അനുഭവങ്ങളുടെ തുടുപ്പുകൾ
1.മലയാളത്തിന്റെ ജീനിയസ് ആയിരുന്നു സി വി കുഞ്ഞിരാമൻ. കവിത നാടകം ചരിത്രം ആത്മകഥ തുടങ്ങിയ സാഹിത്യ ശാഖകളെ അദ്ദേഹം തന്റെ രചനകൾ കൊണ്ട് പൊന്നണിയിച്ചു. പക്ഷേ,കവിതയുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധം വളരെക്കാലം നീണ്ടുനിന്നില്ല.അതിനെക്കുറിച്ച് സ്വയം വിമർശന രീതിയിൽ അദ്ദേഹത്തിന്റെ പ്രസ്താവനഇതായിരുന്നു: "കുമാരനാശാന്റെ 'നളിനി' വായിച്ചതിനുശേഷം ഞാൻ കവിതയെഴുത്ത് നിർത്തി". ലോകത്ത് ഏറ്റവുമധികം മുഖപ്രസംഗങ്ങൾ എഴുതിയിട്ടുള്ളത് സി വി യാണ്. മുഖപ്രസംഗം എഴുതുന്ന 'രസിക ശിരോമണി'എന്നാണ്
ജോസഫ് മുണ്ടശ്ശേരി
സി.വി യെവിശേഷിപ്പിച്ചത്.
ഹാസ്യ ബോധം സി വി ക്ക്
ജന്മസിദ്ധമായി കിട്ടിയിരുന്നു. കുട്ടിക്കാലത്ത് പഠനത്തോട് മുഖം തിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായിരുന്നു കുഞ്ഞിരാമൻ. ഇതിൽ ഗോപാകുലനായ കാരണവർ ഒരു ദിവസം അവനെ പിടിച്ച്കവുങ്ങിൽ കെട്ടിയിട്ട്പുളിവടി കൊണ്ട് ആഞ്ഞടിക്കാൻ തുടങ്ങി. എത്ര അടി കൊണ്ടിട്ടും ചെറുക്കൻ കരയുന്നില്ല. മരം പോലെ നിന്നതേയുള്ളൂ. ഇത് കണ്ട് കാരണവർക്ക് കലി മൂത്തു.അടിയുടെ ശക്തി കൂട്ടി. കാരണവരുടെ വ്യായാമം നീണ്ടു പോയപ്പോൾ ആ ബാലൻ യാതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു :
" കുഞ്ഞുമാമ,അടിയൊന്ന് നിർത്തൂ. എന്റെ കോണകം ഊരിപ്പോയി. അതൊന്ന് എടുത്ത് ഉടുക്കട്ടെ". കാരണവർ അന്തം വിട്ടുപോയി. അദ്ദേഹം വടി ദൂരെ എറിഞ്ഞ് വേഗം അവനെ കെട്ടഴിച്ചുവിട്ടു. എന്നിട്ട് പറഞ്ഞു, "ഇനി നീയും ഞാനും സമന്മാർ".
2. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ'ആനന്ദമഠം' എന്ന നോവൽ പണ്ട് ഇന്റർ മീഡിയറ്റിന് പഠിക്കുവാൻ ഉണ്ടായിരുന്നു. ആ നോവൽ പിടിപ്പിക്കുവാൻ പ്രൊഫ. എൻ കൃഷ്ണപിള്ള സാർ ക്ലാസിൽ വന്നു. പാഠഭാഗത്തേക്ക് കടക്കുന്നതിനു മുബായി ബങ്കിം ചന്ദ്രചാറ്റർജി യെപ്പറ്റി കുറച്ചു കാര്യങ്ങൾ കുട്ടികളുടെ അറിവിലേ
ക്കായി അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജി ആണെന്നും, ബംഗാളിലെ പ്രശസ്ത നോവലിസ്റ്റായ അദ്ദേഹം മാതൃഭാഷയ്ക്ക് ധാരാളം സംഭാവനകൾ നൽകിയവ്യക്തിയാണെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇത് കേൾക്കേണ്ട താമസം ഫിലിപ്പ് ഉമ്മൻ എന്ന വിദ്യാർത്ഥി ഒരു ചോദ്യം ചോദിക്കുവാനായി കൈ ഉയർത്തി. എല്ലാവരും ഫിലിപ്പ് ഉമ്മനെ നോക്കി. സാറ് പഠിപ്പിച്ചു കൊണ്ടിരുന്നത് നിർത്തി. എന്നിട്ട് പറഞ്ഞു,"ഫിലിപ്പ് ഉമ്മൻ, താൻ സംശയം ധൈര്യമായി ചോദിച്ചോളൂ". ഇടയ്ക്കിടെ ചില മണ്ടൻ ചോദ്യങ്ങൾ ഫിലിപ്പ് ഉമ്മൻ ചോദിക്കും എന്ന് സാറിനും കുട്ടികൾക്കും അറിയാമായിരുന്നു. അതുകൊണ്ട് എല്ലാവരും ചോദ്യം കേൾക്കാൻ താല്പര്യം പ്രകടിപ്പിച്ചു.
ഫിലിപ്പ് ഉമ്മൻ എഴുന്നേറ്റ്നിന്ന്ചോദിച്ചു,
"സാർ,ബങ്കിംചന്ദ്ര ചാറ്റർജി ബംഗാളി എഴുത്തുകാരൻ ആണെന്ന് ആദ്യം സാർ പറഞ്ഞു. ഇപ്പോൾ പറയുന്നു അദ്ദേഹം മാതൃഭാഷയ്ക്ക് ധാരാളം സേവനം ചെയ്ത വ്യക്തിയാണെന്ന്.ബംഗാളി ആയ ബങ്കിംചന്ദ്ര ചാറ്റർജി എങ്ങനെയാണ്
മാതൃഭാഷയ്ക്ക്സംഭാവനകൾ നൽകിയത്?".
ചോദ്യം കേട്ടതും കൃഷ്ണപിള്ള സാർ കയ്യിലിരുന്ന പുസ്തകം താഴെ വെച്ച് ചിരിക്കാൻ തുടങ്ങി. ക്ലാസിൽ മുഴുവൻ ചിരി പടർന്നു. ഫിലിപ്പ് ഉമ്മനാണെങ്കിൽ ചിരിയുടെയും കരച്ചിലിന്റെയും ഇടയിലായി നിൽക്കുന്ന സമയത്ത് സാറ് ഉത്തരം ഒന്നും പറയാതെ ചിരിയോടെ ഡിപ്പാർട്ട്മെന്റിലേക്ക് മടങ്ങി. ആകെ നാണക്കേടായി.'മാതൃഭാഷ' എന്നു പറഞ്ഞാൽ മലയാളം മാത്രമാണെന്നാണ് ഫിലിപ്പ് ഉമ്മൻ ധരിച്ചിരുന്നത്. എന്നാൽ തനിക്ക് മലയാളം പോലെ ബങ്കിംചന്ദ്ര ചാറ്റർജിക്ക് ബംഗാളി മാതൃഭാഷയാണെന്ന് മറ്റുള്ളവരിൽ നിന്നും അന്നാണ് ഫിലിപ്പ് ഉമ്മൻ മനസ്സിലാക്കിയത്.
ഫിലിപ്പ് ഉമ്മൻ എന്ന വിദ്യാർത്ഥിയാണ് പിന്നീട് എല്ലാവരും ആദരിക്കുന്ന 'ചിരിയുടെ രാജകുമാരൻ' ആയി അറിയപ്പെട്ട ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി.കാര്യങ്ങൾ സ്വയം പരിഹാസരൂപേണ അവതരിപ്പിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ സിദ്ധിവൈഭവം തന്നെയായിരുന്നു.
3. ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന ജോർജ് ഓർവെല്ലിന് പുകവലിയിൽ ആസക്തി ഇല്ലായിരുന്നു. എന്നാൽ സായാഹ്ന സവാരിയിൽ ചിലപ്പോഴെല്ലാം പുകവലിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭ്യുദയം കാംക്ഷിച്ച ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ദേഹത്തെ ഓർവൽ കണക്കിലധികം ബഹുമാനിച്ചിരുന്നു. ഒരു ദിവസം പുകയുന്ന സിഗരറ്റ് കയ്യിൽ പിടിച്ചു കൊണ്ട് ഓർവെൽ തെരുവിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് വൃദ്ധൻ മുന്നിൽ വന്നുപെട്ടത്. വൃദ്ധൻ കാണാതെ ഓർവൽ സിഗരറ്റ് വളരെ ബന്ധപ്പെട്ട് എങ്ങനെയോ പിറകിൽ ഒളിപ്പിച്ചു പിടിച്ചു. ഒന്നുമറിയാത്തതുപോലെ ഒരു ചെറിയ പുഞ്ചിരി തൂകി വൃദ്ധൻ കടന്നുപോയി. ഓർവൽ തെല്ലൊരു ആശ്വാസത്തോടെ നടക്കാൻ തുടങ്ങി. അപ്പോഴാണ് പിറകിൽ നിന്നും ഒരു ചിരി കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ വൃദ്ധൻ നിന്നു ചിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു, "എങ്കിലും ഞാൻ ഇതുവരെ കരുതിയിരുന്നത് നീ വാ കൊണ്ട് മാത്രമേ സിഗരറ്റ് വലിക്കൂ എന്നായിരുന്നു". സിഗററ്റിനോടൊപ്പം ഓർവെല്ലും അവിടെനിന്ന് പുകഞ്ഞു.
4. ഹോസ്പിറ്റലിലെ പ്രസവമുറിയുടെ വെളിയിൽനിന്ന് രാഘവൻ മനസ്സുരുകി പ്രാർത്ഥിച്ചു, "ദൈവമേ ഈ കുഞ്ഞെങ്കിലും ആണായിരിക്കേണമേ". കഴിഞ്ഞ മൂന്നും പെൺകുട്ടികൾ ആയിരുന്നു."ആരാ മല്ലികയുടെ കൂടെ വന്നവർ ? മല്ലിക പ്രസവിച്ചു.പെൺകുട്ടി". നേഴ്സ് ഉറക്കെ വിളിച്ചു പറഞ്ഞു. രാഘവൻ ഇത് കേട്ടപാടെ ഭാസ്കരൻ ജോത്സ്യനെ കാണാനോടി. അവിടെ കാത്തുനിന്ന് അദ്ദേഹത്തോട് സങ്കടത്തോടെ പറഞ്ഞു,
" ഒരാൺകുട്ടിക്ക് ഞാൻ എന്തു ചെയ്യണം. അത്രയ്ക്കു മോഹിച്ചു പോയി". ഭാസ്കരൻ ജോത്സ്യൻ കവിടി നിരത്തി പ്രാർത്ഥനയിൽ മുഴുകി, എന്നിട്ട് പറഞ്ഞു, "നീ വീട്ടിൽ ചെന്ന് വരാന്തയിലെ ചാരുകസേരയിൽ കിടന്ന് പത്രം വായിക്കുന്ന നിന്റെ അച്ഛന്റെ കരണത്ത് നല്ലതുപോലെ രണ്ടു പൊട്ടിക്ക്".ഒരാൺകുട്ടിയെ കിട്ടാനുള്ള മോഹം കൊണ്ട് രാഘവൻ ഉടൻ തന്നെ ജ്യോത്സ്യൻ പറഞ്ഞപ്രകാരം പ്രവൃത്തിച്ചു.
ഒരു വർഷം കഴിഞ്ഞ് ഭാര്യ മല്ലിക വീണ്ടും പ്രസവ വാർഡിലായി. രാഘവൻ വാർഡിന് പുറത്ത് ഒരാൺകുട്ടിക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട് നിൽപ്പായി. കുറെ കഴിഞ്ഞപ്പോൾ നേഴ്സ് വന്ന് ചോദിച്ചു, "ആരാണ് മല്ലികയുടെ ആൾക്കാർ? മല്ലികയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു". ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ രാഘവൻ, കുഞ്ഞിനെപോലും കാണാൻ നിൽക്കാതെ പൊട്ടിച്ചിരിച്ചുകൊണ്ട് ഭാസ്കരൻ ജ്യോത്സ്യന്റെ അടുത്തേക്കോടി. അവിടെയെത്തി ഉറക്കെ പ്പറഞ്ഞു," നിങ്ങൾ പറഞ്ഞത് ഫലിച്ചു.
വലിയവനായ നിങ്ങൾക്ക് ഞാൻ എന്തു തരണം? ". ഇതുകേട്ട് ഭാസ്കരൻ ജോത്സ്യൻ പറഞ്ഞു,
"രാഘവാ,
ഞാനൊന്നും ചെയ്തിട്ടില്ല. നീ നിന്റെ അച്ഛന്റെ കരണത്തടിച്ചു. അത് തിരിച്ചു തരാൻ ഒരു ആൺകുഞ്ഞ് പിറന്നു, അത്രേയുള്ളൂ. നീ കാത്തിരുന്നോളൂ. ഈ മകന്റെ കയ്യിൽ നിന്നും തല്ലു വാങ്ങുമ്പോൾ നീ എന്നെ ഓർമിച്ചാൽ മതി, കേട്ടോ രാഘവാ". കർമ്മഫലം !
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment