മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെഏറ്റവും
വലിയകൺവെൻഷൻമാക്കാംകുന്ന് കൺവെൻഷൻ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏറ്റവും വലിയകൺവെൻഷനാണ് മാക്കാംകുന്ന് കൺവെൻഷൻ .സെൻട്രൽ ട്രാവൻകൂർ ഓർത്തഡോക്സ് കൺവെൻഷൻ എന്നാണ് ഈ കൺവെൻഷനെ നാം വിളിക്കുന്നതെങ്കിലും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മൊത്തത്തിലുള്ള ഒരു പങ്കാളിത്തം ഈ പുരാതനമായ കൺവെൻഷനു കിട്ടുന്നില്ല . മാരാമൺ കൺവെൻഷൻ പോലെ പ്രാധാന്യമുള്ള ഓർത്തഡോൿസ് സഭയുടെ ഒരു വാർഷിക ആത്മീയ സംഗമം ആണ് മാക്കാംകുന്ന് കൺവെൻഷൻ .
ഇന്നത് തുമ്പമൺ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിലും, പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിൻ്റെ നേതൃത്വത്തിലും നടത്തപ്പെടുന്ന ഒരു പ്രാദേശിക കൺവെൻഷൻ്റെ രീതിയിലാണ് അറിയപ്പെടുന്നത് . ചരിത്ര പ്രാധാന്യമുള്ള ധാരാളം കൺവെൻഷൻ ഓർത്തഡോൿസ് സഭക്ക് ഉണ്ട് , കൊട്ടാരക്കര കൺവെൻഷൻ , അഞ്ചൽ കൺവെൻഷൻ , കുണ്ടറ കൺവെൻഷൻ തുടങ്ങി നൂറു കണക്കിന് കൺവെൻഷനുകൾ സഭക്കുണ്ട് .
ഓർത്തഡോക്സ് സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ദൈവവചന പ്രഘോഷണത്തിലൂടെ വിശ്വാസികളെ ആത്മീയമായി പുതുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പരിശുദ്ധ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ള മെത്രാപ്പോലീത്തമാരും സഭയിലെ പ്രമുഖ വചനപ്രഘോഷകരും പങ്കെടുക്കുന്നു.
കുട്ടികൾക്കായി ബാലസംഗമം, സ്ത്രീകൾക്കായി മർത്തമറിയം സമാജം സംഗമം എന്നിവ പ്രത്യേകമായി നടക്കുന്നു. മൂന്നുനൊയമ്പിൻ്റെ ഇടദിവസമായ ചൊവ്വാഴ്ചയാണ് പ്രധാനപ്പെട്ട ദിവസം.
കൺവെൻഷന്റെ അവസാന ദിവസം വിശുദ്ധ കുർബാനയോടെ പര്യവസാനിക്കുന്നു.
മാക്കാംകുന്ന് കൺവെൻഷനെ ഒരു പ്രശസ്തമായ ആത്മീയ വേദിയായി വളർത്തിയെടുക്കുന്നതിൽ പുത്തൻകാവിൽ കൊച്ചുതിരുമേനി (ഗീവർഗീസ് മാർ പീലക്സീനോസ്) വഹിച്ച പങ്ക് വളരെ നിർണ്ണായകമാണ്. 1930 മുതൽ 1951 വരെ അദ്ദേഹം തുമ്പമൺ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലാണ് ഈ കൺവെൻഷൻ അതിന്റെ സുവർണ്ണകാലഘട്ടത്തിലേക്ക് പ്രവേശിച്ചത്. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് പള്ളി ഉൾപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിന്റെ അധിപൻ എന്ന നിലയിൽ, ഈ കൺവെൻഷനെ ഒരു ഇടവക സംഗമത്തിൽ നിന്നും മദ്ധ്യതിരുവിതാംകൂറിലെ ഓർത്തഡോക്സ് വിശ്വാസികളുടെ ഒരു ആത്മീയ കൂട്ടായ്മയായി അദ്ദേഹം പരിവർത്തനം ചെയ്തു.
അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രസംഗ വൈഭവമായിരുന്നു മക്കാംകുന്നിലേക്ക് വിശ്വാസികളെ ആകർഷിച്ച പ്രധാന ഘടകം. കൊച്ചുതിരുമേനി, സഭയുടെ വിശ്വാസസത്യങ്ങളും സഭാ തനിമയും സാധാരണക്കാരായ വിശ്വാസികൾക്ക് പകർന്നു നൽകാൻ ഈ വേദിയെ ഉപയോഗിച്ചു. സുവിശേഷ പ്രസംഗത്തോടൊപ്പം തന്നെ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യങ്ങളും കാതോലിക്കേറ്റ് എന്ന യാഥാർത്ഥ്യവും ജനമനസ്സുകളിൽ ഉറപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.ഇത്രയും പാരമ്പര്യമുള്ള ഈ ആത്മീയ സംഗമത്തിനു മലങ്കര സഭയിൽ ആകമാനം കുറച്ചുകൂടി ശ്രദ്ധയും, പബ്ലിസിറ്റിയും നൽകുകയും, എല്ലാ ഭദ്രാസനങ്ങളിൽ നിന്നും വിശ്വാസികൾ അവിടേക്ക് എത്തുകയും ചെയ്യുന്ന ഒരു സാധ്യത അസാധ്യമായ ഒന്നല്ല. മാരാമൺ കൺവെൻഷനെ നോക്കൂ, അതിൻ്റെ പന്തലിൻ്റെ കാൽനാട്ടലും, ഓലമേയലും തുടങ്ങി, കൺവെൻഷൻ ഗായക സംഘത്തിൽ പങ്കെടുക്കുവാനുള്ള ഗായകരുടെ തെരഞ്ഞെടുപ്പ് വരെ ആ സഭ ഒന്നടങ്കം ഏറ്റെടുത്താണ് ചെയ്യുന്നത്. അതിൻ്റെ എല്ലാ ഒരുക്കങ്ങളും നന്നായി ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൺവെൻഷനായി ഇന്നും തുടരുന്നു. അതേ മാതൃകയിൽ, മാക്കാംകുന്ന് കൺവെൻഷനേയും മാറ്റിയെടുക്കുവാൻ നമുക്ക് സാധിക്കില്ലേ, കൂടുതൽ വിശ്വാസികൾ പങ്കെടുക്കട്ടെ; ആഗോളമായി ഇതര ഓർത്തഡോക്സ് സഭകളിൽ നിന്നും പ്രാസംഗികരേയും തിയോളജിയൻസിനേയും അവിടേക്ക് ക്ഷണീക്കുകയും, അവരുടെ വാക്കുകൾ കേൾക്കുകയും പഠിക്കുകയും ചെയ്യാനുള്ള അവസരവും നമുക്ക് ഉണ്ടാക്കിയെടൂക്കുവാനും സാധിക്കുമല്ലോ. ഈ രീതിയിൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ ഒരു ആകമാന കൺവെൻഷൻ എന്ന രീതിയിൽ ഒരു മാറ്റം മാക്കാംകുന്ന് കൺവെൻഷനിൽ സാധ്യമാക്കുമെങ്കിൽ, വരും വർഷങ്ങളിൽ ഇത് വിശ്വാസികളുടെ ആത്മീയ വളർച്ചക്ക് ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. ഒപ്പം സഭയുടെ കൂട്ടായ ഒരു സംഗമവേദിയും ആകും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment