മഴയെത്തും മുൻപേ കടുത്ത പനി എത്തി
മഴയെത്തും മുൻപേ
കടുത്ത പനി എത്തി
ഈ വര്ഷം കാലവർഷം എത്തുംമുൻപേ അനിതരസാധാരണരീതിയിലുള്ള പനി എത്തിയിരിക്കുകയാണ് പനിയുടെ പ്രധാന കാരണം രോഗാണു പ്രസരണമാണ്. ഉദാ: വൈറസ് (ഇൻഫ്ലുവൻസ), ബാക്ടീരിയ, മലേറിയ, ഫൈലേറിയ, പ്രത്യക്ഷമായോ പരോക്ഷമായോ പഴുപ്പ് എവിടെയെങ്കിലും ഉണ്ടെങ്കിലും പനിയായി കലാശിക്കാം.മഴക്കാലത്ത് ജലദോഷവും ചുമയും ധാരാളമായി കാണാറുണ്ട്. കഴുത്തും തൊണ്ടയും തണുപ്പടിക്കാതെ സൂക്ഷിക്കണം. മാറാതെ നിൽക്കുകയാണെങ്കിൽ ലാബറട്ടറി പരിശോധനയും വേണ്ടി വരും. നെഞ്ചിന്റെ എക്സ്റേ എടുക്കേണ്ടിയും വരും. മലമ്പനി ഇന്ന് നമ്മുടെ നാട്ടിൽ കാണാറില്ലെങ്കിലും പുറത്തു നിന്നു വരുന്നവരിൽ കാണാറുണ്ട്. കൊതുകു പരത്തുന്ന മലേറിയ, ഫൈലേറിയ, ഡെങ്കിപ്പണി, എലിപ്പനി മുതലായവയും ഇന്നു ധാരാളമായി കാണുന്നുണ്ട്. ഏതു പനിയും നിസ്സാരമായി തള്ളിക്കളയാതെ കരുതലെടുക്കുക. നീണ്ടു നിൽക്കുന്ന പനിയെ നിസ്സാരമായി തള്ളിക്കളയാതെ ഒരു ഡോക്ടറുടെ ഉപദേശം തേടണം 'കാലവർഷത്തിനു പിന്നാലെ പനിക്കാലം തുടങ്ങുന്നതായിരുന്നു പണ്ടത്തെ പതിവ്. പിന്നെ അത് മഴയ്ക്കൊപ്പം എന്നായി. പക്ഷേ, ഇത്തവണ കാലവർഷം എത്തുംമുമ്പേ സംസ്ഥാനത്ത് പനി പിടിമുറുക്കിയിരിക്കുകയാണ് .തെക്കുപടിഞ്ഞാറൻ മൺസൂണിന് ഒരാഴ്ചകൂടി കാത്തിരിക്കണമെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ, മേയ് മാസത്തിൽ മാത്രം വിവിധ ജില്ലകളിലായി പനിക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേരാണ്. മഴയും ഈർപ്പവും കാറ്റും മലിനജലവുമൊക്കെ പനിബാധയ്ക്ക് അവസരമൊരുക്കുന്ന ഘടകങ്ങളാണ് എന്നത് നേരു തന്നെ. പലേടത്തും വേനൽമഴ കനത്തു തുടങ്ങിയത് മേയ് പകുതി പിന്നിട്ടതോടെയാണ്. എന്നാൽ, അതിനും മുമ്പ് കൊടുംചൂടിൽത്തന്നെ പകർച്ചപ്പനികൾ ഉൾപ്പെടെയുള്ള വ്യാധികൾ തേർവാഴ്ച തുടങ്ങിയെന്നത് ഞെട്ടിക്കുന്ന പരമാർത്ഥമാണ്.മേയ് മാസത്തിൽ മാത്രം പത്തു പേരാണ് വിവിധയിനം പനികൾ ബാധിച്ച് മരിച്ചത്. എലിപ്പനിയാണ് പനികളിലെ കൊടുംവില്ലൻ! എലിപ്പനി ബാധിച്ച് എട്ടു പേർക്ക് ജീവൻ നഷ്ടമായപ്പോൾ രണ്ടുപേരുടെ ജീവനെടുത്തത് ഡെങ്കിയാണ്. മലേറിയ മുതൽ മസ്തിഷ്കജ്വരം വരെയുള്ള വ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന എബോളയുടെ ഭീഷണിയും രാജ്യത്ത് ഉള്ളതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന വിദേശ മലയാളികളുണ്ട്. വിമാനയാത്രാ വേളയിലും മറ്റുമുണ്ടാകുന്ന സമ്പർക്കത്തിലൂടെ എബോളയുടെ അണുക്കൾ കേരളത്തിലെത്താൻ ഇടയുള്ളതിനാൽ ഇപ്പോൾ പനിയുമായി ചികിത്സയ്ക്ക് എത്തുന്നവരുടെ യാത്രാചരിത്രവും ആശുപത്രികളിൽ വിശദമായി നിരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥാഭേദമില്ലാതെ പടരുന്ന പനിയെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുകയും, മൂലകാരണം കണ്ടെത്തി പ്രതിരോധം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. പനി എന്നത് പണ്ടത്തെപ്പോലെ തുമ്മലും ചീറ്റലും മാത്രമായി ഒതുങ്ങുന്നതല്ല. എബോള ഉൾപ്പെടെ പലതരം വ്യാധികളുടെ പ്രാഥമിക ലക്ഷണങ്ങൾ പനിക്കു സമാനമാണ്. ഒരാഴ്ചകൊണ്ട് മാറിക്കോളുമെന്ന ധൈര്യത്തിൽ ഇരുന്നാൽ സ്ഥിതി വഷളായേക്കാം. സ്വയം ചികിത്സ നിശ്ചയിക്കുന്നരോടും, വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ രോഗലക്ഷണം പറഞ്ഞ് മരുന്ന് വാങ്ങുന്നവരോടും പറയാനുള്ളത്, അപകടം ക്ഷണിച്ചുവരുത്തരുത് എന്നാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment