Pages

Monday, February 23, 2026

മതസൗഹാർദത്തിന്റെ ഗാഥകൾ - ഇതാണ് റീയൽ കേരളാ സ്റ്റോറി പ്രൊഫ്. ജോൺ കുരാക്കാർ

 

മതസൗഹാർദത്തിന്റെ ഗാഥകൾ - ഇതാണ്  റീയൽ  കേരളാ  സ്റ്റോറി

പ്രൊഫ്. ജോൺ കുരാക്കാർ

കേരളം മതസൗഹാർദത്തിന്റെ നാടാണ് , മത സൗഹാർദ്ദം  കേരളത്തിൽ തകർക്കാൻ  പലരും ശ്രമിച്ചിട്ടും   നടന്നിട്ടില്ല .കേരളത്തിന്റെ മതസൗഹാർദ്ദം ലോകത്തിന് തന്നെ ഒരു മാതൃകയാണ്. പല കാരണങ്ങൾ കൊണ്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം കാര്യത്തിൽ വേറിട്ടുനിൽക്കുന്നു,ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി (ചേരമാൻ ജുമാ മസ്ജിദ് - കൊടുങ്ങല്ലൂർ) നിർമ്മിക്കാൻ സ്ഥലം നൽകിയത് അവിടുത്തെ ഹിന്ദു രാജാവായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയങ്ങളും ജൂത സിനഗോഗുകളും രാജാക്കന്മാരുടെ സംരക്ഷണത്തിൽ വളർന്നവയാണ്. ചരിത്രപരമായ സ്വീകാര്യത കേരളത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.ക്ഷേത്രോത്സവത്തിന് എഴുന്നള്ളിച്ച ആനയുടെ കാൽച്ചുവട്ടിലിരുന്ന് റംസാൻനോമ്പുതുറക്കുന്ന പാപ്പാന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻപ്രചാരമാണു നേടിയത്. ക്ഷേത്രക്കമ്മിറ്റിക്കാരുടെ കരുതലും സ്നേഹവും നോമ്പതുറയ്ക്കുപിന്നിലുണ്ടായിരുന്നു. കേരളത്തിലെ മതനിരപേക്ഷതയുടെയും സാമുദായികസൗഹാർദത്തിന്റെയും യഥാർഥചിത്രമാണ് അതിലൂടെ അനാവരണംചെയ്യപ്പെട്ടത്. കേരളത്തെ സംബന്ധിച്ച് ഇതൊന്നും പുതിയ കാര്യമല്ല.

2020 ജനുവരി 19-ന് കായംകുളം ചേരാവള്ളി ജുമാമസ്ജിദിന്റെ മുറ്റത്ത് ഹൈന്ദവാചാരപ്രകാരമൊരു വിവാഹം നടന്നു. ചേരാവള്ളി ക്ഷേത്രത്തിനുസമീപം താമസിച്ചിരുന്ന അഞ്ജുവിന്റെ വിവാഹമാണ് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ നടന്നത്. അഞ്ജുവിന്റെ പിതാവ് അശോകൻ വിവാഹത്തിനു രണ്ടുവർഷംമുൻപ് ഹൃദയാഘാതത്താൽ മരിച്ചിരുന്നു. വാടകവീട്ടിലാണ് നിർധനകുടുംബം താമസിച്ചിരുന്നത്. അഞ്ജുവിനു വിവാഹാലോചനവന്നപ്പോൾ അമ്മ ബിന്ദു ജമാഅത്ത് കമ്മിറ്റിയുടെ സഹായംതേടി. വിവാഹം നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം കമ്മിറ്റി സന്തോഷപൂർവം ഏറ്റെടുത്തു. വധുവിനുള്ള സ്വർണവും വസ്ത്രങ്ങളും അതിഥികൾക്കുള്ള സദ്യയുമെല്ലാം കമ്മിറ്റി ഏർപ്പെടുത്തി. പള്ളിക്കുമുന്നിലൊരുക്കിയ കതിർമണ്ഡപത്തിൽ ഹൈന്ദവാചാരപ്രകാരം വിവാഹവും നടന്നു.

2024- തിരുവനന്തപുരം വെഞ്ഞാറമൂട് മേലേ കുറ്റിമുട്ടിൽ ശ്രീചാമുണ്ഡേശ്വരിക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ പൂർത്തിയായപ്പോൾ, ക്ഷേത്രത്തിനു കമാനംവേണമെന്നു ഭാരവാഹികൾക്ക് ആഗ്രഹം. സമീപത്തെ മസ്ജിദിന്റെ കമാനം, വഴിയുടെ തുടക്കത്തിൽ സ്ഥാപിച്ചിട്ടുള്ളതിനാൽ മറ്റൊന്നിന് ഇടമില്ല. പരിഹാരംകണ്ടത് മസ്ജിദ് ഭാരവാഹികളാണ്. നേരത്തേ സ്ഥാപിച്ച കമാനത്തിന്റെ നേർപകുതി ക്ഷേത്രത്തിന്റെ പേരുവെക്കാനായി മസ്ജിദ് ഭാരവാഹികൾ വിട്ടുനൽകി.

 

2024-ൽത്തന്നെ, മലപ്പുറം മഞ്ചേരിസി.എസ്.. നിക്കോളാസ് മെമ്മോറിയൽ ചർച്ചിന്റെ മുറ്റത്ത് ആയിരക്കണക്കിനു മുസ്ലിംസഹോദരങ്ങൾ ഈദുനമസ്കാരംനടത്തുകയുണ്ടായി. ഇതിനായി സ്റ്റേജ് ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളാണു ക്രൈസ്തവദേവാലയാങ്കണത്തിൽ ഒരുക്കിയത്. മഞ്ചേരി ചുള്ളക്കാട് ഗവ. യു.പി. സ്കൂൾമൈതാനത്താണു മുൻവർഷങ്ങളിൽ ഈദുനമസ്കാരം നടത്തിയിരുന്നത്. സ്കൂളിൽ തിരഞ്ഞെടുപ്പുസാമഗ്രികൾ സൂക്ഷിച്ചിട്ടുള്ളതിനാൽ 2024- ഇവിടം വിട്ടുകിട്ടിയില്ല. തുടർന്നാണ് മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റി സ്ഥലസൗകര്യംതേടി സി.എസ്.. ചർച്ചിനെ സമീപിച്ചത്. ചർച്ച് അധികൃതർ രണ്ടാമതൊന്നാലോചിക്കാതെ സമ്മതമേകി.

തൃശ്ശൂരിലെ വെങ്കിടങ്ങ് പാടൂർ പുതുകാവ് ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളിച്ച അക്കരമേൽ ശേഖരൻ എന്ന ആനയുടെ ഉടമയും ഒന്നാം പാപ്പാനുമായ കോഴിക്കോട് താമരശ്ശേരി സ്വദേശി സൈനുദ്ധീനാണ് ആനയുടെ കാൽച്ചുവട്ടിലിരുന്ന് നോമ്പുതുറന്നത്. “പൂരം തുടങ്ങുന്നതിനുമുൻപ് ക്ഷേത്രക്കമ്മിറ്റിക്കാർ ആനക്കാർക്കുവേണ്ട ഭക്ഷണത്തിന്റെ കാര്യങ്ങൾ അന്വേഷിച്ചു. നോമ്പുള്ളതിനാൽ ഉച്ചഭക്ഷണം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഒട്ടുംപ്രതീക്ഷിക്കാതെയാണ് അവർ വൈകീട്ട് നോമ്പുതുറക്കുന്നസമയംനോക്കി ഭക്ഷണവും വെള്ളവും എത്തിച്ചത്”- സൈനുദ്ധീൻ പറയുന്നു.മതസൗഹാർദത്തിന്റെ ഇത്തരം ഗാഥകൾ കേരളത്തിലെ മിക്ക പ്രദേശങ്ങൾക്കും പറയാനുണ്ടാകും.മതഭേദങ്ങൾക്കപ്പുറം പരസ്പരം മനസ്സിലാക്കാനും ഉള്ളുതുറന്നുസ്നേഹിക്കാനും മനസ്സുള്ളവരാണു മലയാളികൾ. അതാണു കേരളത്തിന്റെ യഥാർഥമായകഥ’. ഒറ്റപ്പെട്ട സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചമയ്ക്കുന്ന ആഖ്യാനങ്ങൾക്ക് കേരളമൈത്രിയെ ദിശതിരിച്ചുവിടാനാകില്ല. കേരളത്തിലെ  മത മൈത്രി  തകർക്കാൻ  ആരും ശ്രമിക്കരുത്

 

 

No comments: