പുതുപാതയിലേക്കും വിരൽ ചൂണ്ടുന്ന തദ്ദേശതിരഞ്ഞെടുപ്പുഫലം.
യുഡിഎഫിനെ പ്രതീക്ഷയുടെ പ്രസരിപ്പിലേക്കും എൻഡിഎയെ
വളർച്ചയുടെ പുതുപാതയിലേക്കും ആനയിക്കുന്നതാണ് ഈണം
ദിവസം മുൻപ്
പുറത്തുവന്ന തദ്ദേശതിരഞ്ഞെടുപ്പുഫലം.തദ്ദേശതിരഞ്ഞെടുപ്പുഫലം രാഷ്ട്രീയവിധിയെഴുത്തല്ലെന്നും വ്യക്തിഗതവും പ്രാദേശികവുമായ ഘടകങ്ങളുടെ സ്വാധീനമാണ് അതിനെ
ഏറെയും നിർണയിക്കുകയെന്നും പറയാറുണ്ട്. എന്നാൽ,
കേരളീയസാഹചര്യത്തിൽ ആ
നിഗമനം അത്രയൊന്നും ശരിയെന്നു പറയാനാകില്ല. ഇന്നലെ
പുറത്തുവന്ന തദ്ദേശഫലമാകട്ടെ, സമ്പൂർണമായും രാഷ്ട്രീയസ്വഭാവമുള്ളതാണെന്നുകാണാൻ ഒട്ടും
പ്രയാസപ്പെടേണ്ടതില്ല. പത്തുവർഷത്തോളമായി സംസ്ഥാനഭരണം കൈയാളുന്ന സിപിഎമ്മിനും എൽഡിഎഫിനുമെതിരായ ജനവികാരത്തിന്റെ വിസ്ഫോടനമാണത്. ഭരണവിരുദ്ധവോട്ടുകളുടെ മോശമല്ലാത്തൊരു പങ്ക്
എൻഡിഎയിലേക്കുകൂടി പോയിട്ടും യുഡിഎഫ്
സംസ്ഥാനമൊട്ടുക്കും നേടിയ
തിളക്കമാർന്ന വിജയം
സമീപഭാവിയിലേക്കെങ്കിലുമുള്ള രാഷ്ട്രീയചൂണ്ടുപലകയാണ്.
വരുന്ന
ഏപ്രിൽ-മേയ്
മാസങ്ങളിൽ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ, ദശാബ്ദത്തിന്റെ ഇടവേളയ്ക്കുശേഷം വിജയംകൊയ്യാമെന്ന പ്രതീക്ഷ യുഡിഎഫിനു കൃത്യമായി നൽകുന്ന
ജനവിധിയാണ് തദ്ദേശതിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. പഞ്ചായത്തീരാജ് നിയമം
പ്രാബല്യത്തിൽവന്നതോടെ അഞ്ചുകൊല്ലംകൂടുമ്പോഴുള്ള നിഷ്കൃഷ്ടമായ ഇടവേളകളിൽ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നടക്കാൻതുടങ്ങിയത് 1995-ലാണ്.
തദ്ദേശവോട്ടെടുപ്പിലെ വിജയമാതൃക തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ആവർത്തിക്കുന്നതാണ് അന്നുമുതൽ മിക്കവാറും കണ്ടുപോന്നിട്ടുള്ളത്. 1995-ൽ
മിന്നുംജയംനേടിയ എൽഡിഎഫ്
തൊട്ടടുത്തവർഷത്തെ നിയമസഭാതിരഞ്ഞെടുപ്പിൽ ഭരണംപിടിച്ചു. രണ്ടായിരാമാണ്ടിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ഇരുമുന്നണിയും ഒപ്പത്തിനൊപ്പംനിന്നെങ്കിലും 2001-ലെ
നിയമസഭാതിരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായി. 2005, 2015, 2020 വർഷങ്ങളിലെ തദ്ദേശതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്
തകർപ്പൻജയം നേടുകയും പിന്നാലെവന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ അത്
ആവർത്തിക്കുകയുംചെയ്തു. 2010-ലെ
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു വ്യക്തമായ മേൽക്കൈ.
2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ചെറിയ
ഭൂരിപക്ഷത്തിലാണെങ്കിലും ഭരണമുറപ്പിക്കാൻ യുഡിഎഫിനു സാധിച്ചു. ഈ
ക്രമം ശ്രദ്ധിക്കുകയാണെങ്കിൽ, അടുത്തവർഷത്തെ നിയമസഭാതിരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമാകാനുള്ള രാഷ്ട്രീയസാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് അനുമാനിക്കേണ്ടത്.
2015
മുതൽ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ സാന്നിധ്യംതെളിയിച്ചുതുടങ്ങിയ ബിജെപി
ഇത്തവണ മികച്ചനേട്ടമുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം
അവർക്ക് ഉറപ്പാക്കാനായത് ചെറിയ
മുന്നേറ്റമല്ല. കേന്ദ്രഭരണത്തിന്റെ പിൻബലത്തിൽ സംസ്ഥാനത്ത് വേരോട്ടം ബലപ്പെടുത്തുന്ന ബിജെപിയെയും എൻഡിഎയെയും ഭാവിയിൽ
എങ്ങനെ നേരിടണമെന്ന് ഇവിടത്തെ രണ്ട്
പ്രബലമുന്നണികളും കാര്യമായിത്തന്നെ ആലോചിക്കേണ്ടിവരും. സിപിഎമ്മും എൽഡിഎഫും ഒരുപക്ഷേ, അതിനെക്കാൾ തത്കാലം
പ്രാധാന്യംകൊടുക്കുക മൂന്നാം
തുടർഭരണമെന്ന സ്വപ്നം
കൈവിട്ടുപോകാതിരിക്കാൻ അടിയന്തരമായി എന്തുചെയ്യണമെന്ന പര്യാലോചനയ്ക്കായിരിക്കും. സ്വന്തം
ആവനാഴിയിലെ സകലമാന
അസ്ത്രങ്ങളും പുറത്തെടുത്തുകൊണ്ടാകും അവർ
ഇനി നിയമസഭാതിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്നതിൽ സംശയമില്ല.
പ്രൊഫ്.
ജോൺ കുരാക്കാർ
No comments:
Post a Comment