പോലീസ് സ്റ്റേഷനിലേക്ക് വന്ന വീട്ടമ്മയെ
ഇൻസ്പെക്ടർ നെഞ്ചിൽ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും
ചെയ്യുന്ന ദൃശ്യം മലയാളിയുടെ ആത്മാഭിമാനത്തിനു ഏറ്റ അടിയാണ്
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽനിന്ന് പുറത്തുവന്ന സിസി ടിവി ദൃശ്യം മലയാളിയുടെ ആത്മാഭിമാനത്തിനു ഏറ്റ അടിയാണ് , പോലീസ് സ്റ്റേഷനിലേക്ക് വന്ന വീട്ടമ്മയെ ഇൻസ്പെക്ടർ നെഞ്ചിൽ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും ചെയ്യുന്നതായിരുന്നു അത്. അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നവർക്ക് അസ്വസ്ഥതയോടെയല്ലാതെ ആ ദൃശ്യം കാണാനാവില്ല. എല്ലാമേഖലയിലും ഒന്നാംസ്ഥാനത്താണെന്ന് അഭിമാനിക്കുന്ന മലയാളിയുടെ ഊതിവീർപ്പിച്ച ആത്മാഭിമാനത്തിനും പുരോഗമനമുഖത്തിനും ഏറ്റ അടിതന്നെയാണത്. പ്രവർത്തനക്ഷമതയിൽ ലോകത്തുതന്നെ മികച്ചതെന്നറിയപ്പെടുന്ന സേനയാണ് കേരള പോലീസ്. സങ്കീർണമായ ഒട്ടേറെ കേസുകൾ വിദഗ്ധമായി അന്വേഷിച്ച് തെളിയിച്ച പാരമ്പര്യവുമുണ്ട്. എന്നാൽ, ആധുനികജനാധിപത്യസമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മര്യാദകൾ സേന മറക്കുന്നു. അതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ അടുത്തിടെ ഉണ്ടായി. പൊതുജനത്തോടുള്ള പോലീസിന്റെ ക്രൂരത ഇത് ആദ്യമായല്ല. താനൂരിൽ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്. പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ സബ് ഇൻസ്പെക്ടർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. പോലീസ് മർദനങ്ങളുടെ പട്ടിക തുടരുകയാണ്. നമ്മുടെ പോലീസിന് എന്തുപറ്റി ?
കാലം മാറിയിട്ടും പോലീസ് മാറിയിട്ടില്ല എന്നതാണ് ദുരന്തം. ജനമൈത്രി എന്നത് ഇപ്പോഴും പേരിൽമാത്രമേയുള്ളൂ. ആധുനികമായ പോലീസ് പരിശീലനപദ്ധതികൾ നമുക്കുണ്ടെങ്കിലും അതിനെ ഇനിയും ജനാധിപത്യവത്കരിച്ചിട്ടില്ല. പഴയ രാജാവിന്റെയും ജന്മിയുടെയും കീഴിലുള്ള ഗുണ്ടകളല്ല തങ്ങളെന്ന് അവരെ ബോധ്യപ്പെടുത്താൻ പരിശീലനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ അത് വലിയ പരിമിതിയാണ്. പോലീസ് സ്റ്റേഷനിൽ വരുന്നവർ പ്രജകളല്ലെന്നും പൗരരാണെന്നും പോലീസുകാർക്ക് തോന്നുന്നില്ല. പോലീസ് സ്റ്റേഷനിൽ വരുന്നവരൊക്കെ ഗുണ്ടകളല്ല എന്ന് അവരെ ആര് പറഞ്ഞു മനസ്സിലാക്കും ? കൊളോണിയൽ കാലത്തെ പോലീസിങ് അല്ല ജനാധിപത്യകാലത്ത് വേണ്ടതെന്ന് അവരുടെ പരിശീലകരും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു.
ജനങ്ങളുടെ വിശ്വാസത്തിന്റെയും പരസ്പരധാരണയുടെയുംമാത്രം അടിത്തറയിൽ പടുത്തുയർത്തിയതാണ് നീതിനിർവഹണസംവിധാനങ്ങളുടെ മകുടങ്ങൾ. ആ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെയെല്ലാം വെറും സർക്കാരോഫീസുകൾ മാത്രം. വൈകിക്കിട്ടുന്ന നീതിപോലും അനീതിയായി പരിഗണിക്കപ്പെടുന്നത് ആ ഉത്തരവാദിത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ്. കൊടുംകുറ്റവാളികളിൽനിന്നുപോലും പരോളിന് കൈക്കൂലിവാങ്ങുന്ന ഉന്നത പോലീസുദ്യോഗസ്ഥർ ഈ വിശ്വാസത്തെ തകർക്കുകയാണ് ചെയ്യുന്നത്. എറണാകുളത്തെ സംഭവത്തിന്റെ സിസി ടിവി ദൃശ്യം ലഭ്യമാകുന്നത് ഒരു വർഷം കഴിഞ്ഞിട്ടാണ്. ഈ സൈബർയുഗത്തിൽ നമ്മുടെ സംവിധാനങ്ങളുടെ സ്ഥിതിയാണിത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇപ്പോൾ സിസിടിവി ഉള്ളതിനാൽ തങ്ങൾ കാണിക്കുന്ന അതിക്രമങ്ങൾ അതിൽ കാണുമെന്ന് ഉദ്യോഗസ്ഥർക്കറിയാം. എന്നിട്ടും ഇത്തരം തെമ്മാടിത്തം അവർ തുടരുന്നത് അതിരുകടന്ന ആത്മവിശ്വാസംമൂലമാണ്. തങ്ങൾ എന്തു കുറ്റം ചെയ്താലും ഡിപ്പാർട്ട്മെന്റ് സംരക്ഷിച്ചുകൊള്ളും എന്ന അഹന്തയ്ക്ക് അവസാനം വേണം. പോലീസ് ഡിപ്പാർട്ടുമെന്റിൽ ക്രിമിനലുകൾ ധാരാളമുണ്ട്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment