Pages

Friday, October 24, 2025

സ്കൂൾ കായികമേളകളിലൂടെ ലോക കായിക പ്രതിഭകളുടെ കണ്ടെത്താൻ കഴിയണം.

 

സ്കൂൾ കായികമേളകളിലൂടെ  ലോക കായിക  പ്രതിഭകളുടെ  കണ്ടെത്താൻ കഴിയണം.

കേരളത്തിന്റെ കായിക മുന്നേറ്റത്തിന്റെ അടിത്തറയാണ് സ്കൂൾ കായികമേളകൾ. പി.ടി.ഉഷയും ഷൈനി വിൽസനും അഞ്ജു ബോബി ജോർജുമൊക്കെ കേരളത്തിന്റെ സ്കൂൾ കായികമേളകളിലൂടെ വളർന്ന്, ലോക കായികഭൂപടത്തിൽ ഇന്ത്യയുടെ ചിത്രം വരച്ചിട്ടവരാണ്. പിൽക്കാലത്തും ഏറെ താരങ്ങൾ സ്കൂൾ മീറ്റുകളെ ചവിട്ടുപടികളാക്കി ഇന്ത്യൻ കായികരംഗത്തിന്റെ നെറുകയിൽ മലയാളത്തിന്റെ തിലകക്കുറി ചാർത്തി.

വിദ്യാർത്ഥികളുടെയും കായികാദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഓരോ സ്കൂൾ കായികമേളയും നാടിന്റെ ഉത്സവമായി അരങ്ങേറുന്നത്.കായികരംഗത്ത് ലോകോത്തര നിലവാരമുള്ള നിരവധി താരങ്ങളെ സ്കൂൾ തലത്തിൽ നിന്നും സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ചിട്ടയായ ശാസ്ത്രീയ കായിക പരിശീലനത്തിലൂടെയാണ് ഇത്തരം മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുള്ളത്.ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്സിനോളം ചരിത്രവും പാരമ്പര്യവും ബഹുസ്വരകാഴ്ചപ്പാടും അവകാശപ്പെടാൻ കെൽപ്പുള്ള മറ്റൊരു കായികമേളയുമില്ലായെന്ന് അസന്നിഗ്ധമായി പറയാം. സാംസ്കാരികവും രാഷ്ട്രീയവും ദേശീയവുമായ വിഭജനങ്ങളെ മറികടക്കാൻ സാധിക്കുന്ന ശക്തവും ഫലപ്രദവുമായ ഉപാധിയായി സ്പോർട്സിനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയിൽ നിന്നാണ് വിശാല കാഴ്ചപ്പാട് രൂപപ്പെട്ടത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശാരീരികവും സാമൂഹികവും മാനസികവുമായ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സർഗാത്മകതയുടെ പ്രധാന ഘടകമായ സ്പോർട്സ് മനുഷ്യസംസ്കാരത്തിന്റെ പ്രധാനഭാഗമാണ്. ആദിമകാല അതിജീവന രീതികളിൽ നിന്നും സങ്കീർണമായ സാംസ്കാരിക പ്രതിഭാസത്തിലേക്കുള്ള പരിണാമമാണ് സ്പോർട്സിന്റെ ആത്യന്തിക നെടുന്തൂൺ. ഒളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിലേക്കും പ്രചരിപ്പിക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

കേരളപ്പിറവി മുതൽ ആരംഭിച്ച മഹത്തായ സംരംഭം ഓരോ അക്കാദമിക വർഷവും വളരെ കൃത്യതയോടെയാണ് നടന്നുവരുന്നത്.  ഒളിംപിക്സിലേക്കു കേരളത്തിലെ കായികപ്രതിഭകളെ എങ്ങനെ ഒരുക്കുംമെന്ന്  ചിന്തിക്കേണ്ട സമയമാണ് .2036 ലക്ഷ്യമാക്കി കായികമേളകളെ അടിമുടി പരിഷ്കരിക്കണം

.എം.നമ്പ്യാർ എന്ന പരിശീലകൻ ശ്രമിച്ചതുകൊണ്ടാണല്ലോ പി.ടി.ഉഷ ലോകമറിയുന്ന താരമായത്. തിരുവനന്തപുരത്തും അത്തരം താരങ്ങളെ കണ്ടേക്കാം. അവരെ വിട്ടുകളയാതെ, മികച്ച പരിശീലനം നൽകി വളർത്തേണ്ട കടമ സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.

സ്കൂൾ മേളകളിൽ മികവു തെളിയിക്കുന്നവർക്കു തുടർപരിശീലനത്തിനു മികച്ച സൗകര്യമൊരുക്കുകയും കഴിയുംവിധത്തിൽ പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടതു സംസ്ഥാനത്തിന്റെ കടമയാണെങ്കിലും ഉത്തരവാദിത്തം വേണ്ടവിധം നിറവേറ്റപ്പെടുന്നില്ല എന്നതാണു യാഥാർഥ്യം. മറ്റു പല സംസ്ഥാനങ്ങളും പുതുതലമുറ കായികതാരങ്ങൾക്കു നൽകുന്ന പ്രോത്സാഹനവും കരുതലുമൊക്കെ നമുക്കു പകർത്താൻകൂടിയുള്ളതാണ്,സ്കൂൾ കായികമേളകളിലൂടെ  കായിക  പ്രതിഭകളുടെ  കണ്ടെത്താൻ കഴിയണം ,

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

No comments: