സ്ത്രീകൾ വിശ്രമമില്ലാതെ പണിചെയ്യേണ്ടിവരുന്നു.
പ്രൊഫ്, ജോൺ കുരാക്കാർ
സ്ത്രീകൾ വ്യക്തിപരവും, സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവും, ആരോഗ്യപരവുമായ വിവിധ തലങ്ങളിൽ വെല്ലുവിളികൾ നേരിടുന്നു. ഇതിൽ പ്രധാനം ഗാർഹിക പീഡനം, ലൈംഗികാക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയാണ്. കൂടാതെ, ജോലിസ്ഥലത്തെ അസമത്വം ലിംഗപരമായ പക്ഷപാതം, ശരിയായ ആരോഗ്യ സംരക്ഷണം ലഭിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങളും സ്ത്രീകൾ അഭിമുഖീകരിക്കുന്നു. സ്ത്രീകൾ രോഗലക്ഷണങ്ങളെ അവഗണിക്കാനും ചികിത്സ വൈകിപ്പിക്കാനും ഉള്ള പ്രവണത കൂടുതലാണ്. പോഷകാഹാരക്കുറവ്, മാനസിക സമ്മർദ്ദം, വ്യായാമമില്ലായ്മ എന്നിവ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അവരുടെ കുട്ടികളെയും കുടുംബങ്ങളെയും ബാധിക്കുന്നു. പങ്കാളിത്തമില്ലായ്മയും പരിമിതമായ ആരോഗ്യ സേവനങ്ങളും ആരോഗ്യനില മോശമാക്കുന്നു.
ഉയർന്ന വിദ്യാഭ്യാസമോ ജോലിയോ രാഷ്ട്രീയ-ഭരണ നേതൃത്വമോ ഒന്നുംതന്നെ രണ്ടാംതരം പദവിയിൽനിന്ന് മലയാളിസ്ത്രീകൾക്ക് മോചനം നൽകുന്നില്ല. ജൻഡർ വേർതിരിവും വിടവും ഇല്ലാതാക്കാനുള്ള പലതരത്തിലുള്ള പദ്ധതികളും പ്രചാരണങ്ങളും സർക്കാരും മാധ്യമങ്ങളും സമൂഹമൊന്നാകെയും ഉയർത്തിക്കൊണ്ടുവരുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തിൽ സമീപകാലത്തായി സ്ത്രീപക്ഷചിന്താഗതികളും ചർച്ചകളും സജീവമായി ഉയർന്നുവരുന്നു എന്നത് പ്രതീക്ഷപകരുന്ന കാര്യമാണ്. ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നു. 2020-ല്‍ 3,71,503 കേസുകളാണ് സ്ത്രീകള്ക്ക് എതിരായിട്ടുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കില് 2021ല്‍ ഇത് 4,28,278 കേസുകള്‍ ആയി ഉയര്ന്നു. 2021ല്‍ 15.3 ശതമാനം വര്ധിച്ചതായി കാണാം. ഈ റിപ്പോര്ട്ട് വ്യക്തമാക്കുന്നത് സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2020-ല്‍ 56.5ശതമാനത്തില്‍ നിന്ന് 2021-ല്‍ 64.5 ശതമാനമായി ഉയര്ന്നു എന്നതാണ്. അതിക്രമങ്ങളില്‍ ഭൂരിഭാഗവും സ്വന്തം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരത എന്ന വിഭാഗത്തിലാണ്. കൂടാതെ തട്ടിക്കൊണ്ടുപോകലും, ലൈംഗിക അതിക്രമങ്ങളും ഉള്പ്പെടുന്നു. എന്നാല്‍ ദേശീയ വനിതാകമ്മീഷന് പുറത്തുവിട്ട കണക്കുകള്‍ വ്യത്യസ്തമാണ്. കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2010-11 വര്‍ഷങ്ങളില്‍ ദേശീയ വനിതാ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ 15165 ആണ്. ഇതില്‍ ഗാര്ഹിക പീഡനം, ലൈംഗിക അതിക്രമങ്ങള്‍, തൊഴില്‍ ഇടങ്ങളിലുള്ള പീഡങ്ങള്‍, പോലീസ് അതിക്രമങ്ങള്‍, സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടങ്ങി നിരവധി പരാതികള്‍ ഉള്പ്പെടുന്നു. 2010 ല്‍ 3970 കേസുകളാണ് ഗാര്ഹിക പീഡനത്തിന്റെ പേരില്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ബഹുഭൂരിഭാഗം വീടുകളിലും പാചകവും ശുചീകരണവും കുട്ടികളെ വളർത്തലുമുൾപ്പെടെയുള്ള ജോലികൾ സ്ത്രീകളുടെമാത്രം ചുമതലയാണ്. ഇന്ന് നല്ലൊരു ശതമാനം സ്ത്രീകളും ഏതെങ്കിലും തൊഴിൽചെയ്ത് വരുമാനം കണ്ടെത്തുന്നവരാണ്. എന്നാൽ, കുടുംബത്തിന്റെ വരുമാനദായകർ എന്നനിലയിൽ പുരുഷനുള്ള അംഗീകാരമോ പരിഗണനകളോ സ്ത്രീകൾക്ക് കിട്ടുന്നില്ല. തൊഴിലിടത്തിൽനിന്ന് മടങ്ങിയെത്തി വീടിനുള്ളിലും അവർക്ക് വിശ്രമമില്ലാതെ പണിചെയ്യേണ്ടിവരുന്നു. വലിയ കായികാധ്വാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീകൾക്കുപോലും വീട് വിശ്രമിക്കാനുള്ള ഇടമല്ല. പുലർച്ചെ ഉണർന്ന് രാത്രിവൈകി ഉറങ്ങുംവരെ നിർത്താതെ യന്ത്രംകണക്കേ ഓടുന്ന സ്ത്രീകളും ഇവിടെയുണ്ട് .തൊഴിലിടത്തിലും വീട്ടിലുമായുള്ള ഇരട്ടജോലിഭാരം സ്ത്രീകളുടെ ആരോഗ്യകരമായ ജീവിതത്തെ സാരമായി ബാധിക്കുന്നു .
വീട്ടുജോലികൾ സ്ത്രീയുടെമാത്രം ചുമതലയാണെന്ന കാഴ്ചപ്പാടിനു മാറ്റംവരണം . സ്ത്രീ-പുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, വീട്ടുജോലിയടക്കമുള്ള ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുന്നതിൽ അഭിമാനം കണ്ടെത്തുന്ന തലമുറയെ വളർത്തിക്കൊണ്ടുവരികയെന്നതാണ് കാലമാവശ്യപ്പെടുന്നത്. മാറ്റം കുടുംബത്തിൽ നിന്ന് തന്നെ ആരംഭിക്കണം .
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment