ജലത്തിന്റെവൈകാരിക
ഭാവങ്ങൾ.
----- ഡോ.പി.എൻ. ഗംഗാധരൻ നായർ
പണ്ട്ഋഷീശ്വരന്മാർ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് കുളിക്കാൻ ചെല്ലുമ്പോൾ നദി ഉണർന്നിട്ടുണ്ടാവില്ല. ഗാഢനിദ്രയിൽ ആയ നദിയെഅലോസരപ്പെടുത്താതെ ഋഷി കരയിൽ ഇരിക്കും. നദി ഉണരുമ്പോൾ (ലക്ഷണങ്ങളൊക്കെ മഹർഷിമാർക്ക് ഹൃദിസ്ഥമാണ് )ഒരു കൈ വെള്ളം മുകളിലേക്ക് തെറിപ്പിച്ച് നദിയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ഋഷീശ്വരന്മാർ സ്നാന കർമ്മം നടത്തുന്നത്.
ഋഷി, മന്ത്രം ചൊല്ലി ഉതിർക്കുന്ന ജല കണികകൾ നദി ആർദ്രതയോടെ ഏറ്റുവാങ്ങുന്നു. ഈ സമയമെല്ലാം നദിയുമായി ഋഷിഒരു സംവാദം നടത്തുന്നുണ്ട്. മൗന ഭാഷയിൽ അഥവാ ഹൃദയത്തിന്റെ ഭാഷയിൽ.അപ്പോൾ അവിടെയുള്ളത് രണ്ടു വ്യക്തികളാണ്. പ്രപഞ്ചം പഞ്ച ഭൂതാത്മകമാണ്. ഇവയില്ലെങ്കിൽ ജീവന്റെ തുടുപ്പുമില്ല. അങ്ങനെയുള്ള ജലം നിറഞ്ഞതാണ് നദികൾ. ആ നദികളെ ദൈവ സങ്കൽപ്പത്തിൽ കണ്ടതിൽ അതിശയിക്കാനായി ഒന്നുമില്ല.
ജലത്തിന്റെ വൈകാരികഭാവങ്ങൾ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. മസാറുള്ളമോട്ടോ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ 'ഹിഡൻ മെസ്സേജസ് ഇൻ വാട്ടർ'( ജലത്തിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങൾ) എന്ന തന്റെ പുസ്തകത്തിൽ ജലത്തെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങളോടൊപ്പം ജലത്തിന്റെ വൈകാരിക സമ്പന്നതയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ജലത്തിന്റെ പരലുകൾ ( ക്രിസ്റ്റൽ ) നിർമ്മിച്ചാണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. ഒരു കുപ്പിയിൽ നിറച്ച ജലത്തിന് ഇരുവശവും സ്പീക്കർ ഘടിപ്പിച്ച്
ബീഥോവന്റെ സിംഫണി കേൾപ്പിച്ചശേഷം
ആ ജലം പരലുകളാക്കിയപ്പോൾ മനോഹരമായ പുഷ്പം പോലെ അവ വിടർന്നിരുന്നു. അതേസമയം തലപൊളിക്കുന്ന റോക്മ്യൂസിക് കേൾപ്പിച്ചപ്പോൾ ആ പരലുകൾ പൊട്ടിച്ചിതറി കാണപ്പെട്ടു. പ്രാർത്ഥന ശ്രവിച്ച പരലുകൾ പ്രാർത്ഥനപോലെ കൂമ്പി നിന്നു. ഭൂകമ്പത്തിനു മുൻപും ശേഷവും നടത്തിയ പരീക്ഷണങ്ങളിൽ കണ്ടതും പരലുകളുടെ വ്യത്യസ്ത രൂപങ്ങൾ ആയിരുന്നു. ഋതുക്കളുടെ മാറ്റമനുസരിച്ച് പരലുകൾക്കും രൂപമാറ്റം ഉണ്ടാകുന്നതായി കണ്ടു. ഇങ്ങനെ പലതരത്തിലും
മസാറുള്ളമോട്ടോ നടത്തിയ പരീക്ഷണങ്ങളിൽ നിന്നും വ്യക്തമായത്, ജലം പൂർണ്ണമായ വൈകാരികതയും അത് പ്രകടമാക്കുന്ന ജൈവസാന്നിധ്യവും ഉള്ളതാണെന്നാണ്.
അങ്ങനെയുള്ള ജലം നമ്മുടെ അവഹേളനം അഥവാ അവയുടെ ദുരുപയോഗം സഹിക്കാനാകാതെ ഈ ഭൂമുഖത്ത് നിന്നും മെല്ലെ മെല്ലെ അപ്രത്യക്ഷമാകുകയാണോ എന്ന് സംശയിക്കണം. കാരണം,പക മൂത്ത ജലം, പ്രളയമായും സുനാമിയായും പ്രതികരിക്കുന്നു. ഋഷീശ്വരന്മാരെപ്പൊലെ ജീവൻ നിലനിർത്തുന്ന ജലത്തെ ദേവതയായി കണ്ട് ആരാധിക്കണം. അപ്പോൾ മാത്രമേ പകരംവെക്കാനില്ലാത്ത ഈ ജീവജലത്തിനോട് നമ്മൾ കാണിക്കുന്ന നെറികേടും അവഹേളനവും അവസാനിപ്പിച്ച് മനുഷ്യരാശിയെ നാശത്തിൽ നിന്നും നമുക്ക് രക്ഷിക്കാൻ സാധിക്കൂ എന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
ജീവൻ തുടിക്കുന്ന നദിയുടെ അവസാന യാത്രയെക്കുറിച്ച്, ചിന്തകളെക്കുറിച്ച് ലബനീസ് കവിയായ ഖലീൽ ജിബ്രാൻ (Khalil Gibran)തന്റെ 'ഫിയർ'(Fear)എന്ന കവിതയിൽ ഹൃദയസ്പൃക്കായി പ്രതിപാദിക്കുന്നുണ്ട് :നദിയെക്കുറിച്ച് ഒരു ചൊല്ലുണ്ട്,കടലിൽ ചേരാൻ എത്തുമ്പോൾ അവൾ വല്ലാതെ പേടിച്ചു വിറക്കുമെന്ന്.
തന്റെ നീണ്ട യാത്രയിലെ ദിവ്യമായ അനുഭവങ്ങളെ ഓർത്ത് അവൾ വല്ലാതെ വിതുമ്പുന്നു. പർവ്വതശൃംഗത്തിൽ നിന്ന് ഉത്ഭവിച്ച് ദീർഘമായ പാതകൾ ചുറ്റി, മലനിരകളെ ഉമ്മവെച്ച്, ഗ്രാമങ്ങളെയും വനങ്ങളെയും ഇക്കിളിപ്പെടുത്തിയ സുദീർഘവും സുന്ദരവുമായ വഴികൾ താണ്ടിയ ഗതകാല സ്മരണകൾ ഓർമ്മയിലെത്തി. ഹൃദയവ്യഥയോടെ അവളുടെ മിഴികൾ ആർദ്രമായി. സമുദ്രത്തിന്റെ നീലിമയിലേക്ക് എത്തുമ്പോൾ തന്റെ അസ്ഥിത്വം നഷ്ടപ്പെടുമെന്ന് ഓർത്ത് പാവം വല്ലാതെ ഭയപ്പെടുന്നു, മനസ്സ് പ്രക്ഷുബ്ധമാകുന്നു.
പക്ഷേ അവളുടെ മുന്നിൽ മറ്റൊരു പോംവഴിയുമില്ല.നദിക്ക് തിരിച്ചുപോകാനാവില്ല.ഒരു തിരിച്ചുപോക്ക് ആർക്കും സാധ്യമല്ല. അതു മനസ്സിലാക്കിയ അവൾ കടലിലേക്ക് പ്രവേശിക്കുക എന്ന സാഹസത്തിന് തയ്യാറാകുന്നു. വെല്ലുവിളികളെ അതിജീവിക്കാൻ പഠിച്ച അവളിൽ നിന്നും ഭയം അപ്രത്യക്ഷമാകുന്നു. ആ അവസരത്തിൽ അവൾ തിരിച്ചറിയുന്നു, അനന്തമായ കടലിന്റെ ഭാഗമാവുകയല്ല,മറിച്ച് താൻ ഒരു കടലായി മാറി, അനശ്വരത നേടുകയാണ് എന്ന സത്യം !നദികൾ മാത്രമല്ല നാം മനുഷ്യരും ഇതുപോലെ, നമ്മിൽ തന്നെ ഒതുങ്ങുകയല്ല, മറിച്ച്, അവസാനം പ്രപഞ്ചത്തിന്റെ (Universe) ഭാഗമാവുകയാണ്. അങ്ങനെ മനുഷ്യനും ജലത്തെപോലെ അനശ്വരത നേടുന്നു എന്ന് നമുക്ക് അനുമാനിക്കാം,
ആശ്വസിക്കാം.
ഡോ.പി.എൻ. ഗംഗാധരൻ നായർ.
![]()
![]()
No comments:
Post a Comment