കെ.എസ്.ആർ.ടി.സി യെ രക്ഷപെടുത്താൻ ആർക്കെങ്കിലും കഴിയുമോ ?
കെ.എസ്.ആർ.ടി.സി യെ എങ്ങെനെയെങ്കിലും
രക്ഷപെടുതണമെന്ന
ആഗ്രഹത്തോടെ
വരുന്ന പലരും
നിരാശയോടെ മടങ്ങുകയാണ് പതിവ് .കേരളത്തിൽ സാധാരണമനുഷ്യരുടെ ജീവിതവുമായി ഏറ്റവുമടുത്തുനിൽക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.ആർ.ടി.സി. പക്ഷേ, ഈ സ്ഥാപനം മിക്കപ്പോഴും വാർത്തകളിലെത്തുന്നത് നല്ല കാരണങ്ങൾകൊണ്ടല്ല. ഏറെനാളായി സാമ്പത്തികപ്രതിസന്ധിയിൽ വലയുകയാണു സ്ഥാപനം. കാര്യക്ഷമത വർധിപ്പിക്കാൻ മുൻകാലസാരഥികൾ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായിട്ടില്ല. കെ.എസ്.ആർ.ടി.സി. ബസിന് സാമൂഹികമാധ്യമങ്ങളിലുംമറ്റുമുള്ള ‘ആനവണ്ടി’ എന്ന വിളിപ്പേരിന്റെ ഉദ്ഭവം അജ്ഞാതമാണെങ്കിലും സ്ഥാപനം വെള്ളാനയാണെന്ന ധാരണ ജനമനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നതാണു പുതിയ വാർത്ത. 2015-’16 സാമ്പത്തികവർഷത്തിൽ 2519.77 കോടി രൂപയായിരുന്നു കടം. ഇപ്പോഴത് 15,281.92 കോടി രൂപയായി. ഇതിൽ 12,372.59 കോടി രൂപയും സർക്കാരിൽനിന്നുള്ള വായ്പയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുഗതാഗതസ്ഥാപനമാണ് ഇങ്ങനെ സ്വന്തംകാലിൽ നിൽക്കാനാകാത്ത ദുരവസ്ഥയിൽ തുടരുന്നത് എന്നതു കഷ്ടമാണ്. വരുമാനമൊക്കെ
ഉയരുന്നതായിട്ടാണ്
കണക്കുകൾ കാണിക്കുന്നത് .മേൽപ്പറഞ്ഞ കാലയളവിൽ പ്രതിദിനവരുമാനം 4.89 കോടി രൂപയിൽനിന്ന് 7.65 കോടി രൂപയായി ഉയർന്നിട്ടുണ്ട്. സ്ഥിരജീവനക്കാരുടെ എണ്ണം കുറഞ്ഞു. 2016-ൽ 35,842 സ്ഥിരജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 22,402 പേരേയുള്ളൂ- 37.49 ശതമാനത്തിന്റെ കുറവ്. എന്നിട്ടും കെ.എസ്.ആർ.ടി.സി.യുടെ ചെലവ് വരവിനെക്കാൾ കൂടുതലാണ്; വാർഷികവരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയും. വരവിനെക്കാൾ 981.57 കോടി രൂപ കൂടുതലാണു ചെലവ്. ഇത് സ്ഥാപനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 2015-’16 കാലത്ത് ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 3500 ബസാണുള്ളത്. ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടും വരവും ചെലവും കൂട്ടിമുട്ടിക്കാനാകാത്ത സ്ഥിതിയാണ്.ഇതിനുപുറമേ, കെ.എസ്.ആർ.ടി.സി. വിവിധ ധനകാര്യസ്ഥാപനങ്ങൾക്കായി നൂറുകോടിയിലേറെ രൂപ നൽകാനുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കിനൽകേണ്ട പണം അടയ്ക്കുന്നില്ല.
ജീവനക്കാരുടെയും ബസുകളുടെയും എണ്ണംതമ്മിലുള്ള അനുപാതം ഉയർന്നുനിൽക്കുന്നതാണ് കെ.എസ്.ആർ.ടി.സി.യുടെ നഷ്ടക്കണക്കിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുകളിൽ സൂചിപ്പിച്ച കണക്കുപ്രകാരം, ശരാശരി 3500 ബസിന് 22,402 ജീവനക്കാരുണ്ട്. ഈ അനുപാതം ദേശീയശരാശരിയെക്കാൾ കൂടുതലാണെന്നാണു വിദഗ്ധാഭിപ്രായം. ആയിരത്തിലേറെ ബസുകൾ വിവിധ ഡിപ്പോകളിലായി ഉപയോഗിക്കാതെകിടക്കുന്നുണ്ട്. ഇവ സർവീസിനു യോഗ്യമാക്കി നിരത്തിലിറക്കണം. സമാന്തര-സ്വകാര്യ സർവീസുകൾ നിയമവഴികളിലൂടെ തടഞ്ഞ് ദേശസാത്കൃത റൂട്ടുകൾ തിരിച്ചുപിടിക്കണം. സംസ്ഥാനത്തിനകത്തും പുറത്തുമായി കെ.എസ്.ആർ.ടി.സി.ക്കുള്ള സ്ഥാവരസ്വത്തുക്കൾ ക്രിയാത്മകമായി വിനിയോഗിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാനും സാധിക്കണം. അങ്ങനെയൊക്കെ സ്വന്തംകാലിൽ നിൽക്കാൻ ശേഷിയാർജിക്കുകയല്ലാതെ സ്ഥാപനത്തിന് മറ്റു രക്ഷാകവാടങ്ങളൊന്നുമില്ല. സംസ്ഥാനത്തെ സുപ്രധാനമായ ഈ പൊതുഗതാഗതസംവിധാനം ഓജസ്സോടെ നിലനിൽക്കുന്നതാണു ജനത്തിനുകാണേണ്ടത്. സർക്കാർസഹായത്തോടെ എക്കാലവും ഉന്തിയുംതള്ളിയും മുന്നോട്ടുനീങ്ങാമെന്നു കരുതരുത്.സി.എം.ഡിയായിരുന്ന
ടോമിൻ കെ. തച്ചങ്കരി സ്ഥാനമൊഴിഞ്ഞപ്പോൾപറഞ്ഞ ഒരു കാര്യമുണ്ട്. ‘കെ.എസ്.ആർ.ടി.സി യിലെ ജീവനക്കാരുടെ മൊത്തം സാമാന്യ ബോധവും തൊഴിലാളി യൂണിയൻ നേതാക്കൾ സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാം ആവശ്യത്തിന്
വേണം .അനാവശ്യത്തിന്
ആകരുത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment