കേരളം മാലിന്യ കൂമ്പാരം -പരിസരശുചിത്വം പാലിക്കാൻ സാമൂഹിക-സാംസ്കാരിക സംഘടനകൾ രംഗത്തു വരണം .
കേരളത്തിൽ പ്രതിദിനം ഉണ്ടാകുന്നത് പന്ത്രണ്ടായിരത്തിലേറെ ടൺ ഖരമാലിന്യമാണ്. 2016-ലെ ഖരമാലിന്യസംസ്കരണച്ചട്ടപ്രകാരം മാലിന്യനിയന്ത്രണത്തിനുള്ള ബാധ്യത തദ്ദേശഭരണസ്ഥാപനങ്ങൾക്കാണ്.
പരിസര ശുചിത്വം നടപ്പിലാക്കാൻ
സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ തദ്ദേശഭരണ സ്ഥാപങ്ങളുമായി
കൈകോർക്കണം .മാലിന്യം വീണ്ടെടുക്കൽ, വീണ്ടും ഉപയോഗിക്കൽ, പുനഃചംക്രമണംചെയ്യൽ എന്ന ത്രിമുഖതന്ത്രമാണ് ഇതിനായി ചട്ടത്തിൽ അനുശാസിച്ചിട്ടുള്ളത്. എന്നാൽ, നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ വളരെക്കുറച്ചെണ്ണംമാത്രമേ ഇക്കാര്യത്തിൽ പൂർണവിജയം കൈവരിച്ചിട്ടുള്ളൂ. വിജയംനേടാത്ത സ്ഥാപനങ്ങൾ അലംഭാവംപുലർത്തിയതാണെന്നു കരുതാനാകില്ല. വിഭവശേഷിയുടെ പരിമിതികളും മനുഷ്യരുടെ അഭിലഷണീയമല്ലാത്ത പ്രവൃത്തികളുമാണ് പരാജയത്തിന്റെ മുഖ്യകാരണങ്ങൾ. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യകേന്ദ്രത്തിലുണ്ടായ അഗ്നിബാധയും ഈയിടെ തിരുവനന്തപുരത്ത് ജലാശയത്തിലെ മാലിന്യംനീക്കാനിറങ്ങിയ തൊഴിലാളി ദാരുണമായി മരിച്ചതും കേരളം നേരിടുന്ന മാലിന്യവിപത്തിന്റെ ശക്തമായ സൂചനകളായിരുന്നു. ഈ പ്രശ്നം മലയാളിയുടെ ജീവിതശൈലീമലിനീകരണത്തിന്റെതന്നെ പ്രതിഫലനമാണെന്നുപറഞ്ഞാൽ അതിശയോക്തിയാകില്ല. മാലിന്യം കൈകാര്യംചെയ്യുന്നകാര്യത്തിൽ ആളുകളിൽ മനോഭാവമാറ്റമുണ്ടാക്കുകയെന്നതാണു പ്രധാനമെങ്കിലും അതൊരു അനുക്രമപ്രക്രിയയാകയാൽ അടിയന്തരപരിഹാരത്തിന് ഭരണകൂടത്തിന്റെ ശക്തവും സക്രിയവുമായ ഇടപെടൽതന്നെ വേണം. ആറുമാസത്തെ ജനകീയപ്രചാരണത്തിലൂടെ കേരളത്തെ സമ്പൂർണമാലിന്യമുക്തമാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനവും അക്കാര്യം ചർച്ചചെയ്യുന്നതിനായി വിളിച്ചുചേർത്ത സർവകക്ഷിയോഗവും ആ ദിശയിലുള്ള നീക്കമാണ്.
ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിനാരംഭിച്ച് അന്താരാഷ്ട്ര മാലിന്യമുക്തിദിനമായ അടുത്ത മാർച്ച് 30 വരെ നീളുന്നതാണ് സംസ്ഥാനസർക്കാർ ആസൂത്രണംചെയ്യുന്ന മാലിന്യമുക്ത നവകേരള പ്രചാരണപരിപാടി. മാർച്ച് 30-ന് സമ്പൂർണശുചിത്വകേരള പ്രഖ്യാപനമുണ്ടാകും. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇല്ലെന്നും കേരളത്തിലേക്കു കടത്തുന്നില്ലെന്നും ഉറപ്പാക്കും. ഇത് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധനവരും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, സംഭരിക്കുന്നവർ എന്നിവർക്കെതിരേ കടുത്തനടപടിയുണ്ടാകും. പ്ലാസ്റ്റിക് പദാർഥങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ബോധവത്കരണവുമുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ നിർമിതബുദ്ധിക്യാമറകൾ സ്ഥാപിക്കുക, ജനപങ്കാളിത്തത്തോടെ വിജിലൻസ് സ്ക്വാഡിന്റെയും പോലീസിന്റെയും പരിശോധനകൾ ശക്തമാക്കും
മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതിനും തരംതിരിക്കുന്നതിനും ഉറവിടത്തിൽ സംസ്കരിക്കുന്നതിനും അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനയ്ക്കു കൈമാറുന്നതിനുമുള്ള പ്രവർത്തനം ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണു തീരുമാനം. അതേസമയം, റോഡരികുകളിലും ജലാശയങ്ങളിലും പുറമ്പോക്കുകളിലുമൊക്കെ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാൻ ഒരു തീവ്രയജ്ഞപരിപാടി നടപ്പാക്കേണ്ടതല്ലേ? ഇന്നാട്ടിലെ രാഷ്ട്രീയകക്ഷികളും സാമൂഹിക-സാംസ്കാരിക സംഘടനകളുമൊക്കെ കൈകോർത്താൽ ഒറ്റദിവസംകൊണ്ട് അത്തരം മാലിന്യക്കൂമ്പാരങ്ങൾ നീക്കംചെയ്ത് പരിസരശുചിത്വം ഉറപ്പാക്കാവുന്നതേയുള്ളൂ. മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മിന് സംസ്ഥാനത്ത് അമ്പതുലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്നാണു കണക്ക്. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസും അംഗസംഖ്യയിൽ അത്ര പിന്നിലല്ല. ബി.ജെ.പി.ക്കും മുസ്ലിംലീഗിനും ഇരുപത്തിയഞ്ചുലക്ഷത്തോളമാണ് അംഗബലം. ഈ സംഘടനകളുടെയൊക്കെ പ്രവർത്തകരെയും സജീവാംഗങ്ങളെയും ഒരുദിവസം അണിനിരത്തിയാൽത്തന്നെ നാട്ടിലൊരു മാലിന്യനിർമാർജനമാമാങ്കം സംഘടിപ്പിക്കാവുന്നതേയുള്ളൂ. സർവകക്ഷിയോഗത്തിൽ ഉരുത്തിരിഞ്ഞ സമവായത്തിന്റെ ഉത്സാഹം ഇത്തരമൊരു യജ്ഞത്തിനുള്ള ആലോചനയിലേക്കു നീങ്ങട്ടെ. അത് അധികം വെച്ചുതാമസിപ്പിക്കുകയുംവേണ്ടാ. ഓണമാകുമ്പോഴേക്കു കേരളം മാലിന്യമുക്തമായ മാവേലിനാടായിമാറട്ടെ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment