Pages

Thursday, June 11, 2026

മലയാളത്തിലെ സുകുമാർ അഴിക്കോടിൻറെ ഏറ്റവും മികച്ച വിമർശന പഠനഗ്രന്ഥമാണ് "ആശാന്റെ സീതാകാവ്യം"

 

മലയാളത്തിലെ സുകുമാർ അഴിക്കോടിൻറെ ഏറ്റവും മികച്ച വിമർശന പഠനഗ്രന്ഥമാണ് "ആശാന്റെ സീതാകാവ്യം"


 

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്..ആശാന്റെ കാവ്യത്തിന്റെ ഉള്ളടക്കവും തത്ത്വചിന്തയും  സുകുമാർ അഴിക്കോട് സമഗ്രമായി അപഗ്രഥിക്കുന്നു . കൃതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:പഠനസവിശേഷത: രാമായണത്തിലെ കഥാസന്ദർഭങ്ങളെ അടിസ്ഥാനമാക്കി, ആശാൻ സീതയുടെ മാനസിക സംഘർഷങ്ങളെയും സ്ത്രീത്വത്തിന്റെ അന്തസ്സത്തയെയും എങ്ങനെ ആവിഷ്കരിച്ചുവെന്ന് അഴീക്കോട് പുസ്തകത്തിൽ വിശദീകരിക്കുന്നു.സാമൂഹിക പ്രസക്തി: പാരമ്പര്യത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് സമൂഹത്തിലെ അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും ചോദ്യം ചെയ്യുന്ന 'ആധുനിക സ്ത്രീ'യുടെ പ്രതീകമായി സീതയെ കാവ്യത്തിൽ അടയാളപ്പെടുത്തുന്നു.അവതാരിക: പ്രശസ്ത നിരൂപകനായ കുട്ടികൃഷ്ണമാരാരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

 

കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 എഴുതിത്തുടങ്ങിയ കാവ്യം 1919 ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.

''ചിന്താവിഷ്ടയായ സീത'' എന്ന ആശാന്റെ സീതാകാവ്യം കേരളനവോത്ഥാന ആധുനികതയുടെ ഒരു പ്രധാന ഏടായി പൊതുവെ അടയാളപ്പെടുത്തുന്നുണ്ട്. ആശാന്റെ സീതയാകട്ടെ 'ആധുനിക സ്ത്രീ'യുടെ പ്രതീകമായും നിരൂപകർ വിലയിരുത്തിയിട്ടുമുണ്ട്. പാരമ്പര്യത്തിനുള്ളിൽ സ്ഥിതിചെയ്തുകൊണ്ട് പാരമ്പര്യത്തെ വിധ്വംസാത്മകമായി നവീകരിക്കാൻ പ്രേരിപ്പിക്കുന്ന കൃതിയെന്ന നിലയിലും ആശാന്റെ സീതാകാവ്യത്തെ സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ട്. എന്നാൽ പലവിധത്തിലുള്ള ഇത്തരം അടയാളപ്പെടുത്തലുകൾ തുടരുമ്പോഴും ആശാന്റെ സീതാകാവ്യം ആന്തരികമായി സംവഹിക്കുന്ന ഇതിഹാസപുരാണപാഠങ്ങളുടെ യാഥാസ്ഥിതികമൂല്യബോധം തുറന്ന ചർച്ചകൾക്ക് വിധേയമാവാതെ തമസ്ക്കരിക്കപ്പെടുകയാണുണ്ടായത്. കേരള നവോത്ഥാന ആധുനികത എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയയിൽ കുമാരനാശാന്റെ സംഭാവനകളെ വിലമതിക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ ഉള്ളടങ്ങിയ ഇതിഹാസപുരാണ വേദാന്ത പാഠങ്ങളുടെ മൂല്യ വ്യവസ്ഥയെ തുറന്ന സംവാദത്തിന് വിധേയമാക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലർത്തലാണ്.

 

അദ്വൈത വേദാന്തചിന്തകളുടെ സ്വാധീനം ആശാന്റെ കൃതികളിൽ വ്യക്തമായി ദർശിക്കാം. സീതാകാവ്യത്തിൽ സീതയിലൂടെ ജീവിതത്തെ സംബന്ധിച്ച അഭിസന്ധികളും പ്രശ്നങ്ങളും വെളിവാക്കുമ്പോൾ അതെല്ലാം വേദാന്ത കർമസിദ്ധാന്തബന്ധിതമായാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ''ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം'' എന്ന കവിസൂക്തികൾ ഇന്ത്യൻ കർമസിദ്ധാന്തത്തിന്റെ സ്വാധീനതയിലാണ് സൃഷ്ടിക്കപ്പെടുന്നത്. 'ഒരു കൈ പ്രവഹിക്കവേ പിടിച്ചൊരു കൈകൊണ്ടു തലോടുമേയിവൾ' എന്ന നിയതിയെ (വിധി) പറ്റിയുള്ള ചിന്തകൾ സീതാകാവ്യത്തിലെ കർമബന്ധിതവും മനുഷ്യന് തടുക്കാൻ കഴിയാത്തതുമായ വിധിഹിതത്തെ ഉറപ്പിക്കുന്നു. നിഴലും വെളിച്ചവും പോലെ സുഖദുഃഖങ്ങൾ അനുഭവപ്പെടുന്നു (അഴലും സുഖവും സ്ഫുരിപ്പതും/ നിഴലും ദീപവുമെന്നപോലവേ) എന്ന് കവി പ്രസ്താവിക്കുമ്പോഴും അത് കേവലമായ ഒരു ലോകോക്തിയല്ലെന്നും കർമസിദ്ധാന്തത്തിന്റെ നിഴൽ വരികളിലും വീണുകിടക്കുന്നുണ്ടെന്നും കാണാവുന്നതാണ്. ഗർഭിണിയായ സീത കാട്ടിലുപേക്ഷിക്കപ്പെടാൻ കാരണം 'കർമവിപാക'മാണെന്ന് ആശാന്റെ സീതാകാവ്യം വ്യക്തമായി പ്രസ്താവിക്കുന്നു

കർമവിപാകം എന്ന സങ്കല്പം ആശാന്റെ സീതാകാവ്യത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട് എന്ന വസ്തുത കർമഫലസിദ്ധാന്താശയത്തിന്റെ സ്വാധീനം എത്രയധികമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

 

ഇന്ത്യൻ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ കർമസിദ്ധാന്തത്തിലാണ്. കർമസിദ്ധാന്തം ജാതിവ്യവസ്ഥയെ സാധൂകരിച്ച് നിലനിർത്തുന്നു. ഒരു വ്യക്തി അനുഭവിക്കുന്ന സുഖദുഃഖാവസ്ഥകളെ നിർണയിക്കുന്നത് അവരവർ ചെയ്ത പുണ്യപാപകർമങ്ങളുടെ ഫലമാണെന്നതാണ് കർമഫലസിദ്ധാന്തം. ഉന്നതജാതിയിലും ഉയർന്ന സമ്പത്തുള്ള ഇടങ്ങളിലും ജനിക്കുന്നവർ പുണ്യകർമ്മങ്ങൾ ചെയ്തവരാണെന്നും, സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവർ ഹീനജാതികളിൽ പിറന്ന് സാമ്പത്തികവും സാമൂഹികവുമായ അസമത്വം അനുഭവിക്കുന്നതിന് കാരണം കർമഫലമാണെന്നും കർമസിദ്ധാന്തം പറഞ്ഞുവെയ്ക്കുന്നു. സാമൂഹികമായ അസമത്വം നേരിടുന്നവർ നൂറ്റാണ്ടുകൾ പ്രസ്തുത അസമത്വ വ്യവസ്ഥയ്ക്കെതിരെ കലാപമുയർത്തുന്നതിൽ നിന്നും തടഞ്ഞുനിർത്തിയത് ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്ര അടിത്തറയായ കർമസിദ്ധാന്തമായിരുന്നു. ഇതിഹാസ പുരാണപാഠങ്ങളും ഗീതയും ശാങ്കരാദ്വൈതവുമെല്ലാം ഒന്നുപോലെ പിൻപറ്റുന്ന ഒന്നാണ് അസമത്വത്തിന്റെ ന്യായീകരണയുക്തിയായ കർമസിദ്ധാന്തം. 'തനിക്കിപ്പോൾ സീതയെ പിരിഞ്ഞ് കഠിനദുഃഖമനുഭവിക്കേണ്ടിവന്നത് കർമഫലം കൊണ്ടാണെന്ന്' വാല്മീകിരാമായണത്തിൽ രാമൻ പ്രസ്താവിക്കുന്നുണ്ട് (ആരണ്യകാണ്ഡം, 63.4). പശുക്കുട്ടി അതിന്റെ മാതാവിനെ തിരഞ്ഞെത്തുന്നതുപോലെ കർമഫലം അതിന്റെ ഭോക്താവിന്റെ സമീപം കൃത്യമായി എത്തിച്ചേരുമെന്ന മഹാഭാരതവും പറയുന്നു. ഒരു വ്യക്തി ഉയർന്ന കുലത്തിൽ, ഉയർന്ന സമ്പത്തുള്ള ഇടങ്ങളിൽ ജനിക്കുന്നതിന് നിദാനം കർമഫലമാണെന്ന് ഗീതാഭാഷ്യത്തിൽ ശങ്കരാചാര്യരും സിദ്ധാന്തിക്കുന്നു. ഇങ്ങനെ അസമത്വത്തിന്റെ സാധൂകരണയുക്തിയായി പ്രവർത്തിക്കുന്ന കർമവിപാകമാണ് ആശാന്റെ സീതാകാവ്യത്തിലും ഇടം നേടിയിട്ടുള്ളത്. 'കാടിന്റെ നടുവിൽ താൻ ഉപേക്ഷിക്കപ്പെട്ടത് കർമവിപാകത്താലാണെന്ന' സീതാകാവ്യത്തിലെ സീതാവചനം ആയിരത്താണ്ടുകളായി ചരിത്രത്തിൽ ഒരു ജനതതിയെ അടിച്ചമർത്തിയ സിദ്ധാന്തോക്തികളുടെ പുനർഭാഷ്യമാണ്. ഇതാകട്ടെ പാരമ്പര്യത്തിൽ നിന്നുള്ള വിച്ഛേദമായല്ല പാരമ്പര്യത്തെ സാധൂകരിക്കലായാണ് കലാശിക്കുന്നത്.

കത്തിയെരിയുന്ന ഭയങ്കരവനത്തിൽപെട്ടുപോയ വ്യക്തി തൊട്ടടുത്ത് ശീതളമായ നീർത്തടാകം കണ്ടെത്തുന്നതുപോലെയും, തിരതല്ലി ഉയരുന്ന മഹാസമുദ്രത്തിൽ ഉഴലുന്നയാൾ പെട്ടെന്നു കരകണ്ടെത്തുന്നതുപോലെയും അത്യന്തം ശാന്തികരമായിരുന്നു ആശ്രമം എന്ന് സീതാകാവ്യം:

തരുപക്ഷി മൃഗങ്ങളോടും നരരോടും സുരരോടും ഒരേ മട്ടിലുള്ള സരളസ്നേഹമണ് തപോവനവാസികൾ പുലർത്തിയതെന്ന് സീതാകാവ്യം പറയുന്നു. എന്തുകൊണ്ടാണ് ജാതിവ്യവസ്ഥ നിലനിന്നത് എന്ന മറുചോദ്യം ഇവിടെ ഉന്നയിക്കേണ്ടവരും. സമത്വപൂർണമായ സരളസ്നേഹത്തിന് ത്രൈവർണികയായ സീത അവകാശപ്പെട്ടവളായേക്കാം; എന്നാൽ ഇന്ത്യയിലെ കീഴോർ സ്ത്രീകളും മറ്റ് അയിത്തജനവിഭാഗങ്ങളും ഇത്തരം സരളസ്നേഹഭാവനകൾക്ക് പുറത്തായിരുന്നു എന്നതാണ് ചരിത്രയാഥാർത്ഥ്യം. ആശാന്റെ തപോവനഭാവങ്ങൾ പൗരസ്ത്യവാദികളുടെ മൂശയിൽ നിർമിക്കപ്പെട്ടവയായിരുന്നു എന്ന് ഇതിഹാസപാഠങ്ങൾ പരിശോധിച്ചാൽ അറിയാൻ കഴിയും.

 

സീതാകാവ്യത്തിലെ 'സീത' ആധുനിക സ്ത്രീയുടെ പ്രതീകമാണെന്ന വാദത്തിൽ എത്രമാത്രം ചരിത്രപിൻബലമുണ്ടെന്നതും അന്വേഷിക്കേണ്ടതാണ്. നവോത്ഥാനം എന്ന ആശയം കേരളസമൂഹത്തെ പരിഷ്കരണത്തിന് വിധേയമാക്കിയെന്ന് പൊതുവെ വാദിക്കപ്പെടാറുണ്ടെങ്കിലും സ്ത്രീകളെ സ്വതന്ത്രകർത്തൃത്വമുള്ള വ്യക്തികളായി നവോത്ഥാന ആധുനികതയുടെ കേരളത്തിലെ പ്രക്രിയാ സന്ദർഭങ്ങൾ പരിഗണിച്ചിട്ടുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്. 'ഉത്തമയായ വീട്ടമ്മ' എന്ന സങ്കല്പത്തിനപ്പുറം കടക്കാൻ ആൺകോയ്മാ വ്യവഹാരങ്ങൾ അനുവദിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്ത്രീകളുടെ കർത്തൃത്വത്തിൽ ഉയർന്നുവന്ന സമരങ്ങളും ജ്ഞാനവ്യവഹാരങ്ങളുമാണ് ഇതിനെ പലരീതിയിൽ മറികടക്കാനും കേരളീയ സമൂഹത്തെ സമൂലപരിഷ്ക്കരണത്തിന് വിധേയമാക്കുവാനും ആഹ്വാനം ചെയ്തത്. ഇങ്ങനെ നോക്കുമ്പോൾ സീതാകാവ്യത്തിലെ സീത ആധുനിക സ്ത്രീകളുടെ പ്രതിനിധി എന്ന അവകാശവാദത്തെ ഇഴകീറി പരിശോധിക്കേണ്ടിവരും. സീത ഏതു വിഭാഗം സ്ത്രീയുടെ പ്രതീകവും പ്രതിനിധിയുമാണ് എന്നതാണ് പ്രാഥമികമായ ഒരു ചോദ്യം.

 

പതിയാകുന്ന പരദേവതയ്ക്ക് മനസ് അർപ്പിച്ച ഭക്തയായ സീത സ്വതന്ത്രകർത്തൃത്വമുള്ള ആധുനിക വ്യക്തിത്വമല്ല (പതിയാം പരദേവത്ക്കഹോ/ മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ). പതിയായ രാമനോടുള്ള സമ്പൂർണ ആത്മസമർപ്പണത്തിന്റെ പ്രതീകം മാത്രമാണ് സീത. പതിയുടെ ഇംഗിതത്തിനു വിരുദ്ധമായി സീത പെരുമാറില്ല എന്ന് കവി പാടുമ്പോൾ ''(പതിചിത്തവിരുദ്ധവൃത്തിയാം/ മതിയുണ്ടോ കലരുന്നു ജാനകി) ഭർത്താവിന് അടിപ്പെട്ട് ജീവിക്കുന്ന 'പതിവ്രയായ ജീവിതം നയിക്കുന്ന 'കുടുംബിനി' യുടെ ചിത്രമാണ് തെളിയുന്നത്. ഭർത്താവിന്റെ ഇംഗിതത്തിനെതിരായി പെരുമാറാത്ത സീതയുടെ ചിത്രം ഒരു രൂപകത്തിലൂടെ കവി ആവിഷ്ക്കരിക്കുന്നുണ്ട്.

മഹാസമുദ്രത്തിനെതിരായി ഗംഗയുടെ ഒഴുക്ക് തീരുമോ എന്ന് രൂപകാത്മകമായി സന്ദേഹം ഉന്നയിക്കുന്നതിലൂടെ ഭർത്താവും ഭർത്താവിന്റെ ഇഷ്ടങ്ങളും മഹാസമുദ്രമായും സീത കേവലം ഒരു നദിയായും ആവിഷ്ക്കരിക്കപ്പെടുന്നു. ഇവിടെ അടയാളപ്പെടുത്തുന്ന 'മഹാസമുദ്രം' എന്നത് ത്രൈവർണികപുരുഷാധിപത്യവ്യവസ്ഥയെ കുറിക്കുന്നു. സ്ത്രീകൾ ത്രൈവർണ്യപുരുഷമേൽക്കോയ്മക്ക് എതിരായി നീങ്ങാൻ പാടില്ല എന്ന സന്ദേശവും അതിലന്തർലീനമാണ്. ഇതിഹാസ പാഠത്തിൽനിന്ന് ചിന്താവിഷ്ടയായ സീതക്ക് പലവിധമാറ്റങ്ങളും ഉണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും 'പതിവ്രതയായ സീത' എന്ന സങ്കല്പത്തിന് ഒരുവിധ മാറ്റങ്ങളുമില്ല. 'ആധുനികസ്ത്രീ' എന്ന സങ്കല്പം പതിവ്രതയായ സീതയിൽ ഉള്ളടക്കാനാണ് ശ്രമിക്കുന്നതെന്ന് കാണാം. ''പാപയോയിവൾ'' എന്ന് സീത ചോദ്യമുന്നയിക്കുന്നുവെങ്കിലും ചോദ്യത്തിന്റെ കർത്താവായ സീതയെ പാതിവ്രത്യത്തിന്റെ ബാധ വിട്ടൊഴിഞ്ഞിട്ടില്ല. ഭൗതികലോകത്തിന്റെ അതിരുകളറ്റ ശാന്തവും അനഘവുമായ ആദിധാമത്തിൽ എത്തിയതായി അനുഭവപ്പെടുന്ന സീത ഭൗതികലോകത്തിലെ മൂർത്ത യാഥാർത്ഥ്യങ്ങളോടാണ് എതിരിടുന്നത്. 'പൗരസമക്ഷം ലോകം വെടിഞ്ഞ സതി'യായ സീതാകാവ്യത്തിലെ സീത ഭൗതികലോകത്തിലെ മൂർത്ത യാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണങ്ങളിൽ നിന്നു കൂടിയാണ് വിടപറയുന്നത്. ആദിധാമത്തിലേക്ക് വിലയം പ്രാപിക്കുന്ന സീതാസങ്കല്പം ഭൗതികലോകത്ത് സ്ത്രീകൾ നേരിടുന്ന നിരന്തര പ്രതിസന്ധികളിൽ ഒരു സാമൂഹ്യ- രാഷ്ട്രീയ ഭാരമാണ്. ഹൈന്ദവസ്വത്വഭാവനയെ ബലപ്പെടുത്തുന്ന ഇത്തരം സീതസങ്കല്പങ്ങൾ മറികടക്കുന്നതിലൂടെ മാത്രമേ ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യം അംഗീകരിക്കാൻ കഴിയൂ. ഒരു ദളിത് സ്ത്രീക്കോ ഒരു മുസ്ലീം വനിതക്കോ ഒരു ക്രിസ്ത്യൻ യുവതിക്കോ സീത മാതൃകയാകണമെന്ന പിടിവാശി വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹ്യജീവിതത്തെ നിരാകരിക്കലാണ്. അതുകൊണ്ട് തന്നെ സീത ഇന്ത്യൻ സമൂഹത്തിലെ ഏതു വിഭാഗം സ്ത്രീകളുടെ പ്രതിനിധിയും പ്രതീകവുമാണെന്ന ചോദ്യം ചരിത്രത്തിൽ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: