കാരുണ്യത്തിന്റെ സ്പർശം. തൊട്ടതെല്ലാം പൊന്നാക്കി രത്തൻ ടാറ്റ വിട വാങ്ങി.
പ്രമുഖ ഇന്ത്യൻ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.
ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്ത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്ത്തിപ്പിടിച്ച ഒറ്റയാന് എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവൽ ടാറ്റ.
1937 ഡിസംബർ 28, ബോംബെയില്‍ ജനനം. മാതാപിതാക്കള്‍ വേർപിരിഞ്ഞതിനാല് കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സര്വകലാശാലയില്നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. 1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.
ഒരിക്കൽ ഒരു ടെലഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: "ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?" അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണ് യഥാർഥ സന്തോഷമെന്ന് ഞാൻ അറിഞ്ഞു.
ഞാൻ ധാരാളം പണവും സ്വത്തും സമ്പാദിച്ചതാണ് ഒന്നാമത്തെ ഘട്ടം. എന്നാൽ, അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു. അന്ന് ഞാൻ വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങി. പ്രസ്തുത സന്തോഷവും കേവലം താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. വൈകാതെ ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണയും വിതരണം ചെയ്യുന്നത് എൻ്റെ സ്ഥാപനത്തിൻ്റെ ചുമതലയായി. മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. പക്ഷേ, അപ്പോഴും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.
അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്: 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന് ഒരിക്കൽ എൻ്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. ഞാൻ ഉടനെ അത് ചെയ്തുകൊടുത്തു. അപ്പോൾ അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസം ഞാൻ മനസ്സിലാക്കി!
അങ്ങനെ അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ''നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?" എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു: "എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം."
അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, പണത്തിലോ അധികാരത്തിലോ പ്രശസ്തിയിലോ അല്ല യഥാർഥ സന്തോഷമിരിക്കുന്നതെന്ന് നാം തിരിച്ചറിയുക. മറിച്ച്, മറ്റുള്ളവരെക്കൂടി നമ്മോട് ചേർത്തു പിടിക്കുന്നതിലാണ്.ഇൻഡ്യയുടെ യശസ്സ് വാനോളം ഉയർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.ലോകം കണ്ടതിൽ വച്ചു ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു രത്തൻ ടാറ്റാ.rയുഗത്തിന് തിരശ്ശീല വീണു... ആദരാഞ്ജലികളോടെ
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment