രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകൾ
രാജ്യത്തെ കോടതികളിൽ ഫയലുകൾ കുന്നുകൂടുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജില്ലാ കോടതികളിലുമായി ആകെ 5.64 കോടി കേസുകളാണ് നിലവിൽ തീർപ്പാക്കാനുള്ളതെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ രാജ്യസഭയെ അറിയിച്ചു. സുപ്രീം കോടതിയിൽ മാത്രം 96,000-ലധികം കേസുകൾ മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ പതിനായിരത്തിലധികം കേസുകൾ പത്തു വർഷത്തിലേറെയായി തുടരുന്നവയാണ്. 30 വർഷത്തിലേറെയായി വിധി വരാത്ത 26 കേസുകളും 20 വർഷത്തിലേറെയായി മാറ്റിവെച്ച 558 കേസുകളും സുപ്രീം കോടതിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യന്‍ ന്യായവ്യവസ്ഥ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് കെട്ടിക്കിടക്കുന്ന ഈ കേസുകൾ .
നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ (എന്‍ ജെ ഡി ജി) കണക്ക് പ്രകാരം 95,000 കേസുകളാണ് സുപ്രീം കോടതിയില്‍ മാത്രം വിധി കാത്തുകിടക്കുന്നത്. രാജ്യത്തെ മൊത്തം കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടിയിലധികം വരും. ഇവയില്‍ വലിയൊരു വിഭാഗം ദശാബ്ദങ്ങളുടെ പഴക്കമുള്ളവയാണ്. ഒരു സാധാരണ പൗരന് ഭൂമി- തൊഴില്‍ തര്‍ക്കങ്ങളിലോ കുടുംബ വഴക്കിലോ പരിഹാരം തേടി കോടതികളെ സമീപിച്ചാല്‍ അന്തിമവിധി ലഭിക്കാന്‍ പലപ്പോഴും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുന്നു. കേസ് കൊടുത്ത വ്യക്തി മരിച്ച ശേഷം അനന്തരാവകാശികള്ക്ക് വിധി ലഭിച്ച സംഭവവും അപൂര്വമല്ല. ഇത്തരം നീതി ആര്ക്കാണ് പ്രയോജനം ചെയ്യുക? ‘നീതിയുടെ കാലതാമസം നീതിനിഷേധത്തിനു തുല്യ’മെന്ന പ്രമാണം പലപ്പോഴും ചര്ച്ച ചെയ്യപ്പെട്ടതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍.സര്ക്കാറിനും വലിയ പങ്കുണ്ട് കോടതികളില്‍ കേസുകള്‍ കുന്നുകൂടുന്നതില്‍. സര്ക്കാറാണ് രാജ്യത്തെ ഏറ്റവും വലിയ കോടതി വ്യവഹാരി. നീതിന്യായ വ്യവസ്ഥയുടെ ഭാരം അനാവശ്യമായി വര്ധിപ്പിക്കുന്നത് സര്ക്കാറുകളാണെന്ന് സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാണിച്ചതാണ്. കേന്ദ്ര- സംസ്ഥാന സര്ക്കാറുകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലക്ഷക്കണക്കിനു കേസുകളാണ് കോടതികളിലുള്ളത്. പലപ്പോഴും കീഴ്ക്കോടതികളിലെ വിധി യാന്ത്രികമായി അപ്പീല്‍ ചെയ്യുന്നതാണ് പതിവ്. നീതിന്യായ ഡാറ്റകള്‍ പ്രകാരം രാജ്യത്തെ കോടതികളിലെ ആകെ കേസുകളില്‍ 40 മുതല്‍ 50 ശതമാനം വരെ എണ്ണത്തില്‍ ഒരു കക്ഷി കേന്ദ്ര സര്ക്കാറോ സംസ്ഥാന സര്ക്കാറോ ആണ്.
30 വർഷത്തിലധികമായി വിധി കാത്തുനിൽക്കുന്ന 80,660 കേസുകളാണ് ഹൈക്കോടതികളിൽ മാത്രമുള്ളത്. കേസുകൾ തീർപ്പാക്കുന്നത് പൂർണ്ണമായും ജുഡീഷ്യറിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അതിനാൽ എക്സിക്യൂട്ടീവിന് ഇതിനായി കൃത്യമായ സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സാക്ഷികളുടെയും അന്വേഷണ ഏജൻസികളുടെയും സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീർണ്ണതകൾ എന്നിവയൊക്കെയാണ് കേസുകൾ നീണ്ടുപോകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോടതികളിലെ ജഡ്ജിമാരുടെ കുറവാണ് ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. രാജ്യത്തെ 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ട 1,122 ജഡ്ജിമാരുടെ സ്ഥാനത്ത് നിലവിൽ 341 ഒഴിവുകളാണുള്ളത്. കീഴ്ക്കോടതികളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. അനുവദിക്കപ്പെട്ട 30,868 തസ്തികകളിൽ 7,311 എണ്ണവും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെയും കോടതി ജീവനക്കാരുടെ കുറവും നടപടികളെ മന്ദഗതിയിലാക്കുന്നുണ്ട്.
രാജ്യത്തെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ പല നിർദ്ദേശങ്ങളും നിയമവിദഗ്ദ്ധർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗഭാക്കാവുന്ന പ്രമുഖ നിയമ പണ്ഡിതരും പ്രശസ്തരായ അഭിഭാഷകരുമെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത് രാജ്യത്തെ ജഡ്ജിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഇപ്പോഴുള്ളതിന്റെ ഇരട്ടിയായെങ്കിലും ഉയർത്തുക എന്നതാണ്. കോടതികളുടെ എണ്ണവും കൂട്ടേണ്ടിവരും. കേസുകളുടെ തീർപ്പ് വേഗത്തിൽ ഉണ്ടാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾക്ക് രൂപം നൽകിയത്. ഇപ്പോൾ ഫാസ്റ്റ് ട്രാക്ക് കോടതികളിൽപോലും ഒരു കേസ് തീരാൻ അഞ്ച് വർഷത്തിലധികം എടുക്കുന്നു എന്നതാണ് സാഹചര്യം.
കേസുകൾ തീർപ്പാകുന്നത് അനന്തമായി നീണ്ടുപോയാൽ അത് ജുഡിഷ്യറി സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടാൻ ഇടയാക്കും.നിമിഷനേരം കൊണ്ട് പരിഹരിക്കേണ്ട ഒരു പ്രശ്നം പരിഹരിക്കപ്പെടരുതെന്ന് ഏതെങ്കിലും തത്പര കക്ഷികൾക്ക് താത്പര്യമുണ്ടെങ്കിൽ അതിന് ഏറ്റവും പറ്റിയ വഴിയായി കൂടി വ്യവഹാരം മാറിയിരിക്കുന്നു. അതിനാൽ അനന്തമായി കേസുകൾ നീണ്ടുപോകുന്നത് രാജ്യം ഒന്നായി ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ട സുപ്രധാന വിഷയം തന്നെയാണ്. ഇത്തരം ചർച്ചകൾ പ്രധാനമായും നടക്കേണ്ട വേദിയായ പാർലമെന്റിൽ അതു നടക്കുന്നില്ല എന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തെ ദുർബലമാക്കും. ഇതിന്റെ കഷ്ടനഷ്ടങ്ങൾ സ്വാധീനവും സമ്പത്തും കാര്യമായി ഇല്ലാത്ത സാധാരണ ജനങ്ങളാവും ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക. കഴിഞ്ഞ ദിവസം തന്നെ, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ദി സുപ്രീംകോർട്ട് (നമ്പർ ഓഫ് ജഡ്ജസ്) അമന്റ്മെന്റ് ബിൽ 2026 ലോക്സഭ പാസാക്കിയത് ഒരു ചർച്ചയും ഇല്ലാതെയാണ്.പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടയിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ഈ പ്രധാനപ്പെട്ട ഭേദഗതി ബിൽ ചർച്ചകളില്ലാതെ പാസാവുകയായിരുന്നു.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 33ൽ നിന്ന് 37 ആക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ആകെ അംഗസംഖ്യ 38 ആയി മാറും. സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കോടതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വേഗത്തിൽ നീതി നടപ്പാക്കാനും വേണ്ടിയുള്ളതാണ് ഈ ബിൽ. ഇത്തരം ബില്ലുകളിൽ വിശദമായ ചർച്ചകൾ പാർലമെന്റിൽ നടക്കേണ്ടതുണ്ട്. അതിന് ചർച്ചയിൽ പങ്കെടുക്കുന്ന അംഗങ്ങൾ ബില്ലിനെക്കുറിച്ച് സമഗ്രമായി പഠിച്ചിരിക്കണം. മുൻപൊക്കെ അങ്ങനെ പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന ജനപ്രതിനിധികളാണ് പല പ്രധാന പ്രശ്നങ്ങൾക്കും പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചിരുന്നത്.രാജ്യത്ത് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകളാണ്. കേരളത്തിൽ 18,12,563 കേസുകളിൽ തീരുമാനമാകാനുണ്ടെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിനൊക്കെയുള്ള പരിഹാരമാർഗങ്ങൾ ആരായുന്നതിന് സഹായിക്കുന്ന ചർച്ചകൾ പാർലമെന്റിൽ നടന്നാൽ അവിടെ ഉരുത്തിരിയുന്ന പൊതു നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാദ്ധ്യത ഉണ്ടാവും.ചർച്ചകൾ കൂടാതെ പാസായാൽ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയും ചെയ്യും. മറ്റ് പ്രശ്നങ്ങളുടെ പേരിലുള്ള ബഹളങ്ങൾ കാരണം ഈ വർഷകാല സമ്മേളനത്തിൽ പല സുപ്രധാന ബില്ലുകളും ചർച്ചയില്ലാതെയാണ് പാസായിരിക്കുന്നത്. നിയമ നിർമ്മാണം എന്ന പ്രാഥമിക കടമയിൽ നിന്ന് ജനപ്രതിനിധികൾ ഒഴിഞ്ഞുമാറുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കാൻ പോന്നതാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment