Pages

Thursday, August 29, 2024

മലയാള സിനിമയുടെ ആത്മാഭിമാനം കളങ്കിതമായിരിക്കുന്നു ,----പ്രൊഫ്, ജോൺ കുരാക്കാർ

 

മലയാള സിനിമയുടെ ആത്മാഭിമാനം  കളങ്കിതമായിരിക്കുന്നു ,

 

 


മലയാളസിനിമ ലൈംഗിക ആരോപണങ്ങളെ  നേരിടുകയാണ് ,അഭിനേതാക്കളുടെ സംഘടനയായഅമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖും രാജിവച്ചു ; ഭാരവാഹികൾ ഒന്നടങ്കം രാജിവച്ചു . ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർചലനങ്ങളാണ്  ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത് '

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിച്ചു പരിഹാരങ്ങൾ നിർദേശിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പ്രഹരശേഷിയാണ് ഇപ്പോൾ  കാണുന്നത് ,സിനിമാരംഗത്തുള്ള സ്ത്രീകൾ പങ്കുവച്ച അനുഭവങ്ങളെഷോക്കിങ്എന്നു വിശേഷിപ്പിച്ചാണ്, അവർ അഭിമുഖീകരിക്കുന്ന ഒന്നാമത്തെ പ്രശ്നമായി ലൈംഗികാതിക്രമം ജസ്റ്റിസ് ഹേമ ചൂണ്ടിക്കാട്ടിയത്. സിനിമയിൽ അവസരം കിട്ടാൻ ലൈംഗികബന്ധം പകരം ചോദിക്കുന്നെന്നും ജോലിസ്ഥലത്തും യാത്രയിലും താമസസ്ഥലത്തും അതിക്രമം നേരിടുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ പറയുന്ന വസ്തുതകൾ ശരിവച്ചുള്ള വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകണമെന്നും റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ പറ്റുമെന്നു സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞതു ശ്രദ്ധേയമാണ്. ആരോപണവിധേയരെ സംരക്ഷിക്കാനാണു സർക്കാർ ശ്രമമെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ഏതു തൊഴിൽമേഖലയിലും സ്ത്രീകൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണശേഷിയും ചോദ്യംചെയ്യപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൂടാ. പൊതുസമൂഹത്തിന്റെ ജാഗ്രത്തായ ഇടപെടൽ കുറയുന്നുണ്ടോ എന്ന ആത്മപരിശോധനയ്ക്കുള്ള സമയംകൂടിയാണിത്. പെൺമയുടെ നേർക്കു വിവേചനത്തോടെയും ക്രൂരതയോടെയും കയ്യുയർത്താൻ ഇനിയെങ്കിലും ആർക്കും ഇവിടെ ധൈര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാവണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർനടപടികൾ. കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം .നിയമത്തിനു മുകളിൽ പറക്കാൻ ആരെയും സർക്കാർ അനുവദിക്കരുത്

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: