Pages

Tuesday, March 31, 2026

വയോമിത്രം’ കൂടുതൽ പ്രയോജനകരമാകട്ടെ

 

വയോമിത്രംകൂടുതൽ പ്രയോജനകരമാകട്ടെ

 

വയോമിത്രം (Vayomithram) എന്നത് കേരളത്തിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കിയ ഒരു സാമൂഹ്യ ക്ഷേമ പദ്ധതിയാണ്.ഇത് Kerala Social Security Mission മുഖേന നടത്തപ്പെടുന്നു.വയോമിത്രത്തിന്റെ പ്രധാന ലക്ഷ്യം:65 വയസിന് മുകളിലുള്ള മുതിർന്നവരുടെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുക

ഒറ്റപ്പെട്ട് കഴിയുന്ന വയോധികർക്കു സഹായവും സംരക്ഷണവും നൽകുകപ്രധാന സേവനങ്ങൾ:സൗജന്യ ആരോഗ്യപരിശോധന, മരുന്ന് വിതരണം ,വീട്ടിലെത്തി ചികിത്സ (Home care),ഹെൽപ് ലൈൻ സേവനം , സാമൂഹിക പിന്തുണയും കൗൺസിലിംഗും

വയോജനങ്ങൾക്ക് ആത്മവിശ്വാസം ഉറപ്പാക്കി, ആനന്ദഭരിതവും ശാന്തവുമായ ജീവിതം ലഭ്യമാക്കുന്നതിനു സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെങ്കിലും അതെത്രത്തോളം സാധ്യമാകുന്നുണ്ട്? കേരളത്തിനു പ്രായമേറുകയാണെന്ന യാഥാർഥ്യംകൂടി മുന്നിൽവച്ചുവേണം ഇതിന്റെ ഉത്തരം തേടാൻ. 2036 ആകുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ചുപേരിൽ ഒരാൾ 60 വയസ്സിനു മുകളിലുള്ള ആളായിരിക്കുമെന്നു വ്യക്തമാക്കി, ഐക്യരാഷ്ട്രസംഘടന പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് 2023 പുറത്തുവന്നിരുന്നു. കേരളത്തിലെ ജനസംഖ്യയിൽ 2050 ആകുമ്പോഴേക്കും വയോജനങ്ങളുടെ സംഖ്യ ഒരു കോടിയോളമാകുമെന്നാണു നിഗമനം. സംസ്ഥാനത്തെ വയോജനങ്ങളിൽ നാലിലൊന്നു പേരും കാര്യമായ വരുമാനമില്ലാത്തവരാണെന്നു മാത്രമല്ല, പകുതിയിലേറെപ്പേരും ജീവിതാന്ത്യം വരെ ചികിത്സ തേടേണ്ട ഒന്നിലധികം അസുഖങ്ങളുള്ളവരുമാണ്. സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് സാഹചര്യത്തിൽ പ്രാധാന്യമേറുന്നു. പദ്ധതിപ്രകാരം ആനുകൂല്യങ്ങൾ പലതുണ്ട്. 65നു മുകളിലുള്ളവർക്ക് മൊബൈൽ ക്ലിനിക് സേവനവും കൗൺസലിങ്ങും വൈദ്യസഹായവും മരുന്നും സൗജന്യമായി നൽകുന്നതും കിടപ്പുരോഗികളുടെ വീടുകളിലെത്തി പാലിയേറ്റീവ് കെയർ സേവനം നൽകുന്നതും ഇതിന്റെ ഭാഗമാണ്. ഇതോടു ബന്ധപ്പെട്ട് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി പരിപാടികൾ, വിനോദയാത്രകൾ, വിവിധ ദിനാചരണങ്ങൾ, സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപുകൾ തുടങ്ങിയവയും നടപ്പിലാക്കുന്നു.

ഇപ്പോൾ മൂന്നു ലക്ഷത്തിലേറെപ്പേരാണു സംസ്ഥാനമൊട്ടാകെ വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്. അതേസമയം, മുതിർന്ന പൗരർക്ക് ഇത്രയും ഗുണകരമായൊരു പദ്ധതിയുടെ സാധ്യതകൾ മുഴുവൻ ഉപയോഗിക്കുന്നില്ല എന്നതാണു യാഥാർഥ്യം. പദ്ധതി ഗുണഭോക്താക്കളുടെ പ്രായപരിധി 65 നിന്ന് 60 ആയി കുറയ്ക്കണമെന്ന ആവശ്യം ഏറെപ്പേരിൽനിന്ന് ഉയരുന്നുണ്ട്. സാമൂഹിക സുരക്ഷാ മിഷൻ ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാക്കിയത് പ്രതീക്ഷ പകരുന്നു.

സംസ്ഥാനത്തെ 91 കോർപറേഷൻ/മുനിസിപ്പാലിറ്റി പ്രദേശത്തും 4 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് വയോമിത്രം പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുള്ളത്. ഇത്രയും പ്രയോജനകരമായൊരു പദ്ധതി ഗ്രാമപ്രദേശങ്ങളിലുള്ളവർക്കു നിഷേധിക്കുന്നതിൽ ന്യായമില്ലതന്നെ. പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുന്നത് ഉചിതമായിരിക്കുമെന്നും പ്രായപരിധി കുറയ്ക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടതു ശ്രദ്ധേയമാണ്.

ജീവിതസായാഹ്നത്തിൽ ഒറ്റയ്ക്കു താമസിക്കേണ്ടി വരുന്നവരുടെ സുരക്ഷാപ്രശ്നങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അവർക്കുവേണ്ട അടിയന്തര ചികിത്സാസൗകര്യങ്ങളും. രാത്രിയിൽ ഹൃദയാഘാതമുണ്ടായി, സഹായത്തിനാരുമില്ലാതെ മരണത്തിനു കീഴടങ്ങിയവർ കുറച്ചൊന്നുമാവില്ല.  ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരരുടെ സംരക്ഷണത്തിൽ സർക്കാരിന്റെ പ്രത്യേകശ്രദ്ധ ഉണ്ടായേ തീരൂ. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാവും.

വയോജനങ്ങളിൽ പലരും അനുഭവിക്കുന്ന നിരാലംബതയും നിസ്സഹായതയും മനസ്സിലാക്കി അടിയന്തര ചികിത്സാസൗകര്യങ്ങളും സൗജന്യ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തേണ്ടത് ഏറ്റവും ജനകീയമായ ആവശ്യമാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു സർക്കാർതന്നെയാണ്. എന്നാൽ, 2024 കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ വയവന്ദന പദ്ധതിക്കു കേരളത്തിലുണ്ടായ അനിശ്ചിതത്വം അങ്ങനെയൊരു തിരിച്ചറിവില്ലായ്മയുടെ ഏറ്റവും നിർഭാഗ്യ ഉദാഹരണങ്ങളിലൊന്നായി നമുക്കു മുന്നിലുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രീമിയം തുക പങ്കിടുന്നതിൽ പരസ്പരധാരണയിൽ എത്താത്തതാണ് പദ്ധതി വഴിമുട്ടാൻ കാരണം. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത വയോജനങ്ങൾ നേരിടുന്ന കടുത്ത പ്രതിസന്ധി സാഹചര്യത്തിലൂടെ കടന്നുപോകാത്തവർക്കു സങ്കൽപിക്കാൻ പോലുമാവില്ല. മുതിർന്ന പൗരർ നാടിന്റെ വിലപ്പെട്ട സ്വത്താണെന്നു തിരിച്ചറിഞ്ഞുള്ള കരുതലും സ്നേഹവുമാണ് സർക്കാരും സമൂഹവും നൽകേണ്ടത്.

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: