മഹാദുരന്തം
വയനാട് ജില്ലയിലെ ചൂരല്മലയിലും മുണ്ടക്കൈയിലും അട്ടമല ഭാഗങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടല്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. കനത്ത മഴക്കിടെയുണ്ടായ ഉരുള്‍പൊട്ടല്‍ ഗ്രാമങ്ങളെ തുടച്ചുനീക്കിയിരിക്കുകയാണ് എന്നുപറയാം. രാത്രിയുടെ അന്ത്യയാമത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരുപറ്റം മനുഷ്യരുടെ ജീവനും ജീവിതവും പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ കുത്തിയൊലിച്ചുപോവുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മരണമടഞ്ഞവരുടെ സംഖ്യ നൂറ്റിയിരുപത് ആയിരിക്കുന്നു. എന്നാല്‍ ദുരന്തത്തിന്റെ കാഠിന്യം കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യം ഇതിലും കൂടുതലായിരിക്കുമെന്ന് ആര്ക്കും ഊഹിക്കാവുന്നതേയുള്ളൂ. നിരവധിയാളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. നാല്പ്പതോളം പേര് ജീവിതത്തിനും മരണത്തിനുമിടയില്പ്പെട്ട് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. മണ്ണില്‍ പുതഞ്ഞ് ജീവനുവേണ്ടി കേഴുന്ന മൃതപ്രായരായ മനുഷ്യരെ നേരില്കണ്ടിട്ടും രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായി. നിരവധി മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തുകയായിരുന്നു. പലതും വികൃതമായ അവസ്ഥയിലാണ്. ദുരന്തത്തിന്റെ രൂക്ഷതയാണ് ഇത് വെളിപ്പെടുത്തുന്നത്. മലയിടിഞ്ഞ് മണ്ണിനടിയിലായിപ്പോയ എത്രപേരെ രക്ഷിക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. കനത്ത മഴയും മൂടല്മഞ്ഞും ഇരുട്ടും രക്ഷാപ്രവര്ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. അപ്പോഴും സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും സന്നദ്ധസംഘടനയായ സേവാഭാരതിയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത് ആശ്വാസം പകരുന്നതും മാതൃകാപരവുമാണ്.
വയനാട്ടിലെ ഇപ്പോഴത്തെ ദുരന്തം വലിയ നടുക്കമുണ്ടാക്കുന്നതാണെങ്കിലും അത് മലയാളികള്ക്ക് പുതിയ അനുഭവമല്ല. 2018 മുതല്‍ നിരവധി ഉരുള്‍പൊട്ടലുകള്‍ കേരളത്തെ നടുക്കുകയുണ്ടായി. ഇവയില്‍ അഞ്ഞൂറോളം ജീവനുകള്‍ പൊലിഞ്ഞതായാണ് കരുതപ്പെടുന്നത്. 1961 നും 2016 നുമിടയില്‍ മരണമടഞ്ഞത് 295 പേരാണെന്നോര്ക്കണം. 2018 നുശേഷം ഇത്തരം ദുരന്തങ്ങളുടെ തീവ്രത വര്ധിക്കുകയും, മരണസംഖ്യ വല്ലാതെ ഉയരുകയും ചെയ്തുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. മൂന്നുവര്ഷം മുന്പ് കോട്ടയം-ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ നിരവധി പേരുടെ ജീവനെടുത്തു. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമൊക്കെയുണ്ടായ ഉരുള്പൊട്ടലുകളുടെ ഓര്‍മകള്‍ ഇന്നും ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്നു. കവളപ്പാറയില്‍ മണ്ണിനടിയില്‍പ്പെട്ട അന്പത്തിയൊന്പതു പേരില്‍ പതിനൊന്നുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. സമാന സാഹചര്യമാണ് ഇപ്പോള്‍ ചൂരല്മലയിലും മുണ്ടക്കൈയിലുമൊക്കെയുള്ളത്. പ്രതികൂലമായ സാഹചര്യത്തിലും കാര്യക്ഷമതയോടെയുള്ള രക്ഷാപ്രവര്ത്തനം വേഗത്തിലാക്കുകയും, പരമാവധി ജീവനുകള്‍ രക്ഷിക്കുകയുമാണ് ഇപ്പോള്‍ വേണ്ടത്. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അഭിപ്രായഭിന്നതകളോ ഭരണപരമായ നടപടിക്രമങ്ങളുടെ സാങ്കേതികത്വമോ ഒന്നും തടസ്സമാവരുത്. എല്ലാ കേന്ദ്രങ്ങളില്നിന്നുമുള്ള സഹായം സ്വീകരിക്കേണ്ടതുണ്ട്. ദുരന്തവിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്ക്കും പരിക്കേറ്റവര്ക്കും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭങ്ങളെ നമുക്ക് തടയാനാവില്ലെന്നും, അനുഭവിച്ചേ മതിയാവൂ എന്നൊരു ധാരണ പൊതുവെയുണ്ട്. പണ്ടുകാലത്തെ പേമാരിയും വെള്ളപ്പൊക്കവുമൊക്കെയാണ് ഇങ്ങനെയൊരു ധാരണ രൂപപ്പെടുത്തിയത്. എന്നാല്‍ കേരളം കുറെക്കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉരുള്പൊട്ടലുകളും മണ്ണിടിച്ചിലുകളും പ്രളയങ്ങളുമൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. അത് ഒരര്‍ത്ഥത്തില്‍ മനുഷ്യസൃഷ്ടിയാണ്. വന്മരങ്ങള് പിഴുതെടുത്തുണ്ടായ ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞാണ് കവളപ്പാറ ദുരന്തം സംഭവിച്ചതെന്ന കണ്ടെത്തലുണ്ട്. അനധികൃതമായി പ്രവര്ത്തിക്കുന്ന നൂറുകണക്കിന് കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടലുകള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിച്ച് മാധവ് ഗാഡ്ഗില്‍ തന്നെ സര്ക്കാരിന് സമര്പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശ്ചിമഘട്ടം തകര്ന്നിരിക്കുകയാണെന്നും, ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ദുരന്തമാണ് കേരളത്തെ കാത്തിരിക്കുന്നതെന്നുമുള്ള ഗാഡ്ഗിലിന്റെ വാക്കുകള്ക്ക് സംസ്ഥാനം ഭരിച്ചവരും, സ്ഥാപിത താല്പ്പര്യക്കാരായ സംഘടിത വിഭാഗങ്ങളും വിലകല്പ്പിച്ചില്ല. ഇക്കൂട്ടര്‍ ഒറ്റക്കെട്ടായി ഗാഡ്ഗിലിനെ നാടുകടത്തുകയാണുണ്ടായത്. പ്രകൃതി സംരക്ഷണം അതീവ ഗൗരവമുള്ള ഒരു കാര്യമാണെന്ന ബോധം ഭരിക്കുന്നവര്ക്കും ജനങ്ങള്ക്കും ഒരുപോലെ ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വയനാട്ടിലെ ദുരന്തത്തില്പ്പെട്ട അവസാനത്തെയാളെയും രക്ഷപ്പെടുത്താനുള്ള ശ്രമമുണ്ടാവണം. മൃതദേഹങ്ങള്‍ കണ്ടെടുക്കണം. മാനുഷികമായ കടമയാണത്. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യണം.
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment