Pages

Wednesday, October 30, 2024

കാവ്യകലയുടെ രാജകുമാരൻ

 

കാവ്യകലയുടെ രാജകുമാരൻ





ഒരു 'വയലാർ രാമവർമ്മ ഓർമ്മ ദിനം' കൂടി കടന്നുപോയി. 1975 ഒക്ടോബർ 27- ന് തന്റെ 47--ആം വയസ്സിൽ അദ്ദേഹം നമ്മളോട് യാത്ര പറഞ്ഞു. ഹ്രസ്വമായ കാവ്യജീവിതം. 1956 'കൂടപ്പിറപ്പ് 'എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ എഴുതി സിനിമ ജീവിതം തുടങ്ങിയ വയലാർ, തന്റെ സർഗ്ഗപ്രതിഭ വെളിവാക്കുന്ന 1300 ഓളം ഗാനങ്ങൾ രചിച്ചു. 150 ഓളം നാടക ഗാനങ്ങളും അനവധി കവിതകളും എഴുതി തന്റെ മഴവിൽ പ്രഭയാർന്ന ഭാവനയ്ക്ക് മാറ്റുകൂട്ടി. യാന്ത്രിക ജീവിതത്തിൽ നമുക്ക് നഷ്ടമാകുന്ന മൂല്യങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ എല്ലാ രചനകളും.
എന്തുകൊണ്ടും ഒരു ജീനിയസ് ആയിരുന്ന വയലാറിന്റെ ഗാനരചനാ വൈഭവം പ്രസരിപ്പിക്കുന്ന ചില സംഭവങ്ങൾ:
ഒരു അർദ്ധരാത്രി. കാറിൽ മയക്കത്തിലാണ് വയലാർ. അപ്പോൾ കൂടെ ഉണ്ടായിരുന്നയാൾ എന്തോ ഓർത്തെന്നപോലെ വയലാറിനെ തട്ടിയുണർത്തി ചോദിച്ചു,
"
കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്. പാട്ട് എഴുതിയോ ? ". വയലാർ ചുറ്റും നോക്കി അവിടെ കണ്ട ഒരു ഒഴിഞ്ഞ സിഗററ്റ് കവർ എടുത്തു. അത് കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി.5 മിനിറ്റ്. എഴുതിയത് സുഹൃത്ത് ശോഭന പരമേശ്വരൻ നായർക്ക് കൈമാറി. അതിൽ കുറിച്ചിരുന്ന, "ചലനം ചലനം ചലനം..." എന്ന് തുടങ്ങുന്ന ഗാനമായിരുന്നു മഞ്ഞിലാസിനു വേണ്ടി വയലാർ നിമിഷ നേരം കൊണ്ട് എഴുതിയത്. ഗാനരചനയുടെ ദിവ്യമായ ദർശനം.
ഒരു ദിവസം കാലത്ത് അഞ്ചുമണിക്ക്
ആധിയോടെ ഒരു സിനിമ നിർമ്മാതാവ് മദ്രാസ് പാംഗ്രൂവ് ഹോട്ടലിൽ എത്തുന്നു. രാവിലെ 9 മണിക്ക് റെക്കോർഡിങ് തുടങ്ങണം.ആറുമാസമായി വയലാറിനോട് പാട്ടിന്റെ കാര്യം ഓർമ്മിപ്പിക്കുന്നു.തലെ രാത്രിയിൽ വിളിച്ചു. പുലർച്ചെ രണ്ടുമണിവരെ കൂട്ടുകാരുമൊത്ത് ആഘോഷത്തിൽ ആയിരുന്നു വയലാർ. "ഫോണിലൂടെ താൻ പറയുമ്പോൾ വരുന്നതല്ല ഗാനത്തിനുള്ള ഭാവന" എന്ന് പറഞ്ഞ് വയലാർ നിർമ്മാതാവിനോട് കയർക്കുകയാണ് ഉണ്ടായത്. വയലാറിന്റെ മുറിയുടെ വാതിൽ പൂട്ടിയിട്ടില്ല. ആകാംഷയും ലേശം പേടിയോടെയും നിർമ്മാതാവ് മുറിയിലേക്ക് കയറി. വയലാർ കൂർക്കം വലിച്ചു റങ്ങുകയാണ്. അതാ മേശമേൽ ഒരു കടലാസ്.
"
ചക്രവർത്തിനീ/ നിനക്കു ഞാനെന്റെ....." എന്നു തുടങ്ങുന്ന ഗാനമായിരുന്നു അതിൽ കുറിച്ചിരുന്നത്.
ഏതു സന്ദർഭത്തിലും കാവ്യ വാഗ്ദാനങ്ങൾ പാലിച്ചിരുന്നു വയലാർ!
മലയാറ്റൂർ രാമകൃഷ്ണനും വയലാറും തമ്മിലുള്ള സൗഹൃദം സുപ്രസിദ്ധമാണ്. ഒരു സൗഹൃദ സദസിൽ അതാ മലയാറ്റൂരിന്റെ വെല്ലുവിളി :" ഏത് അക്ഷരത്തിലും പാട്ട് തുടങ്ങാൻ കേമൻ ആണല്ലോ താൻ. എന്നാൽ' മൃ 'എന്ന അക്ഷരത്തിൽ ഒരു പാട്ട് തുടങ്ങ്. മൃഗം, മൃദംഗം രണ്ടു വാക്കുകളും പാടില്ല".വയലാർ 'മൃ' തുടങ്ങി. അതാണ്,
"
മൃണാളിനി..മൃണാളിനി---" എന്ന് തുടങ്ങുന്ന ഗാനം. ഏത് രചനാ വെല്ലുവിളിയുംസധൈര്യം നേരിടുന്ന നിസ്തുലമായ അറിവിന്റെ
ഉടമയായിരുന്നു വയലാർ.
1974
ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും നേടിയ വയലാർ രാമവർമ്മയാണ് ദക്ഷിണേന്ത്യയ്ക്ക് ബഹുമതി ആദ്യമായി നേടിത്തന്നത്. അതിന് ആസ്പദമായ പ്രശസ്ത ഗാനം കവിയുടെ ആദർശങ്ങളെ പ്രതിഫലിപ്പിക്കുന്നതും
ഇന്നത്തെ ഇന്ത്യയുടെ ഗൗരവമേറിയ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു ......
"
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു/ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..."
എന്ന ഗാനത്തിലൂടെ ഹൃദയം തൊടുന്ന തന്റെ ജീവിതാനുഭവങ്ങൾ സിനിമയിലേക്ക് അദ്ദേഹം പറിച്ചുവെക്കുകയാണ്.
മർദ്ദിതരും ചൂഷിതരുമില്ലാത്ത ഒരു നവലോകത്തെ സ്വപ്നം കാണുകയും അതിനു വേണ്ടി പടവാളിനേക്കാൾ മൂർച്ചയേറിയതാക്കി, തൂലികയെ മാറ്റുകയും ചെയ്ത പ്രതിഭാധനനായ കവിയാണ് വയലാർ രാമവർമ്മ. വികാരം ഉൾക്കൊണ്ടാണ്
വരികൾക്ക് അദ്ദേഹം ജന്മം നൽകിയത്:
"
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ-/
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും". മാനവികതയുടെ പ്രകാശഗോപുര
മായിരുന്നു കവി.
'
മകനെ നിനക്ക് വേണ്ടി' എന്നചിത്രത്തിലെ ഗാനം രചിക്കാൻ കിട്ടിയ സന്ദർഭം,തന്റെ മാതാവിന് തന്നോടുള്ള ഹൃദയ വികാരങ്ങൾ തന്നെ ചിത്രീകരിക്കാൻ ആണ് കവി വിനിയോഗിച്ചത്.
"
മാലാഖമാർ വന്ന് പൂവിടർത്തുന്നത് /മകനെ നിനക്ക് വേണ്ടി " എന്നിങ്ങനെ ആരംഭിച്ച്,
"
അമ്മമരിക്കാതിരിക്കാൻ ആഗ്രഹിക്കുന്നത്/ മകനെ നിനക്ക് വേണ്ടി " എന്ന വരികളിൽ
അവസാനിക്കുന്ന ഗാനം നിരുപമമായ മാതൃസ്നേഹത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. ഇമ്പമേറിയ ഗാനം ഒരിക്കൽ കേട്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാനാവുകയില്ല. 1975 ഒക്ടോബർ 27ാം തീയതി വയലാർ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ ആത്മ സുഹൃത്ത് സി വി ത്രിവിക്രമനോട്, അബോധാവസ്ഥയിൽ പറഞ്ഞതും അമ്മയെ കുറിച്ചാണ്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
"
എന്റെ അമ്മ.... നിങ്ങൾ ഏറ്റാൽ കുഴപ്പമില്ല.... ഒന്നിനും ഒരു കുറവും വരുത്തരുത്". ആത്മാർത്ഥമായ മാതൃ സ്നേഹത്തിന്റെ തുടിപ്പുകൾ.
ഒരു നിശ്ചിത കഥാസന്ദർഭത്തിന് വേണ്ടിയോ കഥാപാത്രത്തിന് വേണ്ടിയോ ആണ് രചിക്കപ്പെടുന്നതെങ്കിലും മൗലികമായ മാനുഷിക ഭാവങ്ങളുടെ തിളക്കമറ്റ ഗാനങ്ങൾ ആയിരുന്നു അവയെല്ലാം. മനസ്സിലെ ഋതുഭേദങ്ങൾ പ്രകാശിപ്പിക്കുന്നവയാണ് പ്രണയഗാനങ്ങൾ പ്രത്യേകിച്ചും:
"
വസന്ത രാവിന്റെ വാതിൽ തുറന്നുവരും വാടാമലർകിളിയേ...", "സന്ധ്യ മയങ്ങും നേരം..",
"
ചക്രവർത്തിനി നിനക്കു ഞാൻ എന്റെ..... ", "പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാൻ ഒരു.....",
"
പ്രേമ ഭിക്ഷുകി ഭിക്ഷുകി... ",
"
സന്യാസിനി നിന്റെ പുണ്യാശ്രമത്തിൽ ഞാൻ...", "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.." എന്നീ വരികളിൽ തുടങ്ങുന്ന മോഹന ഗാനങ്ങൾ വെളിവാക്കുന്ന പ്രണയത്തിന്റെയും സമർപ്പണത്തിന്റെയും ഹൃദ്യതയും ആർദ്രതയും നമ്മെ എന്നും ലഹരി പിടിപ്പിക്കുന്നവയാണ്.
"
സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു ഭൂമിയിൽ/ സത്യത്തിന് എത്ര വയസ്സായി..."എന്ന നാടകഗാനം
പുരാണേതിഹാസങ്ങളിലെ സംഭവബഹുലമായ ജീവിതസന്ദർഭങ്ങളെയാണ് ധ്വനിപ്പിക്കുന്നത്. ദൈവത്തെയും ചെകുത്താനെയും ഒരുപോലെ ചോദ്യം ചെയ്യുന്ന ഗാനമാണ്
"
മനുഷ്യനെ സൃഷ്ടിച്ച
തീശ്വരനാണെങ്കിൽ... " എന്ന് തുടങ്ങുന്ന ഗാനം. വേദോപനിഷത്തുകളുടെ ലോകത്തിലേക്ക് നമ്മെ ആനയിക്കുന്ന ഗാനമാണ്. "ആദിയിൽ വചനം ഉണ്ടായി വചനം രൂപമായി...." എന്ന ഗാനം നമ്മുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നു. ദാർശനിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ വെളിവാക്കുന്ന ഗാനങ്ങളാണിവ.
1957
എം എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിന് വയലാർ രചിച്ച,
"
ബലികുടീരങ്ങളെ ! ബലികുടീരങ്ങളെ... " എന്ന ഗാനം മലയാളത്തിൽ ഇതേവരെ ഉണ്ടായ വിപ്ലവ ഗാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്.
"
വാളല്ലെൻ സമരായുധം..."എന്നു തുടങ്ങുന്ന കവിതയിൽ പറയുന്ന വാളു വിറ്റ് വീണ വാങ്ങിയ കവിയെ എങ്ങനെ വിപ്ലവ അനുകൂലിയായി കണക്കാക്കും എന്ന ചോദ്യം പലരിൽ നിന്നും ആവർത്തിച്ചാവർത്തിച്ചുണ്ടായപ്പോൾ, വയലാർ 'ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത് 'എന്ന തന്റെ കവിതയിൽ അന്നേ ഇതിന് മറുപടി,
"
ഉടവാളുരുക്കി ഞാൻ വീണ തീർത്തത് നാട്ടിൽ/
ഉറക്കുപാട്ടും പാടി സഞ്ചരിക്കുവാനല്ല... " എന്ന് തുടങ്ങുന്ന കവിതയിൽ പറഞ്ഞിട്ടുണ്ട്.
ഒരു 'വയലാർ അവാർഡ് ദാന ചടങ്ങി' സംസാരിക്കവേ സുകുമാർ അഴീക്കോട് പറഞ്ഞു:"മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയൻസ് കണ്ടുപിടിക്കാൻ പോകുന്നെന്നു പറയുന്നു. വാർത്ത വായിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാൾ ഓജസോടെ വയലാർ ജീവിക്കുന്നത് ശാസ്ത്രജ്ഞന്മാർ കാണുന്നില്ലേ? വയലാറിനെ പഠിച്ചാൽ മതി, മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോർമുല കിട്ടും".
വർഷങ്ങൾക്കു മുൻപ്തിരുവനന്തപുരത്ത് കൂടിയ ഒരു യോഗത്തിൽ വയലാറിനെ
പുകഴ്ത്തിപ്പറഞ്ഞ കണിയാപുരം രാമചന്ദ്രനോട് യോഗ സംഘാടകരിൽ ഒരാൾ ചോദിച്ചു,"സത്യത്തിൽ വയലാറിൽ മഹത്വം അടിച്ചേൽപ്പിക്കുകയല്ലേ?" ഇതിന് കണിയാപുരം നൽകിയ മറുപടി ഇതായിരുന്നു : "പ്രപഞ്ചത്തിൽ സൂര്യനേക്കാൾ ഊർജ്ജമുള്ള,പതിന്മടങ്ങ് വലിപ്പമുള്ള എണ്ണമറ്റ നക്ഷത്രങ്ങളുണ്ട്. എങ്കിലും നമുക്കിഷ്ടം സൂര്യനെയാണ്, കാരണം സൂര്യനാണ് മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്നത്. സൂര്യനാണ് നമുക്ക് ഇരുട്ടും വെളിച്ചവും തരുന്നത്. നമുക്കുവേണ്ടി മഴ പെയ്യിക്കുന്നത്, വൃക്ഷലതാദികളെ
തളിർപ്പിക്കുന്നത്.... അതുപോലെ വയലാറും മനുഷ്യനോട് ചേർന്ന് നിൽക്കുന്നതുകൊണ്ടാണ് അദ്ദേഹംനമുക്ക് വിലപ്പെട്ട കവിയാകുന്നത്".
മാനവികതയുടെയും മതേതരത്വത്തിന്റെയും മഹാനാദമായിരുന്നു വയലാറിന്റെ കവിതകളും ഗാനങ്ങളും.
ഗാനവും
കവിതയും തമ്മിൽ വേർതിരിക്കാനാവാത്ത വിധം ഉദാത്തമായിതീർന്ന കാവ്യ ശില്പങ്ങളിൽ കൂടി തന്റെ കാലഘട്ടത്തിലെ ജീവിതത്തോട് ശക്തമായും സത്യസന്ധമായും സൗന്ദര്യമായും സംവദിച്ച
അനശ്വര കവിയെക്കുറിച്ച് മുഖവുരയായി മാത്രം ഇത്രയും സൂചിപ്പിച്ചു എന്നേയുള്ളൂ.
വയലാറിനെ കേൾക്കാത്ത ദിവസം മലയാളികൾക്കില്ല. വയലാർ അത്രമേൽ അവരുടെ സ്വകാര്യ സ്വത്തായി മാറി. അകാലത്തിൽ നമ്മോട് വിട പറഞ്ഞ അനശ്വര കവിക്ക് പ്രണാമം.
28--10--2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: