Pages

Friday, June 21, 2024

കണ്ണീരിൻറെ കഥ പറയുന്ന ബോംബിൻറെ നാടായ കണ്ണൂർ---പ്രൊഫ്. ജോൺ കുരാക്കാർ

 

കണ്ണീരിൻറെ  കഥ പറയുന്ന  ബോംബിൻറെ  നാടായ കണ്ണൂർ



കേരളത്തിലെ  കണ്ണൂർ  ജില്ലയിലെ  ഒരു പ്രധാനപെട്ട വ്യവസായമാണ് നാടൻ ബോംബ് നിർമാണം. മറ്റു എല്ലാ വ്യവസായങ്ങളും  ഇല്ലാതെയായി .സർക്കാർ പറയുന്നു അനധികൃത ബോംബു നിർമ്മാണമാണെന്ന് . അനധികൃത ബോംബു നിർമ്മാണസംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിൽ അതിൻ്റെ കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പ് കേട് ആണെന്നു സമ്മതിക്കുന്നതല്ലേ നല്ലത് .ആരെയോ ലക്ഷ്യമിട്ട് ആരോ നിർമിച്ച ബോംബിന് നിരപരാധികൾ ഇരയാകുന്ന ക്രൂരത കണ്ണൂരിന്റെ മണ്ണിൽ ആവർത്തിക്കുന്നു. രാഷ്ട്രീയ അക്രമങ്ങളും സംഘർഷങ്ങളും വലിയ തോതിൽ കുറയുമ്പോഴും മണ്ണിൽ ഇപ്പോഴും ബോംബ് സ്ഫോടനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എരഞ്ഞോളി കുടക്കളത്തെ 85-കാരൻ വേലായുധൻ.2023 ജൂലായ് ആറിന് മട്ടന്നൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ അച്ഛനും മകനും മരിച്ച്ഒരുവർഷം തികയും മുൻപാണ് തലശ്ശേരിയിൽ ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. മട്ടന്നൂർ കാശിമുക്കിൽ ആക്രിപെറുക്കുന്നതിനിടെയാണ് ഫസൽ ഹഖ് (54), ഷഹിദുൾ (25) എന്നിവർ മരിച്ചത്. 2023 ഡിസംബർ 24-ന് തലശ്ശേരി പാട്യത്ത് ആക്രിസാധനങ്ങൾക്കിടയിൽനിന്ന് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശിക്കും രണ്ട് മക്കൾക്കും പരിക്കേറ്റിരുന്നു. ദുബ്രി ജില്ലയിലെ സെയ്ദലി (45), മക്കളായ നൂറുദ്ദീൻ (10), അബ്ദുൾ മുത്തലിബ് (എട്ട്) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്.കുട്ടികളടക്കം പലർക്കും ഇത്തരം സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. മൃഗങ്ങളും ബോംബിന് ഇരയായിട്ടുണ്ട്. എന്നാൽ, ഇത്തരം കേസുകളിൽ ഒന്നിൽ പോലും ബോംബ് നിർമിച്ചവരെയോ ഒളിപ്പിച്ചവരെയോ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായിട്ടില്ല. കണ്ണൂരിൽ യുദ്ധം വല്ലതും നടക്കുന്നുണ്ടോ ?കരയുദ്ധം നടത്തുന്ന സൈനികരുടെ പേടിസ്വപ്നമാണ് ശത്രുസൈന്യം മണ്ണിൽ ഒളിച്ചുവയ്ക്കുന്ന കുഴിബോംബുകൾ. യുദ്ധം അവസാനിച്ചശേഷവും അവ ജീവൻ കവരാറുണ്ട്. എന്നോ ഒളിച്ചുവച്ച കുഴിബോംബുകൾ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെടുകയും അംഗവിഹീനരാവുകയും ചെയ്യുന്ന സംഭവങ്ങൾ പല രാജ്യങ്ങളിൽനിന്നു നാം കേട്ടുപോരുന്നു. കേരളം അത്തരമൊരു യുദ്ധഭൂമിയല്ലെങ്കിലും കണ്ണൂർ ജില്ലയ്ക്ക് അനുഭവിക്കേണ്ടിവരുന്നതു സമാനമായ ജീവഭീഷണിയാണ്. ജീവനെടുക്കുന്ന ബോംബ് സ്ഫോടനങ്ങൾ ആവർത്തിക്കുമ്പോൾ നടുങ്ങുന്നത് ജില്ലയിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം ജനങ്ങളാണ്. അക്രമരാഷ്ട്രീയത്തിന്റെ മുറിവുകളും പേറി എത്രയോ പേർ ജീവിക്കുന്ന നാട് ഇനിയും പ്രാകൃതത്വത്തിന്റെ വിലാസം പേറാൻ ആഗ്രഹിക്കുന്നില്ല. ചവിട്ടിനടക്കുന്ന ഭൂമിയെപ്പോലും വിശ്വസിക്കാൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഭയപ്പെടുകയാണ്. എവിടെയും ഏതുനിമിഷവും എന്തും പൊട്ടിത്തെറിക്കാമെന്ന തോന്നലിൽനിന്നുണ്ടാകുന്ന അരക്ഷിതാവസ്ഥ അവരെ അസ്വസ്ഥരാക്കുന്നു. ബോംബിനുമുകളിൽ തലവച്ചുറങ്ങേണ്ടിവരുന്നവരുടെ ആശങ്കകൾ രാഷ്ട്രീയക്കാർ കാണാതെപോവുന്നതെന്തുകൊണ്ടാണ് ?

ബോംബ് രാഷ്ട്രീയം നിർത്താറായില്ലേ ?ബോംബ് നിർമാണവും പ്രയോഗവും രാഷ്ട്രീയപ്രവർത്തനമായി കൊണ്ടുനടക്കുന്നവർ എതിരാളികളുടെ മാത്രമല്ല, നിരപരാധികളുടെയും ജീവനെടുക്കുകയാണ്. ഉപേക്ഷിക്കപ്പെട്ടതോ ഒളിച്ചുവച്ചതോ ആയ ബോംബുകൾ പൊട്ടിത്തെറിച്ച് ആളുകൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ മേഖലയിൽ ആവർത്തിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ബോംബുകൾ പൊട്ടിത്തെറിച്ചു മരിച്ചവരും പരുക്കേറ്റവരും അവയവങ്ങൾ നഷ്ടപ്പെട്ടവരും ഇവിടെ ഏറെയുണ്ട്. വഴിയിലുപേക്ഷിച്ചുപോയ ബോംബുകൾ പൊട്ടി പരുക്കേറ്റവരിലേറെയും കുട്ടികളാണുതാനും. വഴിയോരത്തു കിടക്കുന്ന വസ്തു ബോംബാണെന്നറിയാതെ കൈകാര്യം ചെയ് കുട്ടികളാണ് അപകടത്തിൽപെട്ടത്.

വീടുകളിലേക്ക് ബോംബേറ്, ജീവിക്കാൻ അനുവദിക്കില്ല; പിന്നിൽ സിപിഎം’; പരാതിയുമായി നാട്ടുകാർ.ജില്ലയിൽ പലയിടത്തും ബോംബ് തേടി പൊലീസ് പരിശോധന നടത്തുകയുണ്ടായി. ബോംബ് സ്ഫോടനമുണ്ടാകുമ്പോൾമാത്രം നടത്താറുള്ള പതിവുപ്രഹസനത്തിനപ്പുറമുള്ള ജാഗ്രത പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പൊലീസ് മാത്രം വിചാരിച്ചാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നതും വാസ്തവം. ബോംബ് നിർമാണവും സ്ഫോടനവും നടക്കുന്ന മേഖലകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ കേന്ദ്രങ്ങളാണ്. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോഴുണ്ടായ അപകടമെന്ന നിലയിലാണ് മിക്ക ബോംബ് കേസുകളും അവസാനിക്കുന്നത്. സ്ഫോടനങ്ങളുണ്ടാകുമ്പോൾ ആരുടെ ശക്തികേന്ദ്രത്തിലാണു പൊട്ടിയതെന്നു തർക്കിക്കുന്ന രാഷ്ട്രീയകക്ഷി നേതാക്കളും യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടുന്നു.ആരുടെ ജീവനായാലും അത് അത്രയും വിലപ്പെട്ടതാണ്; അതിലേക്കു വഴിവച്ച സാഹചര്യം ആവർത്തിക്കപ്പെടാനും പാടില്ല. പൊലീസിന്റെ കർശന ഇടപെടലും നാട്ടുകാരുടെ ജാഗ്രതയുമാണ് അക്രമികളെ ഒറ്റപ്പെടുത്താനുള്ള വഴികൾ. ഒപ്പം, അണികളെ വിവേകശാലികളാക്കി കൂടെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥമായി പരിശ്രമിക്കുകയും വേണം.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: