Pages

Tuesday, February 17, 2026

മരണത്തെ വെളിച്ചമാക്കി പാറന്നകന്ന ആലിൻ ഷെറിൻ

 

മരണത്തെ വെളിച്ചമാക്കി  പാറന്നകന്ന ആലിൻ ഷെറിൻ



മരണത്തെ വെളിച്ചമാക്കി   മറ്റുള്ളവർക്ക്  ജീവിതം നൽകി  ലോകത്ത് നിന്ന്  പറന്നകന്നവർ നിരവധി പേർ ഉണ്ട് . 2026 ഫെബ്രുവരി 13 തീയതി  നമ്മിൽ നിന്ന് പറന്നകന്ന  10 മാസം മാത്രം പ്രായമുള്ള  ആലിൻ ഷെറിൻ  എന്ന കുഞ്ഞു പൈതൽ  മനസ്സിൽ നിന്ന് ഒരിക്കലും  മായില്ല .

ഫെബ്രുവരി അഞ്ചിന്, അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ പോകവേ കോട്ടയം പള്ളം എംസി റോഡിൽ എതിരേവന്ന കാറിടിച്ചാണ് മല്ലപ്പള്ളി കോഴഞ്ചേരി അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിനു പരിക്കേറ്റത്. ചികിത്സയിലിരിക്കേ 13ന് ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കളായ അരുണും ഷെറിനും ഏകമകളുടെ അവയവദാനത്തിനു തീരുമാനിച്ചത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തതു.

10 വയസുകാരി ശ്രേയ വൃക്കകളും മൂന്നു മാസം പ്രായമുള്ള ധ്രിയ കരളും സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിനിന്റെ സംസ്കാരം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഏകമകളുടെ നിശ്ചലമായ ദേഹത്തിനടുത്തുനിന്ന് അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളാണ് അരുണും ഷെറിനും. അവർ കേരളത്തിനു കൊടുത്തിരിക്കുന്നത് തങ്ങളുടെ പൊന്നോമനയുടെ അവയവങ്ങൾ മാത്രമല്ല, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്പന്ദിക്കുന്ന സുവിശേഷമാണ്. മനുഷ്യത്വത്തിന്റെ മസ്തിഷ്കമരണം ഉറപ്പാക്കുന്ന വിദ്വേഷത്തിന്റെ അപകടകാലത്ത് ഇതിൽപ്പരമൊരു സ്നേഹശസ്ത്രക്രിയയുമില്ല. സുഖം പ്രാപിക്കാൻ നമുക്ക് ഒരവസരംകൂടി ലഭിച്ചിരിക്കുന്നു.

തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ വിടപറഞ്ഞതെന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. അവളുടെ മാതാപിതാക്കൾ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്നു പറഞ്ഞ അദ്ദേഹം ലോകം മനോഹരമായി നിലനിൽക്കുന്നതുതന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണെന്നും കൂട്ടിച്ചേർത്തു.

സ്വിമ്മിംഗ്പൂളിൽ കാൽ തെറ്റിവീണ് ഇക്കഴിഞ്ഞ ഡിസംബറിന്റെ നഷ്ടമായി വിടപറഞ്ഞ കോഴിക്കോട്ടെ ഡോ. അശ്വിൻ താത്പര്യപ്പെട്ടിരുന്നതുപോലെ അദ്ദേഹത്തിന്റെ അവയവങ്ങൾ നാലുപേർക്കു പുതുജീവനേകി. അതിനു തൊട്ടുമുന്പ് നവംബറിലാണ് വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശി റോസമ്മയുടെ അവയവങ്ങൾ അഞ്ചുപേർക്കു പുനർജന്മമായത്. ഒക്ടോബറിൽ, കോട്ടയം മെഡിക്കല് കോളജില് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ജയിൽ ഓഫീസർ .ആര്. അനീഷിന്റെ അവയവങ്ങൾ എട്ടു പേർക്കു പുതുജീവനായി.നിരവധി മനുഷ്യരും അവരുടെ ബന്ധുക്കളും മറ്റുള്ളവർക്കു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരുപറ്റം മനുഷ്യർ, മറ്റുള്ളവരുടെ ജീവനെടുത്തും വിദ്വേഷം പ്രചരിപ്പിച്ചും കലാപത്തീ പടർത്തിയും സമൂഹമാധ്യമങ്ങളിൽ വിഷം വിതച്ചും നാടുനിരങ്ങുകയാണ്. അവരോടാണ്, അനേകർക്കു ജീവൻ പങ്കുവച്ച് അകാലത്തിൽ ഭൂമിവിട്ട ആലിൻ എന്ന കുഞ്ഞുമാലാഖ മുതൽ നിരവധിപ്പേർ, മനുഷ്യർ ഒരൊറ്റ കുലമാണേ എന്നോർമിപ്പിക്കുന്നത്.

ഇതാ നിങ്ങൾക്കായി മുറിക്കപ്പെട്ട എന്റെ ശരീരംഎന്ന ദൈവസ്നേഹത്തിന്റെ മാഗ്നകാർട്ടയിൽ സ്വന്തം ശരീരംകൊണ്ട് ഒപ്പുവച്ചവരിലെ മാലാഖക്കുഞ്ഞാണ് ആലിൻ ഷെറിൻ. അവളുടെ മരണം സഹജീവികൾക്ക് ഉയിർപ്പായി.

ആലിൻ ഷെറിന്  സംഭവിച്ചത്  അപകടമായിരുന്നോ ? കുഞ്ഞിനെ അപകടം പറ്റിയ കാറിൽ നിന്നും വാരിയെടുത്ത ഡ്രൈവറുടെ  വെളിപ്പെടുത്തൽ നമ്മൾ വളരെ ഗൗരവത്തോടെ എടുക്കണം.പിഞ്ചു പൈതലിന്റെ ജീവൻ കവർന്നത് റോങ്ങ് സൈഡിലൂടെ അമിതവേഗതയിൽ പാഞ്ഞു വന്ന ഒരു വാഹനമാണ്.

അമിത വേഗത്തിൽ  കാർ ഓടിച്ചിരുന്നത് 85 വയസ്സുള്ള ഒരാളായിരുന്നു എന്നാണ് കുഞ്ഞിനെ വാരിയെടുത്തു ഡ്രൈവർ പറഞ്ഞത്  കുഞ്ഞിൻറെ  മാതാപിതാക്കൾ  എടുത്ത  നിലപാടിലൂടെ  കുഞ്ഞു  ജീവിക്കുകയാണ് ,ഒരായുഷ്കാലംകൊണ്ട് മനുഷ്യർ നേടുന്ന ബഹുമതികൾ, ഒരുപിടി ദിവസങ്ങൾക്കിടയിൽ കുഞ്ഞിൻറെ  കല്ലറക്ക് ചുറ്റും അണിനിരന്നു

ജീവന് തുല്യം സ്നേഹിച്ച സ്വന്തം പോന്നോമന മകൾക്ക് വാഹനപകടത്തിൽ brain death സംഭവിച്ച ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുന്ന ഘട്ടത്തിലും, സ്വന്തം പിഞ്ചോമനയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ധീരമായ, അങ്ങേയറ്റം മഹനീയമായ മനസ്സ് കാണിച്ച ആലിൻ ഷെറിൻ മോളുടെ മാതാപിതാക്കൾക്കു ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട് .അവയവദാനം മഹാദാനം എന്ന്  എപ്പോഴും ഓർക്കുക.വിടരും മുമ്പേ കൊഴിഞ്ഞു പോയെങ്കിലും 4 മനുഷ്യർക്ക് പുതു ജീവനേകി നമ്മെ വിട്ടു പിരിഞ്ഞ കൊച്ചു മാലാഖക്കു ആദരാഞ്ജലികൾ

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

No comments: