കലിതുള്ളി വരുന്ന കാലവർഷം വരുത്തിവയ്ക്കുന്ന
ദുരിതത്തിന്റെ നഷ്ടപരിഹാരം
സർക്കാർ കൊടുത്തു തീർക്കുന്നില്ല
കലിതുള്ളുന്ന ഓരോ കാലവർഷവുമുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാനത്തെ എത്രയോ പേരുടെ കണ്ണീരുകൊണ്ടാണ് എഴുതാറുള്ളത്. ഏതു പ്രതികൂല സാഹചര്യത്തിലും താങ്ങും തുണയുമായി ഒപ്പമുണ്ടാകേണ്ട സർക്കാർതന്നെ കൈമലർത്തുമ്പോൾ ഇവരുടെ ആത്മവിശ്വാസം തളർന്നുപോകുന്നു.
കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെയുള്ള സർക്കാരിന്റെ മെല്ലെപ്പോക്ക് അപലപനീയമാണ്. വീണ്ടുമൊരു മഴക്കലിക്കാലത്തിലേക്കു പ്രവേശിച്ച കേരളത്തിൽ എത്രയോ പേർ തകർന്ന വീടുകളിലാണ് ഇപ്പോഴും കഴിയുന്നതെന്ന് ഓർത്തിരുന്നെങ്കിൽ, അവരുടെ ആശങ്ക തിരിച്ചറിഞ്ഞിരുന്നെങ്കിൽ സർക്കാർ ഈ നഷ്ടപരിഹാരത്തുക ഇതിനകം നൽകുമായിരുന്നു.
കഴിഞ്ഞ കാലവർഷത്തിൽ സംസ്ഥാനത്ത് 93 വീടുകൾ പൂർണമായും 2108 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇതിൽ പൂർണമായി വീടു തകർന്നവർക്കുമാത്രമാണ് ഒരു ഗഡു തുകയെങ്കിലും ലഭിച്ചത്. പൂർണമായി വീടു തകർന്നാൽ നാലു ലക്ഷം രൂപയാണു പരമാവധി ലഭിക്കുക. ഭാഗികമായി തകർന്നാൽ തദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗം പരിശോധിച്ചാണ് നഷ്ടപരിഹാരത്തിന്റെ തോതു കണക്കാക്കുന്നത്. സംസ്ഥാന ദുരന്തപ്രതികരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽനിന്നാണ് തുക അനുവദിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം തുക നൽകിയിട്ടില്ലെന്നാണു റവന്യു വകുപ്പിൽനിന്നു ലഭിക്കുന്ന വിവരം.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും കൊടുത്തുതീർക്കാനുണ്ട്. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചവർക്ക് 43 കോടി രൂപയും വിള ഇൻഷുറൻസ് ഇനത്തിൽ 26 കോടിയുമാണ് നൽകാൻ ബാക്കിയുള്ളത്. ധനവകുപ്പിന്റെ നിയന്ത്രണമുള്ളതുകൊണ്ടാണ് വിള ഇൻഷുറൻസ് കുടിശിക കൊടുത്തുതീർക്കാനാകാത്തതെന്നും ഇക്കാര്യം ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കൃഷി വകുപ്പ് പറയുന്നു.
കേരളത്തിലെ കർഷകരുടെ കണ്ണീരു തുടയ്ക്കാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ നമ്മുടെ കർഷകരിൽ വലിയൊരു പങ്കും ജീവിതവും കൃഷിയും എങ്ങനെ തിരിച്ചുപിടിക്കണമെന്നറിയാതെ അന്തിച്ചുനിൽക്കുമ്പോഴാണ് പ്രകൃതിക്ഷോഭങ്ങൾ കഠിനസാഹചര്യങ്ങളിലേക്കു തുടർച്ചയായി എടുത്തെറിയുന്നത്.
കഴിഞ്ഞ കാലവർഷക്കെടുതിക്കുള്ള നഷ്ടപരിഹാരത്തുകതന്നെ നമ്മുടെ കർഷകർക്കു കൊടുത്തുതീർക്കാനുള്ളപ്പോഴാണ് വരൾച്ചക്കാലം കനത്ത നാശമുണ്ടാക്കിയത്. കടുത്ത വരൾച്ചയും വേനൽമഴയും മൂലം മൂന്നു മാസത്തിനിടെ സംസ്ഥാനത്തെ കൃഷിനാശം 423 കോടിയിലേറെ രൂപയാണ്. സർക്കാർ പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും, വരൾച്ചാ ദുരിതാശ്വാസം ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചുവരികയാണെന്നാണു കൃഷിവകുപ്പ് അധികൃതർ പറയുന്നത്.
കടുത്ത വരൾച്ചയിലും വേനൽമഴയിലും ഏറ്റവും കൂടുതൽ കൃഷിനാശം ഇടുക്കി ജില്ലയിലാണ്. പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകൾ തൊട്ടടുത്തുണ്ട്. ഏലം, നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ വിളകൾക്കെല്ലാം വൻനാശമുണ്ടായി. ബാങ്ക് വായ്പയെടുത്തു കൃഷി ചെയ്തവർ തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വലിയ പ്രതിസന്ധിയിലാണ്. ഇതിനുപുറമേയാണ് ഈ കാലവർഷം എത്രത്തോളം നാശമുണ്ടാക്കുമെന്ന ആശങ്ക
തുടർപ്രളയങ്ങളിലുണ്ടായ കനത്തനാശത്തിനും കോവിഡ്കാല സ്തംഭനത്തിനും ശേഷം അത്യധികം ക്ലേശിച്ചു പുതുജീവിതത്തിലേക്കു തിരിച്ചുവരവിനൊരുങ്ങിയ കർഷകരിൽ ഒട്ടേറെപ്പേരെ തുടർച്ചയായി ഉണ്ടാവുന്ന പ്രതിസന്ധികൾ തകർക്കുകയാണെന്നു സർക്കാർ തിരിച്ചറിഞ്ഞേതീരൂ. കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള ആശ്വാസനടപടികളിൽ ഒരു കാരണവശാലും അമാന്തമുണ്ടാകരുത്. പ്രതിസന്ധികൾക്കുമുന്നിൽ നമ്മുടെ കർഷകർ തോൽക്കാതിരിക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങു വേണം.
പ്രളയവും കൊടുംവേനലുമെല്ലാം നിസ്സഹായതയോടെ അനുഭവിക്കുന്നവരുടെ ജീവിതംകൊണ്ടെഴുതിയ സങ്കടഹർജികൾക്കു പരിഹാരമാകാത്തത് ഒരു ജനകീയ സർക്കാരിനു ഭൂഷണമല്ലതന്നെ. അരക്ഷിതാവസ്ഥ നിഴലിടുന്ന കണ്ണുകളുമായി ഒട്ടേറെ മനുഷ്യർ സഹായത്തിനു കാത്തിരിക്കുന്നതു ഭരണകൂടം കാണാതിരുന്നുകൂടാ.
പ്രൊഫ്;. ജോൺ കുരാക്കാർ
No comments:
Post a Comment