Pages

Friday, October 11, 2024

മനുഷ്യമഹത്വത്തിന്റെ മഹാകാവ്യമെഴുതി രത്തൻ ടാറ്റ വിട പറഞ്ഞു ' പ്രൊഫ്. ജോൺ കുരാക്കാർ

 

മനുഷ്യമഹത്വത്തിന്റെ മഹാകാവ്യമെഴുതി രത്തൻ ടാറ്റ  വിട പറഞ്ഞു  '

പ്രൊഫ്. ജോൺ കുരാക്കാർ


 

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ വ്യവസായ സംരംഭകൻറെ   പേരാണു ടാറ്റ. വിശ്വാസ്യതയായിരുന്നു അതിന്റെ മുഖമുദ്ര. ഇംഗ്ലിഷുകാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞ് ആഡംബര ഹോട്ടലിന്റെ വാതിലുകൾ തനിക്കു മുന്നിൽ കൊട്ടിയടച്ച സാമ്രാജ്യത്വ ധാർഷ്ട്യത്തിനു മറുപടിയായി താജ്മഹൽ പാലസെന്ന മഹാസംരംഭം കെട്ടിപ്പൊക്കിയ ജാംഷെഡ്ജി ടാറ്റയുടെ ചോരയും നീരുമാണ് അതിന്റെ പൈതൃകം. വ്യവസായവും വ്യാപാരവും ലാഭം കൊയ്യാനുള്ള എളുപ്പവഴികളല്ലെന്നും സമൂഹത്തോട് അത് എക്കാലത്തും കടപ്പെട്ടിരിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ച പ്രസ്ഥാനമാണ് അത്. ജാംഷെഡ്ജി ടാറ്റയുടെ ഇളയ മകൻ സർ രത്തൻ ടാറ്റയാകട്ടെ ഗാന്ധിജിയെ ധാർമികമായും സാമ്പത്തികമായും പിന്തുണയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിക്കും അർഹനായി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന് എതിരായ പോരാട്ടത്തിന് 1909–13 കാലത്ത് 1.25 ലക്ഷം രൂപയാണു അദ്ദേഹം ഗാന്ധിജിക്കു സംഭാവനയായി നൽകിയത്. ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അടക്കമുള്ള പ്രസ്ഥാനങ്ങൾക്കും കയ്യയച്ചു സഹായം നൽകി. സുജനമര്യാദയും ദാനശീലവും ടാറ്റാ കുടുംബത്തിന്റെ ജനിതകത്തിൽ കലർന്നിട്ടുള്ളതാണ്.

വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റ് ചെയര്മാന്സ്ഥാനത്തേക്ക് നോയല്ടാറ്റയെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ അർധ സഹോദരനാണ് നോയൽ ടാറ്റ. നോയൽ നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ്. ടാറ്റ സൺസിൽ രണ്ട് ട്രസ്റ്റുകൾക്കും കൂടി 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

 

രത്തൻ ടാറ്റ യാത്രയാകുമ്പോൾ ബാക്കിയാവുന്നത് കർമധന്യമായൊരു പൂർണജീവിതത്തിന്റെ ശോഭ. ലോകമാകെ തിളങ്ങിയ ഇന്ത്യൻ രത്നത്തിന് ഇനി നിത്യത. വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകൾ വലുതാക്കിക്കൊണ്ടിരിക്കുമ്പോഴും ചില്ലകൾ പടർത്തിക്കൊണ്ടിരുന്ന കാരുണ്യത്തിന്റെ മഹാവൃക്ഷം കൂടിയായിരുന്നു അദ്ദേഹം. സമ്പത്തിലോ അധികാരത്തിലോ പ്രശസ്തിയിലോ അല്ല യഥാർഥ സന്തോഷമെന്നും മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലാണെന്നും വിശ്വസിച്ച ഒരാളുടെ വേർപാടാണിത്; എത്ര ഉയരത്തിലേക്കു പറന്നുപോകുമ്പോഴും ജീവിതമൂല്യങ്ങൾ കൈമോശം വരാതെ സൂക്ഷിച്ചൊരാളുടെ വിയോഗം.

ഒന്നരനൂറ്റാണ്ടിലേറെ നീണ്ട വിശ്വാസ്യതയുടെ ചരിത്രമുള്ള ടാറ്റ ഗ്രൂപ്പിന് ഇക്കഴിഞ്ഞ 33 വർഷമായി രത്തൻ ടാറ്റയുടെ മുഖമായിരുന്നു. ലോക വ്യവസായഭീമൻമാരെപ്പോലും അമ്പരപ്പിച്ച വേഗത്തിൽ ടാറ്റ ആഗോള വ്യവസായഗ്രൂപ്പായി വളർന്നത് അദ്ദേഹത്തിന്റെ കാലത്താണ്. തേയില, ഉരുക്ക്, വാഹനനിർമാണം, ഐടി, ഹോട്ടൽ വ്യവസായം, വ്യോമയാനം, റീട്ടെയ്ൽ എന്നിങ്ങനെ എത്രയോ രംഗങ്ങളിൽ, ലോകം അംഗീകരിച്ച ബ്രാൻഡുകൾ ടാറ്റ ഗ്രൂപ്പിൽനിന്നുണ്ടായി. ടെറ്റ്ലി (തേയില), ജാഗ്വർ ലാൻഡ്റോവർ (കാർ നിർമാണക്കമ്പനി), കോറസ് (സ്റ്റീൽ) എന്നീ ആഗോള ബ്രാൻഡുകളെ 2000–2008 കാലത്ത് ടാറ്റ ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെതന്നെ അഭിമാനമാണ് വാനോളമുയർന്നത്.എത്രയോ കാലം മുന്നോട്ടുകാണാനുള്ള ശേഷിയാണ് രത്തൻ ടാറ്റ ഓരോ തീരുമാനത്തിലും പ്രകടിപ്പിച്ചത്. യുഎസിൽ ഉന്നതപഠനം കഴിഞ്ഞ് ഇരുപത്തഞ്ചാം വയസ്സിൽ ടാറ്റ ഗ്രൂപ്പിൽ ചുമതലകൾ ഏറ്റെടുത്തുതുടങ്ങിയ രത്തൻ ആദ്യം പ്രവർത്തിച്ചത് സ്റ്റീൽ കമ്പനിയിൽ സാധാരണ തൊഴിലാളികളോടൊപ്പമാണ്. ഏറ്റവും താഴെത്തട്ടിലുള്ളവരുടെകൂടി അഭിപ്രായങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സ് അദ്ദേഹത്തിന് ഒരിക്കലും കൈമോശം വന്നില്ല. അന്ന് രത്തൻ ടാറ്റ ചോദിച്ചു, ‘എനിക്കൊന്നു കാണാൻ പറ്റുമോ?’; ഇന്ന് വേണ്ടെന്ന് മറുപടി, പിന്നീട് നടന്നത്!ജെ.ആർ.ഡി.ടാറ്റ 1991 പടിയിറങ്ങിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ പദവിയിലേക്കു രത്തൻ ടാറ്റ എത്തിയത്. ‘ജെആർഡിയോളം എത്തുമോഎന്ന ആശങ്ക അസ്ഥാനത്താക്കി അദ്ദേഹം, ‘ടാറ്റയെ ആഗോള ബ്രാൻഡായി വളർത്തി. ധാർമികമൂല്യമുള്ള ബിസിനസ് ഗ്രൂപ്പ് എന്ന അംഗീകാരം സമൂഹത്തിൽനിന്നു നേടാനുമായി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 5 ശതമാനമെങ്കിലും വരും ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സംഭാവന. ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു, അദ്ദേഹം.തോൽവികളിൽ തളരാത്ത നായകനായിരുന്നു രത്തൻ ടാറ്റ. സാധാരണകുടുംബങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കാർ എന്ന നിലയ്ക്കു നാനോ കാർ അവതരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ടാറ്റ നേരിട്ട എതിർപ്പുകൾ ചെറുതല്ല. ടാറ്റ മോട്ടോഴ്സിനെ തകർച്ചയുടെ ആഴങ്ങളിൽനിന്നു ക്ഷമയോടെ നയിച്ച് രാജ്യത്തെ ഏറ്റവും പ്രമുഖ കാർ ബ്രാൻഡുകളിലൊന്നാക്കി വളർത്താൻ ടാറ്റയ്ക്കായി.

സമൂഹത്തിനു തിരികെ നൽകുകഎന്ന ആശയം മുറുകെപ്പിടിച്ച് ടാറ്റ ട്രസ്റ്റ് വഴിയും അല്ലാതെയും രത്തൻ ടാറ്റ രാജ്യത്തിനേകിയ സഹായം പട്ടികയിലാക്കാനാകില്ല. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച അദ്ദേഹം ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ മുൻകയ്യെടുത്തു. ജീവിത സായാഹ്നത്തിലെത്തിയിട്ടും അദ്ദേഹം ചെറുപ്പക്കാരുടെ സ്റ്റാർട്ടപ് ആശയങ്ങളിൽ ആവേശം കൊള്ളുകയും അവർക്കു മൂലധനസഹായമേകുകയും ചെയ്തു. നൂറിലേറെ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നയിക്കുമ്പോഴും മാനുഷികത അദ്ദേഹത്തോടൊപ്പം എന്നും സഹയാത്ര ചെയ്തു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ഒരേ പരിഗണന നൽകി.  മൃഗങ്ങൾക്കുവേണ്ടി മുംബൈയിൽ ടാറ്റ തുറന്നത് 165 കോടി രൂപ ചെലവിട്ടുനിർമിച്ച ആശുപത്രിയാണ്. കണ്ണുകളിൽ പതിഞ്ഞത് ബിസിനസ് ലാഭം മാത്രമല്ല, ദൈന്യത നിറഞ്ഞ എല്ലാ മുഖങ്ങളുമാണ്. ലക്ഷക്കണക്കിനാളുകൾക്കു തൊഴിലേകിയും  ഇന്ത്യയുടെ സമഗ്രവളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയുമാണ് രത്തൻ ടാറ്റ കടന്നുപോകുന്നത്. സ്മരണയ്ക്കു മുന്നിൽ  WINDOW  OF  KNOWLEDGE  പ്രണാമം  അര്പ്പിക്കുന്നു .

 

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: