റിപ്പബ്ലിക് ദിനം എന്നാൽ, ഭരണഘടന നിലവിൽ വന്ന ദിവസം എന്നാണ് അർഥം
റിപ്പബ്ലിക് ദിനം എന്നാൽ, ഭരണഘടന നിലവിൽ വന്ന ദിവസം എന്നാണ് അർഥം. 1948ലാണ് ഭരണഘടനാ നിർമാണസഭ ഭരണഘടനയുടെ കരട് അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ 1949 നവംബർ 26ന് അന്തിമ അംഗീകാരമായി. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭ ഒപ്പുവയ്ക്കുകയും 26ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഴുതിയ ആമുഖത്തിൽ അതിന്റെ ആത്മാവുണ്ട്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുംപോലും വീണ്ടും പ്രദർശിപ്പിക്കേണ്ടിയിരിക്കുന്ന ആ ദേശീയോദ്ഗ്രഥന വാക്യങ്ങൾ ഈ മുഖപ്രസംഗത്തിന്റെ ലക്ഷ്യത്തെയും ശക്തിപ്പെടുത്തട്ടെ. വഴി പിഴച്ചെങ്കിൽ, തിരുത്താൻ പ്രേരകമാകട്ടെ. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്താനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
ബഹിരാകാശസഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യംസ് കഴിഞ്ഞദിവസം, കേരള സാഹിത്യോത്സവത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് പറഞ്ഞ വാക്കുകൾ പുതിയതല്ല. പക്ഷേ, ഈ റിപ്പബ്ലിക് ദിനത്തിൽ പ്രസക്തമാണ്. “ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ നാം രാജ്യങ്ങളെ കാണില്ല; മറിച്ച് നമ്മൾ താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. നമ്മൾ ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്. ഒരൊറ്റ ഗ്രഹത്തിൽ ഒരുമിച്ചാണു കഴിയുന്നത്.
എന്നിട്ടും എന്തിനാണ് കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോൾ പ്രയാസമാണ്. നാം സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ്.” എന്തിനാണു കലഹിക്കുന്നതെന്ന സുനിതയെ പ്രയാസപ്പെടുത്തുന്ന ചോദ്യത്തിന് ഒരുത്തരമുണ്ട്; അധികാര രാഷ്ട്രീയം. അത് ഒരു ഗ്രഹത്തിലെ മാത്രമല്ല, ഒരു രാജ്യത്തിലെയും പഞ്ചായത്തിലെയും മനുഷ്യരെ ഭിന്നിപ്പിക്കും ഈ റിപ്പബ്ലിക്ക് ദിനം നമ്മളെ ഒന്നിപ്പിക്കാൻ ഇടവരട്ടെ .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment