പോലുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുമായി ഇന്റേൺഷിപ്പിനും ജോലിക്കും വേണ്ടി പല സ്ഥാപനങ്ങളുടെയും വാതിലുകൾ അവർ മുട്ടി. പക്ഷേ, കേസുമായി ബന്ധപ്പെട്ടവരായതിനാൽ അവസരങ്ങൾ ലഭിച്ചില്ലെന്നാണ് അവർ പറയുന്നത്.അപ്പോഴാണ് ഒരു തിരിച്ചറിവ് അവരിലുണ്ടായത്.

മറ്റൊരാളുടെ കീഴിൽ ജോലി തേടുന്നതിനെക്കാൾ, ആരും തങ്ങളിൽ നിന്ന് എടുത്തുകളയാൻ കഴിയാത്ത ഒരു സ്വയംതൊഴിൽ കണ്ടെത്തണം. ചിന്തയാണ് അവരെ തയ്യൽ മെഷീനിലേക്ക് എത്തിച്ചത്.

തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. വിശപ്പിന്റെ വിളികളേക്കാൾ വലുതായിരുന്നു അവരുടെ ആത്മാഭിമാനം. അൾത്താരയിലെ പ്രാർത്ഥനകളിൽ നിന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിനടന്ന അവർ, തയ്യൽ മെഷീന്റെ ചക്രങ്ങൾക്കൊപ്പം പുതിയൊരു അതിജീവനത്തിന്റെ കഥ തുന്നിത്തുടങ്ങി.സിസ്റ്റർ റാണിറ്റ്, സിസ്റ്റർ അൽഫി, സിസ്റ്റർ ആൻസിറ്റ എന്നീ മൂന്ന് കന്യാസ്ത്രീകളുടെ കൈകളിൽ പിറന്നത് വെറുമൊരു വസ്ത്ര ബ്രാൻഡായിരുന്നില്ല. തകർന്നുപോകാതെ സ്വന്തം കാലിൽ നിൽക്കാനുള്ള സ്ത്രീകളുടെ ആത്മവീര്യത്തിന്റെ അടയാളം കൂടിയായിരുന്നു അത്.

ഞങ്ങൾ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോൾ ഞങ്ങൾക്ക് ഒപ്പം നിന്ന ആയിരക്കണക്കിന് നല്ല മനുഷ്യരുണ്ട്. നല്ല മനുഷ്യരുടെ ഓർമ്മപ്പെടുത്തലാണീ പേര്.” എന്നാണ് സിസ്റ്റർമാർ പറയുന്നത്.

തയ്യൽത്തുമ്പിൽ നിന്ന് നൂലിഴകൾ കോർത്ത് അവർ നൈറ്റികളും ചുരിദാർ ടോപ്പുകളും കോ-ഓർഡ് സെറ്റുകളും ബാഗുകളും ടേബിൾ മാറ്റുകളും നിർമ്മിച്ച് വിൽക്കാൻ തുടങ്ങി.

ആദ്യകാലത്ത് പരിചയക്കാർ വഴിയായിരുന്നു ഓർഡറുകൾ. ഇന്ന് മാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവന്നതോടെ ജനപിന്തുണയും വർധിച്ചു. തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ എക്സിബിഷനുകളിലൂടെയും ഓൺലൈനിലൂടെയും ഉൽപ്പന്നങ്ങൾ വിൽക്കുകയാണ് അവർ.

എന്നാൽ അവരുടെ പോരാട്ടം അവിടെ അവസാനിക്കുന്നില്ല.

പലരും കരുതുന്നത് കേസ് ഇതോടെ അവസാനിച്ചു എന്നാണ്. എന്നാൽ ഞങ്ങളുടെ പോരാട്ടം തീർന്നിട്ടില്ല. ഹൈക്കോടതിയിൽ അപ്പീൽ ഹർജി നിലനിൽക്കുന്നുണ്ട്.”

അവരുടെ വാക്കുകളിൽ ഇന്നും അതേ ഉറച്ച നിലപാടുണ്ട്.

എനിക്ക് ഇനി ഒളിച്ചിരിക്കാൻ താൽപ്പര്യമില്ല. എനിക്ക് ലോകത്തിന് മുന്നിൽ വരണം. എന്റെ ശബ്ദം കേൾക്കണം. ഞങ്ങൾ ഇപ്പോഴും ജീവനോടെയുണ്ടെന്നും ഞങ്ങളുടെ സമരം തുടരുകയാണെന്നും എല്ലാവരും അറിയണം.”അതുകൊണ്ടുതന്നെ ഇത് കേവലം ഒരു വസ്ത്രവിൽപ്പനയുടെ കഥയല്ല.

ഇത് വീണുപോയിടത്ത് നിന്ന് സ്വന്തം കൈകളുടെ കരുത്തിൽ ഉയർന്നുനിൽക്കുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ്.നിയമപോരാട്ടത്തിനുള്ള ചിലവുകൾ കണ്ടെത്താനും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അവർ തയ്യൽത്തുമ്പിലൂടെ ഒരു വഴി കണ്ടെത്തി.

അവർ ഇന്ന് വസ്ത്രങ്ങൾ മാത്രമല്ല തുന്നുന്നത് തങ്ങളുടെ അതിജീവനമാണ്.തങ്ങളുടെ ആത്മാഭിമാനമാണ്.

നാളത്തെ തലമുറയ്ക്കുള്ള പ്രതീക്ഷയാണ്. ഒരു തയ്യൽ മെഷീന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ, അതിനൊപ്പം എഴുതപ്പെടുന്നത് ഒരു പുതിയ ചരിത്രം കൂടിയാണ്

No comments: