ജനാധിപത്യവും
അക്കൗണ്ടബിലിറ്റിയും
ജനാധിപത്യത്തിൽ ഉത്തരവാദിത്തം അഥവാ അക്കൗണ്ടബിലിറ്റി എന്നത് നിർബന്ധമുള്ള ഒരു രാഷ്ട്രീയ മൂല്യമാണ്. ഇത് ഭരണകൂടത്തിന്റെ സുതാര്യതയും ജനങ്ങളോടുള്ള കടമയും ഉറപ്പാക്കുന്നു.
അക്കൗണ്ടബിലിറ്റി’ (Accountability) ജനാധിപത്യത്തിൽ അനിവാര്യമാണ്.ജനാധിപത്യത്തിന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്തബോധവും ഉത്തരവാദിത്വം ഏറ്റെടുക്കലും). ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും പൊതുസ്ഥാപനങ്ങളും തങ്ങളുടെ പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും ജനങ്ങളോട് വിശദീകരണം നൽകുകയും അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് അക്കൗണ്ടബിലിറ്റി.
അക്കൗണ്ടബിലിറ്റി ഉറപ്പാക്കുമ്പോൾ ഭരണത്തിൽ സുതാര്യത (Transparency) വർധിക്കുകയും അഴിമതി, അധികാരദുരുപയോഗം, സ്വജനപക്ഷപാതം എന്നിവ കുറയുകയും ചെയ്യുന്നു. ജനങ്ങളുടെ നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നു, സർക്കാർ പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നു, പൊതുസേവനങ്ങൾ എത്രത്തോളം ഫലപ്രദമാണ് എന്നീ കാര്യങ്ങളിൽ ജനങ്ങൾക്ക് വ്യക്തമായ വിവരം ലഭിക്കുന്നു.
ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് മാത്രം മതിയാകില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അവരുടെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ, നിയമപ്രകാരം പ്രവർത്തിക്കുന്നുണ്ടോ, ജനങ്ങളുടെ ക്ഷേമം മുൻനിർത്തുന്നുണ്ടോ എന്നതും നിരന്തരം വിലയിരുത്തപ്പെടണം. ഈ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിൽ സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, വിവരാവകാശ നിയമം, ഓഡിറ്റ് സംവിധാനങ്ങൾ, ജാഗ്രതയുള്ള പൗരന്മാർ എന്നിവ നിർണായക പങ്ക് വഹിക്കുന്നു.
"അധികാരത്തോടൊപ്പം ഉത്തരവാദിത്വവും ഉണ്ടായിരിക്കണം" എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. അതിനാൽ അക്കൗണ്ടബിലിറ്റി ശക്തമായാൽ ജനാധിപത്യം കൂടുതൽ വിശ്വാസ്യതയുള്ളതും നീതിയുക്തവും ജനകീയവുമായ ഭരണസംവിധാനമായി വളരും. മറിച്ച് അക്കൗണ്ടബിലിറ്റിയുടെ അഭാവം അഴിമതിക്കും അധികാരദുരുപയോഗത്തിനും ജനവിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമാകും.
"അക്കൗണ്ടബിലിറ്റി ഇല്ലാത്ത ജനാധിപത്യം ദുർബലമാകും; അക്കൗണ്ടബിലിറ്റി ഉറപ്പുള്ള ജനാധിപത്യം ജനങ്ങളുടെ വിശ്വാസവും രാജ്യത്തിന്റെ പുരോഗതിയും ശക്തിപ്പെടുത്തും."
ഇന്ന് "അക്കൗണ്ടബിലിറ്റി ഇല്ലാതായിരിക്കുന്നു .നാം ഉറങ്ങിയപ്പോൾ ജനാധിപത്യത്തിന്റെ അടിത്തറയിൽനിന്ന് ഇളക്കിയെടുക്കപ്പെട്ട മൂലക്കല്ലായിരുന്നു ‘അക്കൗണ്ടബിലിറ്റി’. അതായത്, ഭരണകർത്താക്കൾ തങ്ങളുടെ തീരുമാനങ്ങൾക്കും ചെയ്തികൾക്കും ജനങ്ങളോട് കണക്കു പറയാൻ ബാധ്യസ്ഥരാണെന്ന വസ്തുത. അതു നിർബന്ധമില്ലാത്ത ധാർമികതയല്ല, നിർബന്ധമുള്ള ഉത്തരവാദിത്വമാണ്. ഏറെക്കുറെ അപ്രത്യക്ഷമായിരുന്ന ആ കല്ല്, അഥവാ ജനാധിപത്യമൂല്യം കേന്ദ്രസർക്കാരിനെതിരേ നടത്തിയ ഐതിഹാസിക സമരത്തിൽ വിദ്യാർഥികൾ ഉയർത്തിക്കൊണ്ടുവന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നീറ്റ് പരീക്ഷയിലുൾപ്പെടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഉത്തരവാദിത്വം മന്ത്രിക്കുണ്ടെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പല സംസ്ഥാന സർക്കാരുകളും നഷ്ടപ്പെടുത്തിയ ഈ ‘അക്കൗണ്ടബിലിറ്റി’ ബിജെപി സർക്കാർ വ്യക്തമായ അജൻഡയോടെ ഇല്ലാതാക്കുകയാണെന്നു സംശയിക്കാൻ കാരണങ്ങളുണ്ട്. ജന്തർ മന്തറിൽ ഉയർന്ന ഭരണഘടനാടിസ്ഥാനമുള്ള ചോദ്യങ്ങൾ രാജ്യം ഏറ്റെടുക്കേണ്ടതുണ്ട്.
അക്കൗണ്ടബിലിറ്റിയെ വ്യവസ്ഥാപിതമായി തകർക്കുന്ന ഒരു ഉദാഹരണം പറഞ്ഞാൽ കാര്യം ലളിതമായി മനസിലാകും. 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം, The Chief Election Commissioner And Other Election Commissioners (Appointment, Conditions of Service and Term of Office Act, 2023) 16-ാം വകുപ്പനുസരിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുത്താലും അതിനെതിരേ സിവിലോ ക്രിമിനലോ ആയ ഒരു കേസും അവർക്കെതിരേ ജോലിക്കാലത്തോ പിന്നീടോ എടുക്കാനാകില്ല. ഒപ്പം, തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാകണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിക്കുകയും ചെയ്തു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അതായത്, ഭരിക്കുന്നവരുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ! എന്തു ചെയ്താലും നിയമ പരിരക്ഷയും! അക്കൗണ്ടബിലിറ്റി അവിടെ തീർന്നു.
പിന്നീടുണ്ടായത് ചരിത്രമാണ്. വോട്ട് മോഷണം, കള്ളവോട്ട്, വോട്ടിംഗ് മെഷീനിലെ തിരിമറി, വോട്ടെണ്ണൽ ദിനത്തിലെ ദുരൂഹതകൾ... ഒരാരോപണത്തിനും മറുപടിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും ന്യായാധിപന്മാരുമൊക്കെ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ലെന്നും, രാഹുൽ മാപ്പു പറയണമെന്നുള്ള ഗ്യാനേഷ് കുമാറിന്റെ ശാഠ്യം വോട്ടർ പട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കിയെന്നും പറഞ്ഞത് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ്. 2025 സെപ്റ്റംബറിൽ ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലായിരുന്നു പരാമർശം. പക്ഷേ, അക്കൗണ്ടബിലിറ്റി ഇല്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷനോ സർക്കാരോ അനങ്ങിയില്ല.
അക്കൗണ്ടബിലിറ്റി തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പല വിഷയങ്ങളിലും കേന്ദ്രം നമ്മെ ബോധ്യപ്പെടുത്തി. മുഖ്യമായും പ്രതിപക്ഷത്തിനെതിരേ മാത്രം റെയ്ഡും അന്വേഷണവും നടത്തുന്ന അന്വേഷണ ഏജൻസികൾക്കെതിരേ ഹൈക്കോടതികളും സുപ്രീംകോടതികളും പലതവണ രൂക്ഷമായ വിമർശനങ്ങൾ നടത്തി. ഒരു ഫലവുമില്ല. ശത്രുക്കളായി ബിജെപി സർക്കാരുകൾ കരുതുന്നവരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജും തുടരുകയാണ്. ഇത്തരം നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വ്യക്തികളുടെ മൗലികാവകാശത്തെ ബാധിക്കുമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് 2024 നവംബറിലാണ്. പക്ഷേ, ജനത്തോടോ കോടതിയോടോ പോലും അക്കൗണ്ടബിലിറ്റി ഉള്ളതായി സർക്കാരുകൾ ഭാവിക്കുന്നില്ല. പശുക്കടത്ത്, പശുവിറച്ചി ഭക്ഷിക്കൽ തുടങ്ങിയവ ആരോപിച്ച് എത്രയോ നിരപരാധികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ കൊന്നു. മതപരിവർത്തനം ആരോപിച്ച് എത്രയോ മനുഷ്യരെ മർദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തു. എല്ലാറ്റിലുമുണ്ടായി കോടതിയുടെ വിമർശനങ്ങൾ. പക്ഷേ, ഒന്നിനുമുണ്ടായില്ല പരിഹാരം. എന്തിന്, വിദ്യാഭ്യാസമന്ത്രിയുടെ രാജിപോലും അക്കൗണ്ടബിലിറ്റിയുടെ ഭാഗമല്ലെന്നു പറയാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചത് അദ്ദേഹം കുറ്റം ചെയ്തതുകൊണ്ടല്ല, വിദ്യാർഥികളെയും യുവാക്കളെയും സർക്കാർ വിലമതിക്കുന്നതുകൊണ്ടാണത്രേ
സിജെപിയുടെ സമരത്തെ തങ്ങളുടെയും വിജയമാക്കാൻ ശ്രമിക്കുന്ന പാർട്ടികളും ആത്മപരിശോധന നടത്തണം. കേരളത്തിലെ കാര്യം മാത്രമെടുത്താൽ, അക്രമികളായ തെരുവുനായകളെ കൊല്ലാമെന്നും പൊതുസ്ഥലങ്ങളിൽനിന്ന് മാറ്റണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടു രണ്ടു മാസം. വീടുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലുംവരെ നായ്ക്കൾ നരവേട്ട നടത്തുകയാണ്. വന്യജീവി ആക്രമണം മറ്റൊരു ദുരന്തം. എവിടെയാണ് അക്കൗണ്ടബിലിറ്റി? സാന്പത്തികത്തകർച്ച തുടരുന്പോഴും കഴിഞ്ഞ സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾക്കു ശന്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. നാലു ലക്ഷത്തോളം ശന്പളവും മറ്റ് ആനുകൂല്യങ്ങളും പെൻഷനും വാങ്ങുന്ന പിഎസ്സി അംഗങ്ങളുടെ കാര്യത്തിലും മൗനം. ചില നിർജീവ കോർപറേഷനുകൾ ഖജനാവ് ചോർത്തുന്നെന്ന ആരോപണങ്ങൾ പരിശോധിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ വിചക്ഷണർ ഇരിക്കേണ്ട സർവകലാശാലാ സിന്ഡിക്കറ്റും സെനറ്റുമൊക്കെ മൂന്നാംകിട പാർട്ടിക്കാരുടെ വിനോദകേന്ദ്രങ്ങളായി. അക്കൗണ്ടബിലിറ്റി എവിടെ? പിഎസ്സി-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയും പിൻവാതിലിലൂടെയും നിയമനങ്ങൾ നടത്തിയവർ ഡൽഹി സമരത്തിൽ മുഖം മിനുക്കാനെത്തി. അക്രമങ്ങളും ആൾക്കൂട്ട വിചാരണകളും നടത്തി കേരളത്തിലെ കാന്പസിൽ ചോര പടർത്തിയവർ വിദ്യാഭ്യാസ മേഖലയിൽ നന്മ വിളയുന്ന ഒരൊറ്റ സമരവും സമീപകാലത്തു നടത്തിയിട്ടില്ലെങ്കിലും ഡൽഹി സമരത്തിൽ പങ്കെടുത്തു. പക്ഷേ, അതു നിങ്ങൾ കേരളത്തിൽ ചവിട്ടിമെതിച്ച അക്കൗണ്ടിബിലിറ്റിയെ പുനഃസ്ഥാപിക്കില്ല.
വിദ്യാർഥിസമരവിജയം രാജ്യത്തെ ആവേശഭരിതമാക്കിയിട്ടുണ്ട്. പക്ഷേ, ഒരു വിജയത്തിൽനിന്നു സമഗ്രവും ആശയാടിസ്ഥാനമുള്ളതുമായ രാഷ്ട്രീയത്തിലേക്കുള്ള ദൂരം ഡൽഹി ദിനങ്ങൾകൊണ്ട് അളക്കാനാകില്ല. മത-ജാതി-രാഷ്ട്രീയ ഭേദമില്ലാതെ ഇന്നലെ നിങ്ങളുയർത്തിയ അക്കൗണ്ടബിലിറ്റി നാളെ നിങ്ങളെയും തേടിവരും. എല്ലാറ്റിലുമുപരി നിങ്ങൾ അധികാരത്തോടാണ് അക്കൗണ്ടബിലിറ്റി ആവശ്യപ്പെട്ടത്. അവർ അതു തരുമോ അതോ അധികാരപ്രയോഗത്തിൽ തന്ത്രപരമായ മാറ്റങ്ങളുണ്ടാക്കി അക്കൗണ്ടബിലിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങളെ മറികടക്കുമോ എന്നറിയില്ല. സാമ്രാജ്യത്വത്തിന്, അഥവാ ജനത്തോടും രാജ്യത്തോടും അക്കൗണ്ടബിലിറ്റി ഇല്ലാത്ത അധികാരത്തിന് ഏതൊരു സ്വാതന്ത്ര്യസമരത്തെയും ശിപായിലഹളയാക്കി മാറ്റാനുള്ള വിരുതുണ്ടെന്നു മറക്കരുത്; ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും. ഡൽഹിയിലെ നവോത്ഥാന മിന്നൽപ്പിണരുകൾ ഇന്ത്യൻ ജനാധിപത്യ ശുദ്ധീകരണത്തിന്റെ പെരുന്പറയാകട്ടെ!
പ്രൊഫ് . ജോൺ കുരാക്കാർ
No comments:
Post a Comment