Pages

Wednesday, February 4, 2026

മനുഷ്യൻ എന്തിനാണ് അഹങ്കരിക്കുന്നത്

 

മനുഷ്യൻ എന്തിനാണ്

 അഹങ്കരിക്കുന്നത്


 

വിശപ്പിന്റെ വിളിയും  കരച്ചിലും കേൾക്കാൻ  നമുക്ക് കഴിയുന്നില്ല .സമ്പത്തിന്റെ  മൗനവും കാണാനും നമുക്ക് കഴിയുന്നില്ല .രണ്ട് മരണങ്ങൾ, രണ്ട് പാഠങ്ങൾ!കേരളത്തിന്റെ മനസ്സാക്ഷിക്ക് മുന്നിൽ രണ്ട് ചിത്രങ്ങളുണ്ട്. ഒന്ന്, കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച്, വിശപ്പ് സഹിക്കാനാവാതെ ഒരിത്തിരി അരിയും മല്ലിപ്പൊടിയും എടുത്തതിന് ആൾക്കൂട്ടം തല്ലിക്കൊന്ന മധു. രണ്ടാമത്തേത്, സമ്പത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, എല്ലാം വെട്ടിപ്പിടിച്ചിട്ടും ഒടുവിൽ സ്വന്തം ജീവൻ സ്വയം വേണ്ടെന്നുവെച്ച കോടീശ്വരൻ സിജെ റോയ്.

ഇവർ രണ്ടുപേരും നമ്മോട് പറയുന്നത് ഒരേ കാര്യമാണ്; പക്ഷേ രണ്ട് വഴികളിലൂടെയാണെന്ന് മാത്രം.മധു നമ്മോട് ചോദിക്കുന്നത് മനസ്സാക്ഷിയെക്കുറിച്ചാണ്. ജീവിക്കാൻ കൊതിയുണ്ടായിട്ടും, ഒരു നേരത്തെ അന്നത്തിന് വേണ്ടി അവൻ കൈനീട്ടിയപ്പോൾ നമ്മൾ അവന് നൽകിയത് മരണമാണ്. വിശക്കുന്നവന്റെ മുന്നിൽ മലയാളിയുടെ സാംസ്കാരിക ബോധം തകർന്നടിഞ്ഞ നിമിഷം. അവിടെ പണമല്ല, മനുഷ്യത്വമായിരുന്നു തോറ്റത്.

മറുവശത്ത് സിജെ റോയ്. ആഗ്രഹിച്ചതെല്ലാം വാങ്ങാൻ കഴിയുന്ന പണം, അധികാരം, ബിസിനസ് സാമ്രാജ്യം... എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും, സമ്പത്തിനോ പണത്തിന്റെ ഹുങ്കിനോ അദ്ദേഹത്തിന് സമാധാനമോ ജീവനോ നൽകാനായില്ല. 'എല്ലാം ഉണ്ട്' എന്ന് അഹങ്കരിക്കുന്ന മനുഷ്യനോട് 'ഒന്നുമില്ല' എന്ന് കാലം ഓർമ്മിപ്പിച്ച മരണം.

നോക്കൂ, എന്ത് വൈരുദ്ധ്യമാണ്! ഒരാൾ ജീവിക്കാൻ വേണ്ടി, ഒരു പിടി ചോറിന് വേണ്ടി യാചിച്ചപ്പോൾ കൊല്ലപ്പെട്ടു. മറ്റൊരാൾ എല്ലാം ഉണ്ടായിരുന്നിട്ടും, ജീവിതം തന്നെ വേണ്ടെന്ന് വെച്ചു.

ഇവിടെയാണ് പണം തോൽക്കുന്നതും, വിധി ജയിക്കുന്നതും. മധുവിന്റെ മരണം നമ്മുടെ ക്രൂരതയുടെ അടയാളമാണെങ്കിൽ, റോയിയുടെ മരണം പണത്തിന്റെ നിസ്സാരതയുടെ അടയാളമാണ്.

വിശപ്പിന് വിലയുണ്ട്, എന്നാൽ സമാധാനത്തിന് വിലയിടാൻ കഴിയില്ല. കോടികൾ ഉള്ളവനും, ഒന്നുമില്ലാത്തവനും ഒടുവിൽ ചെന്നെത്തുന്നത് ഒരേ മണ്ണിലേക്കാണ്. എന്നിട്ടും നമ്മൾ എന്തിനാണ് അഹങ്കരിക്കുന്നത്? രണ്ടിലും   മരണം തന്നെ ജയിച്ചു .

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: