തിളക്കമാർന്ന ജീവിത മാതൃകകൾ.🌹
ഡോ.പി.എൻ.
ഗംഗാധരൻ നായർ.
നേതാക്കളുടെ വാക്കുകളിലല്ല മറിച്ച് അവരുടെ പ്രവൃത്തികളാണ്
അനുയായികൾക്ക് മാതൃകയാകുന്നത്, അതാണവർ അനുകരിക്കുന്നതും. ഇങ്ങനെയുള്ള കാലാതീതരായ നേതാക്കളാണ്
നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രതിഫലം ആഗ്രഹിക്കാതെ സ്വധർമ്മം നിറവേറ്റുന്ന
നേതാവിന് മാത്രമേ ജനതയിൽ ചലനം സൃഷ്ടിക്കാനാവു. കഴിവുറ്റ യഥാർത്ഥ നേതാക്കൾ ചെയ്യുന്നത്
അനുയായികൾ അനുകരിക്കുന്നു, അനുസരിക്കുന്നു. അവരുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാവുകയും
ആ മാതൃക പിൻതലമുറകളിലൂടെ ലോകമെങ്ങും വ്യാപിക്കുന്നു. അങ്ങനെയാണ് മഹാത്മാഗാന്ധി മാർട്ടിൻ
ലൂതർ കിങ്ങിലൂടെ, നെൽസൺ മണ്ടേലയിലേക്ക് വന്ന് ലോകമെങ്ങും അനുകരിക്കുന്ന മാതൃകയാകുന്നത്.ആ
മഹാപ്രതിഭകളുടെ ജീവിതം സാധാരണക്കാർ അനുകരിക്കുന്നില്ലെങ്കിലേ അത്ഭുതം തോന്നേണ്ടതുള്ളൂ.
കൃഷ്ണനും ക്രിസ്തുവും നബിയും ബുദ്ധനും ശങ്കരനും
വിവേകാനന്ദനും എല്ലാം എത്രകാലമായി നമ്മുടെ ജീവിതത്തെ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു.
ആ ജീവിത മാതൃകകളൊന്നും മുന്നിലില്ലായിരുന്നെങ്കിൽ നമ്മുടെ പൊതുജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് ഊഹിക്കാൻ പോലും സാധ്യമാകുന്നതല്ല.
'ആധുനിക ഇന്ത്യയുടെ ശില്പി' എന്നറിയപ്പെടുന്ന
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ അപ്രകാരം അഭിസംബോധന ചെയ്യാൻ
കാരണം, നമ്മൾ ഇന്ന് കാണുന്ന ആധുനിക മതേതര ജനാധിപത്യ രാഷ്ട്രത്തിന് അദ്ദേഹം ശക്തമായ
അടിത്തറ നൽകിയതുകൊണ്ടാണ്.വർഗീയകലാപങ്ങളും ഭക്ഷ്യക്ഷാമവും അഭയാർത്ഥിപ്രവാഹവും കോളനിവാഴ്ച
തകർത്തെറിഞ്ഞ സാമ്പത്തിക ഘടനയും, പല ഭാഗത്തായി ചിതറി ക്കിടന്ന 600 ലേറെ നാട്ടുരാജ്യങ്ങളും, എല്ലാംകൂടി
സങ്കീർണ്ണമാക്കിയ
ഒരു ചരിത്ര പ്രതിസന്ധി. അരാജകത്വത്തിലേക്കോ ആഭ്യന്തര യുദ്ധത്തിലേക്കോ വഴുതിവീഴാമായിരുന്ന
സാഹചര്യം. ആ വെല്ലുവിളികളെ അനിതര സാധാരണമായ പക്വതയോടെ മറികടന്ന് ഇന്ത്യയ്ക്ക് ബഹുസ്വരതയും മതേതരവുമായ അടിത്തറ ഉറപ്പിക്കാൻ ജവഹർലാൽ
നെഹ്റുവിനും കൂടെ പ്രവൃത്തിച്ച സർദാർ വല്ലഭായി
പട്ടേലിനെപ്പോലുള്ളവർക്കും കഴിഞ്ഞു . അന്ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ
പല രാജ്യങ്ങളിലും ജനാധിപത്യം ഒരു ആശയമായി പോലും തുടരുന്നില്ല
എന്നിടത്താണ്
നെഹ്റു സമകാലിക ഇന്ത്യയിൽ മറ്റെല്ലാവരെക്കാളും പ്രസക്തമാകുന്നത്. ടാഗോറിന്റെ ബൗദ്ധികതയും
ഗാന്ധിജിയുടെ പ്രായോഗികതയുമാണ് നെഹ്റുവിനെ എല്ലായിപ്പോഴും നയിച്ചത്.പക്ഷേ ഇന്ന് ഇന്ത്യയിൽ
സജീവമായിരിക്കുന്നത് നെഹ്റുവിന്റെയും ഗാന്ധിജിയുടെയും ചിന്തകളിലെ പൈതൃകത്തെ
ധ്വംസിക്കാനുള്ള
ബോധപൂർവ്വമായ ശ്രമങ്ങളാണ്. ഇത്തരം ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് ആധുനിക ഇന്ത്യയുടെ
നിർമ്മാണപ്രക്രിയയിൽ എന്ത് പങ്കുണ്ടായിരുന്നു എന്നത് ചിന്തനീയമാണ്.
സ്വയം പരിവർത്തന വിധേയമാകാൻ ആദ്യം വേണ്ടത് കൂടുതൽ
നന്നായി സ്വയം അറിയുകയാണ്. ആ അറിവിലേക്ക് ജനതയെ നയിക്കുക എന്ന ദൗത്യമാണ് നേതാവിന്റേത്.
ജനങ്ങൾ മാറ്റത്തിനെ ചെറുക്കുന്നില്ല,സ്വയം മാറുന്നതിനോടാണ് ചെറുത്തുനിൽപ്പ്. അവരെ സ്വയം
പരിവർത്തനത്തിന് വിധേയരാക്കാൻ ദൃഢചിത്തരായ നേതൃത്വത്തിന് സാധിക്കും. നേതൃത്വത്തെ അഥവാ
ലീഡർഷിപ്പിനെ തനതായ ഉൾക്കാഴ്ചയോടെ സഹസ്രാബ്ദങ്ങൾക്ക് മുമ്പേ സമീപിച്ച ചൈനീസ് ദാർശനികനാണ്
ലാവോത്സു. മനുഷ്യന്റെ അവബോധവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒന്നായിട്ടാണ് ലീഡർഷിപ്പിനെ
അദ്ദേഹം സമീപിച്ചത്. അത്തരത്തിൽ നാലിനം ഭരണാധികാരികളെ അഥവാ നേതാക്കളെ സൃഷ്ടിക്കുന്ന
ബോധത്തിന്റെ നാല് തലങ്ങളെ അദ്ദേഹം അനാവരണം ചെയ്യുന്നു. സ്വയം കണ്ടെത്തുവാനും അതിനനുസൃതമായി
ജീവിതം നയിക്കാനും ജനങ്ങൾക്ക് പ്രേരണയാകുന്ന നിസ്തുല നേതൃത്വത്തെ തന്നെയാണ് ഏറ്റവും
മികച്ച നേതാവായി,
ലാവോത്സു
കണ്ടെത്തുന്നത്. വാക്കുകൾക്ക് വലിയ റോളില്ലാത്ത ഒരു വ്യവസ്ഥയാണിത്. മൂല്യബോധത്താൽ സമൂഹത്തെ
പരിവർത്തന വിധേയമാക്കുന്നവരാണ് രണ്ടാമത്തെ മികച്ച നേതാക്കൾ. ഭീഷണിയുടെയും അച്ചടക്കത്തിന്റെയും
ഉടവാൾ കാട്ടി ജനതയെ നേർവഴി നടത്തുന്നവരെ അദ്ദേഹം മൂന്നാംതരക്കാരായേ കാണുന്നുള്ളൂ.വളഞ്ഞ
വഴിയിലൂടെ നയിച്ച് ജനതയെ തന്നെ വഴിതെറ്റിക്കുന്ന വരെയാണ് നാലാം വിഭാഗത്തിൽപ്പെടുന്നനേതൃത്വമായി
അദ്ദേഹം അടയാള പ്പെടുത്തുന്നത്.
എല്ലാ പ്രയത്നങ്ങളുടെയും മഹത്വം അതിനു പിന്നിലെ
ലക്ഷ്യങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം, അതാണ് അസാധ്യമെന്ന് തോന്നുന്നവയെ സാധ്യമാക്കുന്നത്. ഈ ഗുണത്തെയാണ് ലീഡർഷിപ്പ്
എന്ന് പറയുന്നത്.നേതാവ് എന്ന വിളിപ്പേരിന്
അവർ മാത്രമാണ് അർഹർ. സ്വയംവരിച്ച ആദർശങ്ങളോട് അചഞ്ചലമായ വിശ്വാസം പുലർത്തുന്നവരാണ
വർ. ഭാരതം ജന്മമേകിയ മഹാപ്രതിഭകളിൽ മുൻനിരയിലാണ് സ്വാമി വിവേകാനന്ദൻ, ഭാരതത്തെ ലോകത്തിന്
പരിചയപ്പെടുത്തിയ അസാധാരണ പ്രതിഭ. സാദാകർമ്മനിരതനായിരിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
തികഞ്ഞ സത്യസന്ധതയും നിസ്വാർത്ഥതയും ഉള്ള ഒരാൾക്ക് മുഴുവൻ ലോകത്തിന്റെയും എതിർപ്പിനെ
നേരിടാൻ ആവുമെന്ന് സ്വാമിജി ജീവിതംകൊണ്ട് തെളിയിച്ചു. കമ്മ്യൂണിസം പോലുള്ള മഹത്തായ
ആശയങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുന്നത് ആശയങ്ങളുടെ പരാജയം കൊണ്ടല്ല, മറിച്ച് സ്വാർത്ഥരായ നേതാക്കളുടെ
പ്രവൃത്തി
കൊണ്ടാണ്. സ്വധർമ്മമാണ് ജീവിതത്തെ നിർവചിക്കുന്നത്. അത് സത്യസന്ധമായും നിസ്വാർത്ഥമായും
അനുഷ്ഠിക്കുമ്പോഴാണ് സാധാരണ മനുഷ്യർ അസാധാരണ വ്യക്തിളും നേതാക്കളും മഹാത്മാക്കളും ആകുന്നത്.അവരാണ്
ചരിത്രം സൃഷ്ടിക്കുന്നതും, ലോകം അവരുടേതു കൂടിയാവുന്നതും അപ്പോഴാണ്. അവർക്കാണ് എക്കാലത്തും
അനുയായികൾ ഉണ്ടാകുന്നത്.
ഇംഗ്ലീഷ് സാഹിത്യകാരൻ ആൽഡസ് ഹക്സിലി തന്റെ
'ബ്രേവ് ന്യൂ വേൾഡ് റിവിസിറ്റഡ്' എന്ന പ്രബന്ധത്തിൽ ലോകത്ത് പരിവർത്തനം ഉണ്ടാക്കുന്നതിൽ
മഹാ വ്യക്തികൾക്കാണ് പ്രമുഖ സ്ഥാനം എന്നു പറയുന്നു. ലെനിൻ, മാവോ, ഗാന്ധിജി,
ബിസ്മാർക്ക്,
എബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല എന്നിവരാണ് യഥാക്രമം റഷ്യ ചൈന ഇന്ത്യ യൂറോപ്പ് അമേരിക്ക
സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിൽ പരിവർത്തനങ്ങൾ സംഭവിപ്പിച്ചത്. അവരുടെ കാലത്തെ ജനങ്ങളെ
എല്ലാവരും മറന്നു കഴിഞ്ഞു, പക്ഷേ ഈ മഹാ പ്രതിഭകൾ എന്നും മനുഷ്യമനസ്സുകളിൽ അനശ്വരരാണ്.
അതുപോലെയാണ് ശ്രീരാമകൃഷ്ണ പരമഹംസൻ,
രമണ മഹർഷി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, തുടങ്ങിയ നവോത്ഥാന നായകരും, ഷേക്സ്പിയർ കാളിദാസൻ ടോൾസ്റ്റോയി മൈക്കെലാഞ്ചലോ
ഡാവിഞ്ചി ത്യാഗരാജൻ മുത്തുസ്വാമി ദീക്ഷിതർ തുടങ്ങിയ മഹാ മനീഷികളും.
അതി ദാരിദ്ര്യത്തിലും വിജയം കണ്ടെത്തിയ
മഹാനായ ഇറ്റാലിയൻ ചിത്രകാരനായിരുന്നു റാഫേൽ. അദ്ദേഹത്തിന്റെ 'അമ്മയും കുഞ്ഞും' എന്ന
ചിത്രം, മദ്യം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന
ഒരു വീപ്പയുടെ പുറത്താണ് വരച്ചത്. ചിത്രം വരയ്ക്കാനുള്ള ക്യാൻവാസ് വാങ്ങുന്നതിന് കാശില്ലാതിരുന്നതാണ്
ഇങ്ങനെ ചെയ്യാൻ കാരണമായത്. ഈ പ്രശസ്ത ചിത്രത്തെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അദ്ദേഹം
ഒരു ഹോട്ടൽ മുതലാളിക്ക് വിറ്റു. ഈ വിശ്വവിഖ്യാത
രചന ഇന്നും ഫ്ലോറൻസ് നഗരത്തിൽ ഒരു അമൂല്യ വസ്തുവായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ചരിത്രം ജനക്കൂട്ടത്തിന്റേതല്ല വ്യക്തികളുടേതാണെന്നു ഇവർ തെളിയിച്ചു തന്ന വഴികളാണ് ഇന്ന് മനുഷ്യകുലത്തിന് പ്രചോദനമെന്ന്‌ക്രാന്തദർശികൾ അഭിപ്രായപ്പെടുന്നു. ഉൽകൃഷ്ട ഗുണങ്ങളുടെ പ്രചാരകരായിരുന്നഇത്തരം മഹാത്മാക്കൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എന്നേ ഇരുണ്ട കാലഘട്ടത്തിൽതന്നെ അമർന്നടിഞ്ഞേനെ.അവരുടെ ജീവിതം മുഴുവനായും ഒരു യജ്ഞമായിരുന്നു.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിസ്തുലമായ സേവനം നൽകി ജീവിച്ചവർക്കായി
ഒരിടം
സ്വയമേവയായി നമ്മളിൽ ഉദയം ചെയ്യുകയാണ്. അങ്ങനെ മനുഷ്യമനസ്സുകളിൽ ഇവർ അനശ്വരരായി നിലകൊള്ളുന്നു.
.
No comments:
Post a Comment