സന്യാസം സുറിയാനി പാരമ്പര്യത്തിൽ - 2
സുറിയാനിസന്യാസരൂപമായ ' ഇഹിദായോ' ഈജിപ്ഷ്യൻ പാരമ്പര്യത്തിൽ നിന്ന് കടമെടുത്ത ആശയം അല്ല പ്രത്യുത അത് സുറിയാനിസഭയിൽ നിലവിലിരുന്ന ' ഉടമ്പടിയുടെ പുത്രന്മാർ ( bnay qyomo ) ' എന്ന സന്യാസപൂർവ്വപ്രതിഭാസത്തിൽ (
proto monastic ) നിന്നും രൂപാന്തരം പ്രാപിച്ച ഒന്നായിരുന്നു. ഇതിനെ സുറിയാനിസഭയിൽ നിലനിന്നിരുന്ന ആദ്ധ്യാത്മികസംസ്കാരത്തിൽ നിന്നും സന്യാസപൂർവ്വ രൂപത്തിലേക്കുള്ള വളർച്ചയായി കാണാം .
സുറിയാനി പിതാവായിരുന്ന അഫ്രാഹാത്തും ( 270 -345 AD) എഡേസായിലെ മേൽപ്പട്ടക്കാരനായിരുന്ന റാബുല ( 411 - 435A D) യും അവരെപ്പറ്റി പറയുന്നുണ്ട് . അഫ്രാഹാത്ത് പറയുന്നത് : 1. അവർ ഏകത പാലിക്കുകയും സമ്പന്ന ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയും ചെയ്തു 2 . ക്രിസ്തുവിൻ്റെ മണവാട്ടികളായി സ്വയം ചിന്തിച്ചിരുന്നു 3. ദരിദ്രരുടെ ശുശ്രൂഷ ക്രിസ്തുശുശ്രൂഷയായി കണ്ട് പ്രവർത്തിച്ചു 4 . ഉണർവും ജാഗ്രതയും ( vigil )ജീവിതത്തിൽ പുലർത്തി 5 . പരസ്യ ആരാധനകളിൽ സജീവമായി പങ്കാളിത്തം വഹിച്ചിരുന്നു . സുറിയാനിസഭയിലെ മാർ അപ്രേം ഈ മാർഗം സ്വീകരിച്ച വ്യക്തിയായിരുന്നു . ഏകത എന്നതിന് അവിവാഹിതം (celebacy)എന്ന പരിമിത അർത്ഥമല്ല ഉള്ളത് . അതിന് വ്യക്തിത്വസമഗ്രത , ഏകാഗ്രത , നിയോഗജീവിതം , പൂർണ്ണ സമർപ്പിതം , ആത്യന്തികമായി ക്രിസ്തുവിൻ്റെ ജീവിതമാതൃക എന്ന സൂചനയാണ് ഉള്ളത് . അവിവാഹിതജീവിതം എന്നത് ഈ ജീവിതരീതിയുടെ ഒരു പരിണിതഫലം മാത്രമായിരുന്നു .
ക്യോമോ (covenent )എന്നാൽ ഉടമ്പടി , സമർപ്പിതം എന്നെല്ലാം അർത്ഥമാകാം . ഈ പദത്തിൻ്റെ ധാതുരൂപത്തിൽ എഴുന്നേറ്റു നിൽക്കുക എന്ന അർത്ഥമുണ്ട് . അതായത് ക്രിസ്തുബന്ധത്തിൽ താൻ ഉറച്ചുനിൽക്കുന്നു എന്നും നിവർന്നു നിന്ന് പ്രാർത്ഥിക്കും എന്നുമെല്ലാം ഇതിൽ സൂചന വരുന്നു . ഇവിടെ ഉടമ്പടിപുത്രന്മാർ അവരുടെ വ്രതജീവിതം സംബന്ധിച്ച് ദൈവവുമായി ഉടമ്പടി ചെയ്തവരാണ് . ജീവിതാന്ത്യം വരെ ക്രിസ്തുവിനെ അനുകരിച്ച് ഏകരായി ജീവിക്കുമെന്നും സഭയുടെ ആരാധനാ - ജീവിത മേഖലകളിൽ സജീവമായി പ്രവർത്തിക്കുമെന്നും പ്രാർത്ഥന , ഉപവാസം എന്നീ കാര്യങ്ങളിൽ നിഷ്ഠയുള്ളവരായി കഴിയും എന്നാണ് ഈ വ്യക്തിഗതവും സ്വതന്ത്രവുമായ ഉടമ്പടിയുടെ ഉള്ളടക്കം . ഇത് സന്യാസ പ്രതിജ്ഞ (vow)യായി പരിഗണിക്കപ്പെടുന്നില്ല . അവരുടെ മാമോദിസപ്രതിജ്ഞയുടെ മൗലികമായ ( radical) നടപ്പിലാക്കലായി അവർ മനസ്സിലാക്കുന്നു . മാമോദീസ സ്വീകരിക്കുന്ന വ്യക്തി ദൈവപുത്രനായി രൂപാന്തരപ്പെടുകയും പരിശുദ്ധാത്മാവിൽ പുനർജന്മം പ്രാപിക്കുകയും ആണ് . അതുകൊണ്ട് മാമോദിസയെ അടിസ്ഥാനപരമായി ഒരു ഉടമ്പടിയായി ഇവർ വ്യാഖ്യാനിച്ചിരുന്നു . ഇവർ ഏറ്റെടുക്കുന്ന ഈ ഉടമ്പടി ഒരു പുതിയ നടപടിയല്ല പ്രത്യുത അത് മാമോദിസയിൽ ഏറ്റെടുത്ത ഉടമ്പടിയുടെ മൗലികമായ നടപ്പാക്കൽ മാത്രമാണ് . അത് പിൽക്കാലത്ത് സന്യാസം പോലെ പ്രത്യേകമായി ഏറ്റെടുക്കുന്ന വ്രതജീവിതനിയോഗമല്ല ; വിശ്വാസജീവിതത്തിന്റെ സമൂലവും തീവ്രവുമായ സ്ഥിരീകരണം ( radicalized
actualization) മാത്രമാണ് . വിവാഹബന്ധത്തിൽ നിന്നു വിട്ട് ഈ ഉടമ്പടി സ്വീകരിച്ചവരും ഇവരിൽ പെട്ടിരുന്നു .
സുറിയാനിപാരമ്പര്യത്തിൽ ക്രിസ്തീയജീവിതത്തിൻ്റെ തുടക്കം എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന വിശുദ്ധ സ്നാനമാണ് . ഇതുവഴി വ്യക്തി ദൈവസന്താനമായി പരിവർത്തിതമാവുകയും ദൈവപുത്രന് സദൃശ്യമാവുകയുമാണ് . അങ്ങനെ അവർ ദൈവപുത്രന്റെ ജീവിതമാതൃക അവലംബിക്കുകയാണ് . അതോടെ ശുശ്രൂഷയ്ക്കായി പൂർണ്ണമായും ക്രിസ്തുവിനെപ്പോലെ സമർപ്പിതമാവുകയും കന്യകാത്വം (virginity ) , നമസ്കാരം , ഉപവാസം , സഭയിൽ ശുശ്രൂഷകളിലുള്ള സഹകരണം എന്നിവ ജീവിതവ്രതമായി ദൈവവുമായി ഉടമ്പടി സൃഷ്ടിക്കുകയും ചെയ്യുന്നു . ഇവർ സമർപ്പിതരായി സഭാജീവിതത്തിൽ സജീവമായി പങ്കെടുത്തിരുന്നു . റോമാസാമ്രാജ്യത്തിൽ ഡയോക്ലിഷൻ ചക്രവർത്തിയുടെയും പേർഷ്യൻ ചക്രവർത്തി ശാപ്പോർ II- മൻ്റെയും ( Shapur II) കാലത്ത് ഇവർ വ്യാപകമായി പീഡനത്തിന് വിധേയരായിത്തീർന്നു . ഇത് ഇവരുടെ ശക്തമായ സഭാബന്ധം കൊണ്ടായിരുന്നു . നാലാം നൂറ്റാണ്ടിലെ നിരവധി രക്തസാക്ഷികൾ ഈ വിഭാഗത്തിൽ പെട്ടവരായിരുന്നു .
അവരുടെ പേരിലുള്ള 'പുത്രന്മാർ /പുത്രിമാർ' എന്ന പദങ്ങൾ ഒരു സെമിറ്റിക് ഭാഷാ പ്രയോഗമാണ് . ' വെളിച്ചത്തിന്റെ മക്കൾ ' (ലൂക്കോ 16:8; യോഹ 12:36 ; എഫേ 5:8; 1 തെസ 5:5) , ' രാജ്യത്തിൻ്റെ പുത്രന്മാർ ' (മത്താ 8:12; 13:38)എന്നീ പ്രയോഗങ്ങൾ പുതിയനിയമത്തിൽ തന്നെയുണ്ട് . വെളിച്ചം ഉൾക്കൊണ്ട് ജീവിക്കുന്നവർ, വെളിച്ചപുത്രന്മാർ , ദൈവരാജ്യമൂല്യപ്രകാരം ജീവിക്കുന്നവർ ദൈവരാജ്യത്തിൻ്റെ മക്കൾ എന്നതുപോലെ ദൈവ ഉടമ്പടി പ്രകാരം ജീവിതം നയിക്കുന്നവർ ' ഉടമ്പടി മക്കൾ' എന്ന് അറിയപ്പെടുന്നു . അവർ ദൈവവുമായി ഉടമ്പടി ചെയ്തവരാണ് എന്ന അർത്ഥമേ ഭാഷാപരമായി ഈ പ്രയോഗത്തിനുള്ളൂ . ഇവർ മാമോദിസാ സമയത്തു തന്നെ ഈ ഉടമ്പടിയിൽ ഏർപ്പെടുന്നതായി പറയുന്നു .
മാമോദിസ സ്വീകരിച്ച ദൈവപുത്രൻ തന്റെ ജീവിതം നിയോഗിതന്റേതായി പുന:സമർപ്പിച്ച മാതൃകയിൽ മാമോദിസയിലൂടെ ഏകതാജീവിതം , സഭാശുശ്രൂഷകൾ , ഉപവാസം , സഭാശുശ്രൂഷാസ്ഥാനികളോടുള്ള വിധേയത്വം , കർശനമായ ജീവിതരീതികൾ എന്നിവ പാലിക്കുവാൻ ദൈവവുമായി ഉടമ്പടി സൃഷ്ടിക്കുന്നു . ഇവരെ സംബന്ധിച്ച് മാമോദീസ എന്നത് പാപമോചനത്തിനുവേണ്ടി മാത്രമായിരുന്നില്ല. അവർക്ക് അത് ക്രിസ്തുവുമായ ഉടമ്പടിവിഷയമായിരുന്നു . എന്നാൽ അവർ ഈജിപ്ഷ്യൻസന്യാസിമാരെപ്പോലെ ജീവിതപരിസരം വിട്ട് വിജനപ്രദേശത്തേക്ക് പാർപ്പിടം മാറ്റുന്നില്ല . ഇടവകയിൽ തന്നെ മറ്റുള്ള വിശ്വാസികളെപ്പോലെ ജീവിതം നയിച്ച് സഭാശുശ്രൂഷകളിൽ വ്യാപൃതരാവുകയായിരുന്നു പതിവ് . സഭാജീവിതത്തിൽ നിന്നകന്ന ഒരു വിശ്വാസജീവിതത്തെ പറ്റി അവർ ചിന്തിച്ചിരുന്നില്ല .
സുറിയാനിപാരമ്പര്യത്തിൽ മാമോദിസയെ ക്രിസ്തീയജീവിതത്തിൻ്റെ കേന്ദ്രമായി എന്നും കരുതിയിരുന്നു . അതുവഴി ദൈവവുമായി ഉടമ്പടിയിൽ ഏർപ്പെട്ട് ദൈവമക്കളായി ഭവിക്കുന്നു . ക്രിസ്തുവിൻ്റെ മരണത്തിലും ഉയിർപ്പിലും ഉള്ള പങ്കാളിത്തം ജീവിതാനുഭവമാക്കുന്നു .ഇത് പറുദീസയിലേക്കുള്ള വീണ്ടെടുപ്പും തിരിച്ചുവരവുമായി മനസ്സിലാക്കുന്നു . ഉടമ്പടിമക്കൾ മാമോദിസയിലൂടെ ദൈവപുത്രന് സദൃശ്യരായി പരിണമിക്കുന്നു.
വിവാഹജീവിത൦ സുറിയാനി പാരമ്പര്യത്തിൽ എന്തെങ്കിലും കുറവുള്ളതായി ഗണിക്കപ്പെടുന്നില്ല . ഉടമ്പടിമക്കൾ അവിവാഹിതരായി കഴിഞ്ഞത് : 1 . ക്രിസ്തുവിനെ മാതൃകയാക്കുക 2 . മാലാഖമാർക്ക് സമാനരാവുക 3. പുനരുത്ഥാനജീവിതത്തിൻ്റെ മുന്നനുഭവത്തിൽ കഴിയുക 4 . ആദമിൻ്റെ വീഴ്ചയ്ക്കു മുമ്പുള്ള അവസ്ഥയിൽ കഴിയുക എന്നീ ലക്ഷ്യത്തോടെയാണ് . ഇത് സൂചനാപരവും യുഗാന്ത്യജീവിതത്തിൻ്റെ മുന്നനുഭവവുമായ ജീവിതമായി അവർ മനസ്സിലാക്കി .
അവർ സഭാജീവിതത്തിൽ പട്ടക്കാരോടൊപ്പം അവരുടെ ശുശ്രൂഷകൾ , ആരാധനകൾ , ഇടയപരിപാലനം എന്നിവയിൽ നിഷ്ഠയോടെ സഹകരിച്ചും സ്ഥിരമായ സങ്കീർത്തന പാരായണം , പ്രാർത്ഥന , ഉറക്കമിളച്ചുള്ള ജാഗരണം (vigil )എന്നിവയിൽ മുഴുകിയും ജീവിതം കഴിച്ചിരുന്നു . ആരാധനാജീവിതത്തിലുള്ള ഇടപെടൽ മാത്രമായിരുന്നില്ല അവരുടെ പ്രവർത്തനമേഖല . വിശ്വാസികൾ ധാർമ്മികതയിലും അച്ചടക്കത്തിലും കഴിയുവാൻ അവർ ശ്രദ്ധ ചെലുത്തി അജപാലനം നടത്തിയിരുന്നു . സഭാ ആരാധന - ശുശ്രൂഷാ ജീവിതത്തിൽ സ്ഥിരമായി സഹകരിച്ചിരുന്നെങ്കിലും ഉടമ്പടിമക്കൾ സഭയിൽ പൗരോഹിത്യസ്ഥാനങ്ങൾ ഏറ്റെടുത്തിരുന്നില്ല . അവർ എപ്പിസ്കോപ്പമാരെ സഹായിച്ചും വിശ്വാസത്തിലേക്കു വരുന്നവരെ ( catechumens)യും ദരിദ്രരെയും പരിപാലിച്ചും കഴിഞ്ഞിരുന്നു .
ഉടമ്പടിപുത്രിമാരും (bnat qyomo ) സഭയിലെ സഭാ - കൗദാശിക മേഖലകളിൽ സഹകരിച്ചിരുന്നു . സ്ത്രീകളുടെ സ്നാനം , വിശുദ്ധ കുർബാനയുടെ അനുഷ്ഠാനം എന്നിവയിൽ അവർ സജീവ സഹകാരികൾ ആയിരുന്നു . അവർ ഏകതാ ജീവിതം ( solitary life )വിശുദ്ധ ജീവിതത്തിൻ്റെ അനിവാര്യഘടകമായി പരിഗണിച്ചിരുന്നു. അവർ സ്ഥിരം നടത്തിയിരുന്ന പ്രാർത്ഥനയെ പറ്റി മാർ അപ്രേം പറയുന്നുണ്ട് : "യേശു മിശിഹായാകുന്ന എൻ്റെ നാഥാ , വ്രതജീവിതത്തിൽ ഞങ്ങൾ നിവർന്നു നിൽക്കുന്നു . ഈ ലോകത്തിൽ ഞങ്ങൾ ഉപേക്ഷിക്കപ്പെടരുതേ . ബുദ്ധിമതികളായ കന്യകമാരോടൊപ്പം ഞങ്ങൾ ആകണമേ . ഞങ്ങൾ നിൻ്റെ അനുഗൃഹീത മണവറയിൽ പ്രവേശിക്കുമാറാകണമേ ".
ഉടമ്പടിമക്കൾ ഈജിപ്തിലെ ആദ്യകാല സന്യാസിമാരിൽ നിന്നും വ്യത്യസ്തരായിരുന്നു . ഇവർ അടിസ്ഥാനപരമായി സ്നാന ഉടമ്പടി ഗൗരവമായി എടുത്തവരും സഭാശുശ്രൂഷ ജീവിതലക്ഷ്യമാക്കിയവരും ആയിരുന്നു . മറ്റുള്ള സ്ഥലങ്ങളിൽ രൂപം കൊണ്ട സന്യാസികൾ അടിസ്ഥാനപരമായി പരിത്യാഗികൾ ആയിരുന്നു . എന്നാൽ ഉടമ്പടിമക്കൾ സഭയിൽ നിന്നും അന്യമായോ സഭാംഗങ്ങളിൽ നിന്ന് വ്യത്യസ്തമായോ ആയ ഒരു നിലനിൽപ്പ് അഭിലക്ഷിച്ചിരുന്നില്ല. അവർ വിശ്വാസജീവിതത്തിൻ്റെ മാതൃകയും സഭാശുശ്രൂഷ അവർക്ക് ജീവിതലക്ഷ്യവും ഉടമ്പടിജീവിതം ജീവിതരീതിയുമായി സ്വയം മനസ്സിലാക്കിയവർ ആയിരുന്നു .
ഉടമ്പടിപുത്രന്മാർ എന്ന നിലയിൽ നിന്നും ഇഹിദായോസന്യാസത്തിലേക്കുള്ള മാറ്റം ( transition )നടന്നതിന് പല കാരണങ്ങളും ഉണ്ടായിരിക്കണം. ഇടവക / സഭാ ജീവിതത്തിൽ നിന്നും ഒരു താപസ സ്വത്വ( monastic identity )ത്തിലേക്കുള്ള പരിണാമ( evolution )മായിരുന്നു അത് . ഈജിപ്തിലും ഏഷ്യാ മൈനറിലും പാലസ്തീനിലും വളർന്നുവന്ന സന്യാസപ്രസ്ഥാനങ്ങളുടെ സ്വാധീനത്തിൽ പെട്ട ഇവരിൽ ചിലർ സന്യാസജീവിതത്തെ പറ്റി ചിന്തിക്കുകയും സഭയിൽ ഇഹിദായവ്രതസ്തർ ഉണ്ടാവുകയും ചെയ്തു . അതോടെ അവർ സഭാശുശ്രൂഷയിൽ നിന്ന് പിൻവാങ്ങുകയും ഇടവക - സഭാ ബന്ധങ്ങൾ വിട്ട് സന്യാസം ഏറ്റെടുക്കുകയും ചെയ്തു . ഇവിടെ ഉടമ്പടിജീവിതം ഉപേക്ഷിക്കുകയായിരുന്നില്ല അതിൻ്റെ ഒരു പരിവർത്തന ഘട്ടം ആയിരുന്നു ഈഹിദായോ എന്നു പറയാം . ഇതിന് സമാന്തരമായി വളർന്നുവന്ന ഈജിപ്തിലെ സന്യാസം - വ്യക്തി - ആശ്രമ സന്യാസം - നിർണായക പങ്കുവഹിച്ചു . എന്നാൽ സുറിയാനിസഭയുടെ ആധ്യാത്മികപാരമ്പര്യം നഷ്ടപ്പെടുത്താതെയാണ് സുറിയാനിസഭയിൽ സന്യാസം രൂപം കൊണ്ടത്.
സുറിയാനിസഭയിലെ താപസപ്രസ്ഥാനത്തിന്റെ പശ്ചാത്തലം മറ്റിടങ്ങളിൽ നിന്നും ഭിന്നമായിരുന്നുവെന്ന് നിരീക്ഷിക്കാം. അവിടെ സമൂഹത്തിൽ നിന്ന് പിരിഞ്ഞ് ആധ്യാത്മികജീവിതം അർത്ഥവത്താകാൻ ഏകാന്തവാസികളും സന്യാസസമൂഹങ്ങളും ശ്രമിക്കുകയായിരുന്നു. എന്നാൽ സുറിയാനിസഭയിൽ സന്യാസം സഭയിൽ സ്വാഭാവികമായി വളർന്നതാണ്. അതിന് സാഹചര്യമൊരുക്കിയത് മാമോദിസയിൽ അധിഷ്ഠിതമായ മൗലികമായ (radical) ജീവിതസങ്കല്പവും ആയിരുന്നു.
അത്താനാസിയോസ് തോമസ്
മെത്രാപ്പോലീത്ത
No comments:
Post a Comment