Pages

Thursday, March 26, 2026

കുറേകാലം കഴിയുമ്പോൾ കോടീശ്വരന്മാരായി മാറുന്ന രാഷ്ട്രീയ നേതാക്കൾ ഉള്ള നാട്ടിൽ കടം പോലും അടക്കാൻ കഴിയാത്ത നേതാക്കളെ മറക്കരുത് ?

 

കുറേകാലം കഴിയുമ്പോൾ  കോടീശ്വരന്മാരായി മാറുന്ന രാഷ്ട്രീയ നേതാക്കൾ  ഉള്ള നാട്ടിൽ  കടം പോലും അടക്കാൻ  കഴിയാത്ത  

നേതാക്കളെ  മറക്കരുത് ?

രാഷ്ട്രീയം എന്ന് പറയുന്നത് വലിയൊരു ബിസിനസ് ആണെന്നാണ് പൊതുവെ പറയാറുള്ളത്. ഇറങ്ങുമ്പോൾ കയ്യിൽ ഒന്നുമില്ലെങ്കിലും കുറച്ചു കഴിയുമ്പോൾ കോടീശ്വരന്മാരായി മാറുന്ന നേതാക്കളെയാണ് നമുക്ക്  കാണാൻ കഴിയുന്നത് . എന്നാൽ ഇതിനിടയിൽ തികച്ചും വ്യത്യസ്തനായ ഒരാളുണ്ട്, നമ്മുടെ ഡോ. എം.കെ മുനീർ. നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ നിന്നിട്ടും, രണ്ടു തവണ മന്ത്രിയായിരുന്നിട്ടും സ്വന്തം വീട് പോലും ജപ്തിയുടെ വക്കിലാണെന്ന് കേൾക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നുണ്ട്

കോഴിക്കോട് നടക്കാവിലെ 'ക്രസന്റ് ഹൗസ്' എന്ന വീടിന് മേലാണ് ഇപ്പോൾ ജപ്തി ഭീഷണി വന്നിരിക്കുന്നത്. ഇത് വെറുമൊരു വീടല്ല, ലീഗ് പ്രവർത്തകർക്ക് ഒരുപാട് വികാരപരമായ ഓർമ്മകളുള്ള ഇടമാണ്. അദ്ദേഹത്തിന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ മരിക്കുമ്പോൾ പോലും കടബാധ്യതകൾ ഉണ്ടായിരുന്നു. ഇപ്പോൾ മുനീർ സാഹിബ് വീട് പുതുക്കി പണിതപ്പോഴുള്ള ബാധ്യതയാണ് ഇങ്ങനെയൊരു പ്രശ്നത്തിലെത്തിയത്. ഏതാണ്ട് 58 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതിൽ ഒറ്റത്തവണ തീർപ്പാക്കൽ വഴി 48 ലക്ഷമായി കുറച്ചിരുന്നു. പക്ഷേ അതും അടച്ചുതീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല .മുനീർ സാഹിബ് ഒരു ഡോക്ടറും എഴുത്തുകാരനും ഒക്കെയാണെങ്കിലും ബിസിനസ് കാര്യങ്ങളിൽ അത്ര വലിയ വിജയമല്ലെന്നാണ് പലരും പറയുന്നത്. 'ഇന്ത്യാവിഷൻ' എന്ന വാർത്താ ചാനൽ തുടങ്ങിയതു വഴി അദ്ദേഹത്തിന് വലിയ സാമ്പത്തിക തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. സ്വന്തം ശമ്പളം കൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.തൊഴിലാളി വർഗ പാർട്ടി നേതാക്കൾ അളവറ്റ സ്വത്തുക്കൾക്ക് ഉടമയാവുമ്പോഴും മുനീർ കേരത്തിലെ മുൻ മുഖ്യ മന്ത്രിയുടെ മകനായിട്ടും, ആറ് തവണ നിയമസഭാ സാമാജികനായിട്ടും, രണ്ട് തവണ സംസ്ഥാന മന്ത്രി ആയിട്ടും അങ്ങ് അർഹമല്ലാത്ത ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ഇപ്പോൾ കാണാൻ കഴിയുന്നത് ഇതിനിടയിൽ അദ്ദേഹത്തിന് കുറച്ചു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഹൃദയാഘാതം വരെ സംഭവിച്ചു. ഇതൊക്കെ കാരണമാണോ എന്ന് അറിയില്ല, ഇത്തവണ അദ്ദേഹത്തിന് നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടു എന്നൊരു സംസാരവുമുണ്ട്. കുഞ്ഞാലിക്കുട്ടി വിഭാഗമാണ് ഇതിന് പിന്നിലെന്നൊക്കെ ചില ആരോപണങ്ങൾ വരുന്നുണ്ടെങ്കിലും മുനീർ സാഹിബ് പാർട്ടിക്ക് എതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.എന്തായാലും മുനീർ സാഹിബിനെ കൈവിടാൻ ലീഗ് പ്രവർത്തകർ തയ്യാറല്ല. "മുനീർ സാഹിബിന്റെ സങ്കടം നമ്മുടേത് കൂടിയാണ്, വീട് നമ്മുടേതുമാണ്" എന്നാണ് പ്രവർത്തകർ പറയുന്നത് . അദ്ദേഹത്തിന്റെ കടം വീട്ടാൻ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. എന്തായാലും സത്യസന്ധമായി രാഷ്ട്രീയത്തിൽ നിന്നാൽ ഇങ്ങനെയും ചില അവസ്ഥകൾ വരുമെന്നത് ഒരു സത്യം തന്നെയാണ്!

 

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: