Pages

Monday, August 12, 2024

കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം പിടിമുറുക്കുന്നു

 


കേരളത്തിൽ
അമീബിക് മസ്തിഷ്കജ്വരം പിടിമുറുക്കുന്നു

 

കേരളത്തിൽ പലയിടത്തും കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം പിടിമുറുക്കുന്നതായി  വാർത്തകളിൽ കാണുന്നു .തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കണ്ണറവിള മേഖലയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇവരിൽ ഒരാൾ കഴിഞ്ഞ 23നു മരിച്ചു. രോഗത്തിനെതിരെയുള്ള  ബോധവൽക്കരണം അനിവാര്യമാണ് .സാധാരണയായി നെഗ്ലേരിയ ഫൗലെറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ അപൂർവം ആളുകൾക്കു മാത്രമാണു രോഗം വരുന്നത്. 97 ശതമാനത്തിലധികമാണു മരണനിരക്ക്. ഇതു മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. വേനൽക്കാലത്തു വെള്ളത്തിന്റെ അളവു കുറയുന്നതോടെയാണ് അമീബ വർധിക്കുന്നത്. ചേറിലെ അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇതിനെ  ബാക്ടീരിയ മൂലമുണ്ടാകുന്ന മെനിഞ്ചൈറ്റിസായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നതിനാൽ രോഗനിർണയത്തിനു ബുദ്ധിമുട്ടേറുന്നു. അതുകൊണ്ടുതന്നെ, പലപ്പോഴും അവസാനഘട്ടത്തിലാണു രോഗം കണ്ടെത്താൻ കഴിയുന്നത്. അണുബാധയ്ക്കെതിരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ചികിത്സയും പരിമിതമാണ്.നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികൾക്കു സമീപത്തെ കുളത്തിൽനിന്നാണു രോഗം ബാധിച്ചതെന്നാണ് അനുമാനം. കുളത്തിലെ ജലം ഒഴുക്കിവിടുന്നതു നൂറുകണക്കിനു കുടുംബങ്ങൾക്കു ശുദ്ധജലം എത്തിക്കുന്ന മറ്റൊരു കുളത്തിലേക്കാണെന്ന നാട്ടുകാരുടെ ആരോപണം ഗൗരവമുള്ളതാണ്.

 

ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വെള്ളം നല്ലതുപോലെ അണുവിമുക്തമാക്കി ഉപയോഗിക്കുകയെന്നതാണു രോഗബാധ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമായി ആരോഗ്യ പ്രവർത്തകർ പറയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. അതിനാൽ ജലാശയങ്ങളും നീന്തൽക്കുളങ്ങളും വൃത്തിയായി പരിപാലിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖ്യശ്രദ്ധ നൽകണം. അപൂർവരോഗം വരുമ്പോൾ ലക്ഷണമുള്ളവരുടെ പരിശോധന സർക്കാർ സൗജന്യമായി നടത്തണമെന്ന രോഗികളുടെ നിരന്തരാവശ്യം അടിയന്തരമായി നടപ്പിൽവരികയുംവേണം.നിർമാർജനം ചെയ്തുവെന്നു നാം അഭിമാനത്തോടെ പറഞ്ഞിരുന്ന പല മാരകരോഗങ്ങളും തിരിച്ചുവരുന്നതോടൊപ്പം, പുതിയ രോഗങ്ങളും കേരളത്തിന്റെ വാതിൽപടി തുറന്നുകയറുകയാണ്. ജീവനെടുത്തുകൊണ്ടുള്ള അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഇപ്പോഴത്തെ വരവിനെ ചിട്ടയായ ആസൂത്രണത്തോടെ, തികഞ്ഞ ജാഗ്രതയോടെ, കൈകോർത്തു നമുക്കു തോൽപിച്ചേ തീരൂ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: