Pages

Thursday, June 27, 2024

സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ കഴിയാതെ പോലീസ് സംഘം മടങ്ങിപോകുന്ന കാഴ്ച അതി ദയനീയം തന്നെ.

 

സുപ്രീം കോടതിയുടെ വിധി നടപ്പാക്കാൻ കഴിയാതെ  പോലീസ്  സംഘം മടങ്ങിപോകുന്ന കാഴ്ച അതി ദയനീയം തന്നെ.


 

അങ്കമാലി ഭദ്രാസനത്തിലെയും തൃശൂർ ഭദ്രാസനത്തിലെയും ആറ് പള്ളികളിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം നടപ്പിൽ വരുത്തുവാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. പലപ്പോഴും ഓർത്തഡോക്സ് സഭയുടെ വൈദികരെയും വിശ്വാസികളെയും വിധി നടപ്പാക്കുവാൻ പോകുന്നു എന്ന് ധരിപ്പിച്ച് വിളിച്ചു വരുത്തുകയും, എന്നാൽ ഏതാനും യാക്കോബായക്കാരുടെ പ്രതിഷേധം മുൻനിർത്തിക്കൊണ്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

 ഇങ്ങനെയാണോ വിധി നടപ്പാക്കുന്നത്?

വിധി നടപ്പാക്കുന്ന ദിവസം നേരത്തെ തന്നെ യാക്കോബായ വിഭാഗത്തെ അറിയിക്കുകയും ഇത് പ്രതിരോധിക്കാൻ അവിടെ ആളുകളെ കൂട്ടി വരുത്തുകയും ചെയ്യുവാനുള്ള സാവകാശവും അവസരവും നൽകിയാണോ വിധി നടപ്പിലാക്കേണ്ടത്. ആൾക്കൂട്ടത്തെ പോലീസ് ഭയന്നാൽ എങ്ങനെ വിധി നടപ്പിലാക്കും?

വൻ സംഘർഷം ഉണ്ടാകും എന്ന് കാട്ടി കോടതിവിധി നടപ്പാക്കാതിരിക്കുവാനുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവൃത്തി രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥിതിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

60 ലധികം വലിയപള്ളികളിൽ  വിധി നടപ്പിലാക്കിയ രീതി മുന്നിലുണ്ടല്ലോ. വലിയ രക്തച്ചോരിച്ചിൽ ഉണ്ടാകുമെന്ന് പറഞ്ഞ സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് വിധി സമാധാനപരമായി നടപ്പാക്കിയാ ഉദ്യോഗസ്ഥർ ഉള്ള നാടാണ് കേരളം.   ജുഡീഷ്യറിക്ക് നേരെ  സർക്കാർ മുഖം തിരിച്ചാൽ അവിടെ ജനാധിപത്യം ഇല്ലാതാകും. ഓടക്കാലി പള്ളിയിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിൽ മലങ്കരസഭയ്ക്ക് അനുകൂലമായ കോടതിവിധി വന്നിട്ട് ഏകദേശം ആറുവർഷത്തോളമായി. നാളിതുവരെയുമായി അത് നടപ്പാക്കുവാൻ ആവശ്യമായ ഫലപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എത്രകാലം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ കഴിയും.

നിയമലംഘനം നടത്തി കോടതിയുടെ നിരോധനം ലംഘിച്ച് പള്ളി കോമ്പൗണ്ടിൽ നില ഉറപ്പിച്ചിരിക്കുന്നവർ കോടതി വിധിയുമായി ചെന്ന വൈദികരെയും വിശ്വാസികളെയും തടയുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് നിയമവ്യവസ്ഥിതിയോടുള്ള കനത്ത വെല്ലുവിളിയാണ്. ഇങ്ങനെ ആയാൽ കേരളത്തിൽ എങ്ങനെ നീതി നടപ്പാകും

 

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: