വിമുക്ത ഭടന്മാരോട് നീതി കാണിക്കണം
പ്രതിസന്ധികളോട് എതിരിട്ട് രാജ്യത്തെ കാത്തവർ വിരമിച്ച് സ്വന്തം നാട്ടിലേക്കു മടങ്ങിയെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് മറ്റൊരു പോരാട്ടമാണ്; അർഹമായ നീതിക്കും അന്തസ്സോടെയുള്ള ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടം. കടുത്ത അവഗണനയ്ക്കും ചുവപ്പുനാടയ്ക്കും മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളത്തിലെ വിമുക്തഭടൻമാർ. നല്ലൊരു കാലം രാഷ്ട്രത്തിനായി ഉഴിഞ്ഞുവച്ചവരോട് ഭരണകൂടം കാണിക്കുന്ന നിഷേധാത്മക പ്രതികരണം അങ്ങേയറ്റം നിരാശാജനകമാണെന്നു പറയാതെ വയ്യ.
. ജനസംഖ്യാനുപാതംവച്ചു നോക്കിയാൽ, ഏറ്റവും കൂടുതൽ സൈനികരെ രാജ്യത്തിനു സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏകദേശം 1.95 ലക്ഷം വിമുക്തഭടന്മാരും എൺപത്തയ്യായിരത്തോളം പ്രതിരോധ കുടുംബപെൻഷൻകാരും ഇവിടെയുണ്ട്; പ്രതിരോധവകുപ്പിന്റെ ആനുകൂല്യങ്ങളെ ആശ്രയിച്ചു കഴിയുന്നവർ. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കടുത്ത വിവേചനമാണ് കേരളം നേരിടുന്നത്. പഞ്ചാബിലും ഹരിയാനയിലും ലഭ്യമാകുന്ന സൗകര്യങ്ങളുടെ പകുതിപോലും കേരളത്തിലെ സൈനിക കുടുംബങ്ങൾക്കു ലഭിക്കുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
ആരോഗ്യ സംരക്ഷണരംഗത്തെ അപര്യാപ്തതയാണ് ഇതിൽ ഏറ്റവും പ്രധാനം. 2.8 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള കേരളത്തിൽ വെറും 15 ഇസിഎച്ച്എസ് (എക്സ്–സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം) ക്ലിനിക്കുകൾ മാത്രമാണുള്ളത്. കേരളത്തിലുള്ളതിന്റെ പകുതി മാത്രം ഗുണഭോക്താക്കളുള്ള ഹരിയാനയിൽ 28 ക്ലിനിക്കുകളുണ്ടെന്ന് ഓർക്കുക. കേരളത്തിലെ അത്രതന്നെ ഗുണഭോക്താക്കളുള്ള പഞ്ചാബിലാകട്ടെ 40 ക്ലിനിക്കുകളുണ്ട്. വിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് അമ്പരപ്പിക്കുന്ന ഈ കണക്കുകൾ.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിമുക്തഭടന്മാർക്കു ലഭിക്കുന്ന മറ്റു സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും കേരളം ഏറെ പിന്നിലാണ്. കേരളത്തിലെ വിമുക്തഭടൻമാരോടും കുടുംബങ്ങളോടുമുള്ള അവഗണന എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. യുദ്ധകാലത്ത് സൈനികരെ വന്ദിക്കുന്നവർ, യൂണിഫോമിൽനിന്നു പുറത്തിറങ്ങുമ്പോൾ അവരെ മറന്നുപോകുന്നത് തികഞ്ഞ നന്ദികേടാണ്. കാവലാളുകളെ മറക്കുന്ന രാഷ്ട്രം സ്വയം വിസ്മൃതിയിലേക്ക് ആണ്ടുപോകുമെന്ന് യുഎസ് മുൻ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജ് പറഞ്ഞത് ഇവിടെ ഓർക്കാവുന്നതാണ്. വിമുക്തഭടന്മാർ നീതിക്കുവേണ്ടി യാചിക്കേണ്ട സ്ഥിതി കേരളത്തിൽ വരരുത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment