ചിരിച്ചു് ,ചിരിപ്പിച്ചു ,ചിന്തിപ്പിച്ചു കടന്നു പോയ മലയാളിയുടെ പ്രീയപ്പെട്ട ശ്രീനിവാസൻ
മലയാളിയെ എന്തും പറയാൻ, മലയാളിയോട് എന്തും പറയാൻ, അനുമതിയുള്ള ചിലരുണ്ട്. അതിലൊരാളായിരുന്നു ശ്രീനിവാസൻ.ചിരിച്ചു് ,ചിരിപ്പിച്ചു ,ചിന്തിപ്പിച്ചു കടന്നു പോയ മലയാളിയുടെ പ്രീയപ്പെട്ട നടനായിരുന്ന ശ്രീനിവാസൻ .
കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ശ്രീനിവാസന്റെ കൈപ്പടയുണ്ട്. ഇക്കാലത്തു കേരളത്തിലുണ്ടായ ജീർണതകളുടെ കവിൾത്തടത്തിൽ ശ്രീനിവാസന്റെ കൈപ്പടം പതിഞ്ഞിട്ടുമുണ്ട്.കുറെയേറെ സിനിമകളിൽ അഭിനയിക്കുകയും കുറെയേറെ സിനിമകൾ എഴുതുകയും ചെയ്തൊരു ചലച്ചിത്രകാരനെ മാത്രമല്ല ശ്രീനിവാസന്റെ വിയോഗത്തിലൂടെ നമുക്കു നഷ്ടമാകുന്നത്. ഒരേ സമയം ഹാസ്യാത്മകമായും സർഗാത്മകമായും ഇടപെട്ട് ജീവിതത്തിന്റെ സകലമേഖലകളിലും നമ്മെ തിരുത്താനും നവീകരിക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നൊരു കലാകാരനെക്കൂടിയാണ്.
മനുഷ്യബന്ധങ്ങൾക്കിടയിലെ കേവലമായ രാഗദ്വേഷങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങളുടെയോ വ്യക്തിഗത ചിത്രീകരണമായിരുന്നില്ല ശ്രീനിവാസന്റെ രചനകൾ. മധ്യവർഗ മലയാളിയുടെ കുടുംബ-സാമൂഹിക ജീവിതത്തിലെ വൈരുധ്യങ്ങളും കാപട്യങ്ങളും ആകാംക്ഷകളും അഭിലാഷങ്ങളും ആനന്ദങ്ങളും ആശനിരാശകളും ഉൾച്ചേർന്ന ചരിത്രപാഠങ്ങൾ തന്നെയായിരുന്നു.എൺപതുകൾ തൊട്ടുള്ള കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം തന്നെയാണു തന്റെ സിനിമകളിലൂടെ ശ്രീനിവാസൻ എഴുതിയത്. പ്രബുദ്ധതയെന്നും പുരോഗമനമെന്നും മറ്റും നമ്മൾ മേനി നടിക്കുന്ന കാര്യങ്ങൾ പലതും മാനവികതയുടെ ഉള്ളടക്കമില്ലാത്ത പൊള്ളയായ പൊങ്ങച്ചങ്ങൾ മാത്രമാണെന്നു ശ്രീനിവാസൻ തമാശമട്ടിൽ നമ്മളോടു വിളിച്ചു പറഞ്ഞു. അതു പക്ഷേ, തമാശയല്ലെന്നു നമ്മൾ തിരിച്ചറിഞ്ഞു. കുടുംബം എന്ന സ്ഥാപനത്തിലെ മേൽക്കോയ്മകളെ അദ്ദേഹം പ്രശ്നവൽക്കരിച്ചു. മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും നിശിതമായ ചട്ടക്കൂടുകളെയും അവയുടെ കാപട്യങ്ങളെയും വെല്ലുവിളിച്ചു. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളുടെ ചുവരുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന അഴിമതിയുടെ വെള്ളാനകളെ വെളിച്ചത്തിലേക്കു കൊണ്ടുവന്നു നിർത്തി. വിമർശനങ്ങളിൽ ഭയപ്പെടുകയോ പ്രശംസാവാക്യങ്ങളിൽ പുളകം കൊള്ളുകയോ ചെയ്തില്ല.
തത്വജ്ഞാനിയുടെയോ സാമൂഹിക പരിഷ്കർത്താവിന്റെയോ വേഷമണിയാതെയും മുഷ്ടി ചുരുട്ടാതെയും മുദ്രാവാക്യം വിളിക്കാതെയും ശ്രീനിവാസൻ തന്റെ കഥാപാത്രങ്ങളിലൂടെ നവോത്ഥാനത്തിന്റെ രാഷ്ട്രീയം പറഞ്ഞു. ജനാധിപത്യത്തിന്റെ പരിമിതികളെക്കുറിച്ചും കുടുംബബന്ധങ്ങളിലെ അധികാരഘടനയിലെ അനീതിയെക്കുറിച്ചും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. അതു പറയുകയും ചെയ്തു. എങ്കിലും അരാജകത്വത്തിലേക്ക് ആർക്കും വഴി കാട്ടിയില്ല. ചലച്ചിത്ര വിപണിയുടെ ചിട്ടവട്ടങ്ങൾക്കും ചട്ടങ്ങൾക്കും വഴങ്ങേണ്ടി വന്നപ്പോഴും സ്വന്തം ബോധ്യങ്ങളിൽനിന്ന് അവസാനം വരെ പിന്മാറാതിരിക്കാനുള്ള ആർജവം ശ്രീനിവാസനുണ്ടായിരുന്നു. ആധുനിക ചികിത്സയെക്കുറിച്ചും ആഹാരരീതിയെക്കുറിച്ചും മറ്റും അദ്ദേഹത്തിന്റെ വാദങ്ങൾ പുതുകാല വേദികളിൽ പലയിടത്തും അപഹസിക്കപ്പെട്ടപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.സ്ത്രീവിരുദ്ധമെന്നും അരാഷ്ട്രീയതയുടെ ആഘോഷമെന്നും അദ്ദേഹത്തിന്റെ ചില രചനകളെ ആക്ഷേപിക്കുന്നവരുണ്ട്. മാനവികമൂല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള വിമോചനത്തിന് അർഥമില്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് അവയിലൂടെ ശ്രീനിവാസൻ ചെയ്തത് എന്നു വാദിക്കുന്നവരുമുണ്ട്. പുതിയ കാലത്തിന്റെ രാഷ്ട്രീയശരികൾ അവയെ മറ്റൊരു വിധത്തിലാകാം ഒരുപക്ഷേ വിലയിരുത്തുക
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment